വൈകിയുറങ്ങുന്ന ശീലത്തിനാൽ പാതി-രാവിന്റെ ചെകിളത്തുടിപ്പുകൾ ശ്രദ്ധിക്കുവാൻ പരിശീലിക്കയാണ് ഞാൻ. നിശ്ശബ്ദമെങ്കിലും കേൾക്കാം ശ്രമിക്കുകിൽ രാവിന്റെ കടലിരമ്പങ്ങളും, കാറ്റിന്റെ രോഷമുരൾച്ചയും. വന്നു ചേരാറുണ്ട് ചില രാത്രിനേരത്തു ഉടലിലൊരു വിറയലായ്, ശബ്ദമില്ലായ്മയുടെ ഏതോ തമോഗർത്ത ഭീകരശൂന്യത. ദൂരെ അവ്യക്തമായ് കേൾക്കാം ചിലപ്പോൾ ആരെയോ ആരോ ശപിക്കുന്ന വാക്കുകൾ. ഉച്ചത്തിലകലെക്കരയുകയാണൊരു രാപ്പക്ഷി മരണഗന്ധം വന്നു കെട്ടിപ്പിടിച്ച പോൽ....
വൈകിയുറങ്ങുന്ന ശീലത്തിനാൽ പാതി-
രാവിന്റെ ചെകിളത്തുടിപ്പുകൾ
ശ്രദ്ധിക്കുവാൻ പരിശീലിക്കയാണ് ഞാൻ.
നിശ്ശബ്ദമെങ്കിലും കേൾക്കാം ശ്രമിക്കുകിൽ
രാവിന്റെ കടലിരമ്പങ്ങളും, കാറ്റിന്റെ
രോഷമുരൾച്ചയും.
വന്നു ചേരാറുണ്ട് ചില രാത്രിനേരത്തു
ഉടലിലൊരു വിറയലായ്,
ശബ്ദമില്ലായ്മയുടെ ഏതോ തമോഗർത്ത
ഭീകരശൂന്യത.
ദൂരെ അവ്യക്തമായ് കേൾക്കാം ചിലപ്പോൾ
ആരെയോ ആരോ ശപിക്കുന്ന വാക്കുകൾ.
ഉച്ചത്തിലകലെക്കരയുകയാണൊരു രാപ്പക്ഷി
മരണഗന്ധം വന്നു കെട്ടിപ്പിടിച്ച പോൽ.
ഒരു കൊച്ചുപ്രാണി വന്നെന്റെ ജനാലയിൽ
അപകടസൂചന ചൊല്ലിപ്പറന്നു പോയ്.
‘‘നഷ്ടമായ്, നഷ്ടമായൊക്കെയും നഷ്ടമാ’’യെന്ന്
വിലപിക്കയാണൊരു പക്ഷി; ഭയത്തിന്റെ
അഗ്നിപാനീയം കുടിച്ചു പുകയുന്നവൾ.
ഏതോ ദുരന്തമായ് കരിമേഘ സാഗരം
ഇളകിമറിയുന്നുവെന്നറിയിക്കുവാൻ വന്ന
വെൺചിറകുള്ള നിശാശലഭം എന്റെ
മേശവിളക്കിൽ കരിഞ്ഞു പതിച്ചതും,
തൽക്ഷണം ഒരു നൂറു നായകൾ
ഓരിയിട്ടൊരുമിച്ചുണർന്നതും!
എത്ര വിചിത്രം! അജ്ഞാതം! ഭയാനകം!
ഖാണ്ഡവം പിന്നെയും കത്തുമെന്നോ? വിഷ-
പ്പുകയുടെ കരിമ്പടം മൂടിപുതച്ചു
പകലുകൾ (നമ്മളും) നരകിച്ചൊടുങ്ങുമെന്നോ?!.
ശബ്ദമില്ലാത്തൊരീ രാത്രിയുടെ നെഞ്ചകം
മുഴുവനും നോവുകൾ;
രോദനത്തിന്റെ നുറുങ്ങുകൾ;
ഭയവും നിരാശയും അടെവച്ചു വിരിയിച്ച-
തൊക്കെയും ആധിക്കടന്നലുകൾ.
രാത്രികൾ പറയാൻ ശ്രമിക്കുന്നതൊക്കെയും
പ്രവചന നേരുകൾ.
സ്നേഹം സ്വരൂപിച്ച മുന്നറിയിപ്പുകൾ.
വൈകിയുറങ്ങുന്ന ശീലത്തിനാൽ പാതി-
രാവിന്റെ ഗൂഢാർഥ ചിഹ്നങ്ങൾ ഞെട്ടി-
ത്തിരിച്ചറിയുന്നു ഞാൻ.
ഇനിമേലുറക്കമസാധ്യം!
ഇനിമുതൽ നിദ്രയപരാധം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.