സ്കൂൾ വിട്ടുവരുന്ന വൈകുന്നേരങ്ങളിൽ
ചാച്ഛൻ വീട്ടിലേക്കുള്ള സാധനങ്ങൾ
വാങ്ങിത്തരുന്നതും കാത്ത്,
ആണുങ്ങൾ കാൽപ്പന്തുകളിക്കുന്ന
മൈതാനത്തിന്റെ മൂലക്ക്,
ഞാൻ ഇരിക്കാറുണ്ടായിരുന്നു.
വല്ലപ്പോഴുവാ പന്ത്
എന്റടുത്തേക്കുരുണ്ടുവന്നു.
ചിലപ്പോ പറന്നു വന്നു.
ഒരിക്കൽ നെറ്റിയിൽ വന്നിടിച്ച്
മതിലിനപ്പുറത്തേക്ക് തെറിച്ചു പോയി.
എന്തേലും പറ്റിയോ മോളേന്ന്
ഓടിവന്ന കളിക്കാരെ
ഓ അതു സാരവില്ലന്നേന്ന്
തിരിച്ചുവിളിച്ച്
ചാച്ഛൻ കളി തുടർന്നു.
കളി കഴിഞ്ഞപ്പഴാണ് ചാച്ഛന്
എന്നെ ഓർമവന്നത്.
അന്നെനിക്കൊപ്പം ചാച്ഛൻ നേരത്തേ വീട്ടിലേക്ക് വന്നു.
ചായക്കടയിൽനിന്ന് ചായയും നെയ്യപ്പവും
മേടിച്ചുതന്നു.
എന്നിട്ടും തീർന്നില്ല എന്റെ സങ്കടം.
ഒന്നിൽ മുഴുകുന്നതിന്റെ
ആനന്ദം അന്നെനിക്കറിയായിരുന്നില്ല...
കാറ്റു നിറയ്ക്കാനും തുന്നിച്ചേർക്കാനുവായി
ചാച്ഛൻ
പഴയ കാൽപ്പന്തുകൾ
വീട്ടിലേക്ക് കൊണ്ടോരുവായിരുന്നു.
എന്റെ സമയവും ബ്ലാഡർ പൊട്ടിയൊരു
കാൽപ്പന്തുപോലെ അക്കൂട്ടത്തിൽ
ചുരുങ്ങിച്ചുരുണ്ട് കിടന്നു.
കാലുകൊണ്ട് ബലത്തിലടിച്ചപ്പോൾ
അത് ലേശം ദൂരം നിരങ്ങിനീങ്ങി.
അവളെ-
ഗബ്രിയേല സബറ്റീനിയെ-
ഞാൻ കാണുംവരെ
അതങ്ങനെയാരുന്നു.
എന്നത്തേംപോലെ ആദ്യം
പത്രത്തിലെ സ്പോർട്സ് പേജിലേക്ക്
തന്നെ കേറിച്ചെല്ലുമ്പോൾ,
ഉയർന്നു ചാടി പന്തടിച്ചുനിന്ന
അവളിൽ ഞാൻ തറച്ചുപോയി.
അതിൽ പിന്നെ അവളെ ഞാൻ ഓർത്തുവെച്ചു
വായിച്ചു.
ഒന്നാം നമ്പറുകാരിയുമായി
അവൾ നടത്തിയ പോരാട്ടങ്ങളിൽ നെഞ്ചിടിപ്പോടെ
പങ്കുചേർന്നു.
അവൾ കിരീടം നേടിയോ എന്നറിയാനായി
വൈകുന്നേരത്തെ കാപ്പി കുടിക്കാതെ
പത്രമെടുക്കാനോടി.
കളിയിൽ പക്ഷം ചേരുമ്പോൾ
കളിക്കാത്ത കളികൾ നമ്മൾ കളിക്കുന്നു
നേടാത്ത വിജയങ്ങൾ നമ്മൾ നേടുന്നു.
വലിയ മത്സരങ്ങളിൽ സബറ്റീനി
അക്കാലത്ത് മിക്കപ്പോഴും തോറ്റു.
തോൽക്കുന്നവരോട്
നിരന്തര പക്ഷപാതിത്വം കാണിക്കുന്നവർ
സ്വപ്നങ്ങളിൽപോലും
മുത്തമിടുന്നില്ല കിരീടങ്ങളിൽ.
രാത്രികളിൽ ഞാനവൾക്കൊപ്പമോ
അവളായോ റാക്കറ്റു പിടിച്ചു.
ഞാൻ ചെയ്ത സെർവുകളെല്ലാം
നെറ്റിൽ കുടുങ്ങി.
എതിരാളി പായിച്ച പന്തിലേക്ക്
ഓടുന്നതിനിടയിൽ വല്യപാവാടയിൽ തട്ടി
ഞാൻ പലതവണ വീണു.
ചിലപ്പോൾ ടൈബ്രേക്ക് വരെയെത്തി
സെറ്റ് കൈവിട്ടു.
ആരായിരുന്നു എന്റെ എതിരാളി?
മാർട്ടിന നവരത്ത്ലോവ? അരാന്ദ സാഞ്ചെസ്?
സ്റ്റെഫിഗ്രാഫ്?
സിംഹം? പുലി? പാമ്പ്?
ചാച്ഛൻ? അമ്മച്ചി? വല്യമ്മച്ചി?
ഏത് വേദിയായിരുന്നു അത്?
വിബിംൾഡൺ? ഫ്രഞ്ച് ഓപൺ?
യു.എസ് ഓപൺ? തിരുനാവായ?
ചാച്ഛൻ കാൽപന്ത് കളിക്കുന്ന മൈതാനം?
ഏത് കളിയായിരുന്നു അത്?
മല്ലയുദ്ധം? മുഷ്ടിയുദ്ധം? ചെസ്?
ഉറക്കത്തിൽ കളിയും കളിക്കളങ്ങളും
കൂടിക്കുഴഞ്ഞ് കിടന്നു.
പിന്നെ പിന്നെ
ദ്വന്ദ്വയുദ്ധങ്ങൾ എനിക്ക് മടുത്തു.
തിരിച്ചടിക്കാൻ മടിച്ചു.
റാക്കറ്റുകൾ വലിച്ചെറിഞ്ഞ്
വീടിനടുത്തെ തോട്ടിൻകരയിലൂടെ
ഞാനവൾക്കൊപ്പം
ബ്യൂണസ് അയേഴ്സിലേക്ക് നടന്നു.
പച്ചപ്പുൽമൈതാനത്തിൽ
നെറ്റിനിപ്പുറത്തുള്ള എന്റെ കോർട്ട് നിറയെ
മഞ്ഞപ്പന്തുകൾ വീണു കിടന്നു.
സ്പോർട്സ് പേജിൽ അവൾ നിറഞ്ഞുനിന്നൊരു
ദിവസം രാത്രി
എതിരാളി നീട്ടിയടിച്ച പന്തുകളെ
ഞാൻ ഏകാഗ്രതയോടെ നേരിട്ടു.
1990ലായിരുന്നു അത്.
ഒന്നാം നമ്പർ താരത്തോട് പൊരുതി
സബറ്റീനി
യു.എസ് ഓപൺ ജയിച്ച ദിവസമായിരുന്നു അത്.
ദൂരത്തിന്റെ ഭൂപടം നിവർത്തിയിട്ട്
കാറ്റുനിറച്ച സമയത്തെ
ഞങ്ങൾ അടിച്ചുപറത്തി.
നീണ്ടുനീണ്ടു പോയ റാലികളിൽ
ഞങ്ങളിരുവരും
തോൽക്കില്ലെന്നുറച്ച്
മുന്നേറി.
ഒരു ദീർഘചതുരമായി
ലോകവും സമയവും മാറി.
എല്ലാ മനുഷ്യരും ഞങ്ങളിലേക്ക്
നോക്കിയിരുന്നു.
ആകാശത്തിലേക്കുയർന്ന ആവേശത്തിരമാലകൾ
അവിടെ തങ്ങിനിന്നു താഴേക്ക് നോക്കി.
നക്ഷത്രങ്ങൾ ഭൂമിയിലേക്ക്
നടക്കാനിറങ്ങി.
മരിച്ചുപോയ മനുഷ്യർ ഉയിർത്തെണീറ്റ്
ശവക്കല്ലറകൾക്കു മേൽ
ഞങ്ങളെ നോക്കി കുത്തിയിരുന്നു.
ഞങ്ങൾ തളരാതെ കളിച്ചു.
ഒരു മഞ്ഞപ്പന്ത്
ഭൂമിയിൽ തൊട്ടു തൊട്ട് പറന്നു.
ഞങ്ങൾ ഏകാഗ്രതയുടെ താക്കോൽകൊണ്ട്
വിജയത്തിന്റെയും ആനന്ദത്തിന്റെയും
വാതിൽ തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.