വലത്തു കാലും മുറിച്ച് വല്യച്ഛനിരിപ്പായി മലക്കു പോക്കില്ലാതായി മരുന്നു മണം മാറാതായി നാൽപത്തൊന്നു വട്ടം മല ചവിട്ടിയ വല്യച്ഛനേത്തേടി പുലിപ്പുറത്ത് അയ്യപ്പൻ വരുമെന്നും വൃശ്ചികമൊന്നിന് വീണ്ടും വല്യച്ഛൻ വ്രതം തൊടങ്ങുമെന്നും അന്നത്തെ കുട്ടികൾ ഞങ്ങൾ കഥ മെനഞ്ഞു ആഴി വാരിയൊരത്ഭുതം കാട്ടുംപോലെ വൃശ്ചികമൊന്നിന് വല്യച്ഛൻ വ്രതവുമെടുത്തില്ല! പന്ത്രണ്ടു വെളക്കിന്...
വലത്തു കാലും മുറിച്ച്
വല്യച്ഛനിരിപ്പായി
മലക്കു പോക്കില്ലാതായി
മരുന്നു മണം മാറാതായി
നാൽപത്തൊന്നു വട്ടം
മല ചവിട്ടിയ വല്യച്ഛനേത്തേടി പുലിപ്പുറത്ത്
അയ്യപ്പൻ വരുമെന്നും
വൃശ്ചികമൊന്നിന് വീണ്ടും വല്യച്ഛൻ
വ്രതം തൊടങ്ങുമെന്നും
അന്നത്തെ
കുട്ടികൾ ഞങ്ങൾ
കഥ മെനഞ്ഞു
ആഴി വാരിയൊരത്ഭുതം കാട്ടുംപോലെ
വൃശ്ചികമൊന്നിന്
വല്യച്ഛൻ
വ്രതവുമെടുത്തില്ല!
പന്ത്രണ്ടു വെളക്കിന് ഓച്ചിറേപ്പോയി
മാലേമിട്ടില്ല.
മഞ്ഞുപുതച്ചുറങ്ങുന്ന
മൂഴിക്കത്തോടിനെ
കൊച്ചു വെളുപ്പാങ്കാലത്ത്
ഒറ്റമുങ്ങാലുണർത്തിയിട്ട് കെഴക്കോട്ടു നോക്കി
തൊഴുതതുമില്ല.
വൃശ്ചികവും
മകരവും
മാറി മാറി ചെവി വട്ടം പിടിച്ചിട്ടും
പിന്നീടങ്ങോട്ട്
വല്യച്ഛനൊരക്ഷരോം മിണ്ടീല്ല.
എങ്കിലും
കന്നിക്കെട്ടുകൾ നിറക്കുമ്പോൾ
കലങ്ങിയ കണ്ണടച്ച്
ഞങ്ങൾക്കറിയാത്ത ദൈവങ്ങളോടെല്ലാം
അനുവാദം ചോദിച്ചിരുന്ന
വല്യച്ഛന്റെ ഈണം പുരണ്ട
ഇടറിയ ഒച്ച
പിന്നെയും
ഒരുരാവുണ്ണാനേപ്പോലെ
ഞങ്ങടെ ഉള്ളിലെ ഇരുട്ടിലങ്ങിങ്ങ്
മുഴങ്ങി മറഞ്ഞുകൊണ്ടിരുന്നു.
കന്നി സ്വാമിമാർ
പിന്നെയും
മലകേറി...
പക്ഷേ ആരുടെ വീട്ടിൽനിന്നും
പെണ്ണുങ്ങൾ
മറ്റു വീടുകളിലേക്ക് മാറിത്താമസിച്ചില്ല!
മുറ്റത്ത്
പാക്കും, വെറ്റിലയും
മാവിലയും കുരുത്തോലയും ഞാത്തിയ
പന്തലുയർന്നില്ല.
അഥവാ അങ്ങനെയൊക്കെ സംഭവിച്ചാൽ
അതൊരാശ്ചര്യംപോലെ
മനസ്സിലങ്ങനെ
മരവിച്ചു നിൽക്കുമായിരുന്നു.
തിണ്ണയിലെ മരക്കട്ടിലിൽ
വാലഴിച്ചിട്ട മീൻകൂടു കണക്കേ
കുറച്ചു നാളുകൂടി
വല്യച്ഛൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
അക്കൊല്ലം
കർക്കിടകത്തിൽ
വെട്ടിയെടുത്ത ചെറ്റയിലെ വിടവിലൂടെ
ആകാശത്തിന്റെ കറുത്ത കഷ്ണം കണ്ടുകിടക്കേ
ഓർമകൾ വല്യച്ഛനിൽ
ഊത്തപോലെ പെരുകി
ഉള്ളിലാകെ വെരകി
ഓങ്ങിയ കാഞ്ഞിരവടികൊണ്ട്
മെരുക്കിയെടുത്ത
മക്കളാരുമപ്പോൾ
അടുത്തില്ലെന്നുള്ള വല്യദെണ്ണം
കൂട്ടത്തിൽ വന്നൊരു വരാലുപോലെ
വെട്ടിമറിഞ്ഞു.
പെെട്ടന്നു കണ്ണുതുടിച്ചു
അടുപ്പുകല്ലു വിഴുങ്ങിയ പോലൊരു
വിളിയുടെയറ്റത്തുനിന്നും
ഓടിവന്നു വല്യമ്മ നെഞ്ചു തിരുമ്മിത്തുടങ്ങി
പാതിരാവരെ.
അത്താഴം വെളമ്പട്ടേയെന്ന്
അഴിഞ്ഞ ഒച്ചയിൽ വല്യമ്മ ചോദിച്ചിട്ടൊന്നും
മിണ്ടാതെ
ഉണരാതെ
കണ്ണടച്ച് തണുത്തു തണുത്തങ്ങനെ കിടന്നു...
മഴയിൽ
മറ്റാരും കാണാതെ പോകുമായിരുന്ന
മുറുവിൽ എരിവുപുരണ്ട ഒരു കരച്ചിലിനെ
പെെട്ടന്നാ വീട്
ഇരുട്ടിലേക്കു തുറന്നു വിട്ടു.
പിന്നീട്
നിലവിളികൾ തമ്മിലുരഞ്ഞാ മഴയിൽ
നിന്ന നിൽപിലൊരു വീടു കത്തുന്ന
രാത്രിയിൽ
ഞങ്ങളുടെയുള്ളിൽനിന്നും
മുടന്തിനീങ്ങിയ വിശ്വാസത്തിന്റെ
വിടവിലേക്ക്
വല്യച്ഛൻ
ജീവിതമെന്ന മലയിറങ്ങി
വന്നിരിപ്പായി.
അന്നുമുതൽ ഞങ്ങൾ
ജീവനുള്ള പഗോഡകൾപോലെ
തല ഉയർത്തിനടന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.