ടാറ്റൂ ചെയ്യുന്നിടത്തേക്ക്ആദ്യമായാണ്... നിലാവിൽ മുങ്ങി മലർന്നുകിടക്കുന്ന രണ്ടു പെണ്ണുങ്ങളെയാണ് ആദ്യം കണ്ടത്. ഒരുത്തിയുടെ മുലയിൽ പറക്കാൻ വെമ്പുന്ന പൂമ്പാറ്റയുടെ ചിറകുകൾ വിരിയുന്നുണ്ടായിരുന്നു. രണ്ടാമത്തവളുടെ പൊക്കിളിനോട് ചേർന്ന് ഇണചേരുന്ന സർപ്പങ്ങൾ പാതിയിൽ നിൽക്കുന്നു. സൂക്ഷ്മവും സുന്ദരവുമായി ഉടലിൽ തൊടുന്ന ഒരുവൻ പൂമ്പാറ്റച്ചിറകിൽനിന്നു തലയുയർത്തി ചോദിച്ചു. എവിടെയാണ്! ഞാനൊന്നു വിക്കി. പ്രണയത്തിൽ! അതുണ്ടോ...
ടാറ്റൂ ചെയ്യുന്നിടത്തേക്ക്
ആദ്യമായാണ്...
നിലാവിൽ മുങ്ങി മലർന്നുകിടക്കുന്ന
രണ്ടു പെണ്ണുങ്ങളെയാണ്
ആദ്യം കണ്ടത്.
ഒരുത്തിയുടെ മുലയിൽ
പറക്കാൻ വെമ്പുന്ന പൂമ്പാറ്റയുടെ
ചിറകുകൾ വിരിയുന്നുണ്ടായിരുന്നു.
രണ്ടാമത്തവളുടെ പൊക്കിളിനോട് ചേർന്ന്
ഇണചേരുന്ന സർപ്പങ്ങൾ പാതിയിൽ നിൽക്കുന്നു.
സൂക്ഷ്മവും സുന്ദരവുമായി
ഉടലിൽ തൊടുന്ന ഒരുവൻ
പൂമ്പാറ്റച്ചിറകിൽനിന്നു തലയുയർത്തി
ചോദിച്ചു.
എവിടെയാണ്!
ഞാനൊന്നു വിക്കി.
പ്രണയത്തിൽ!
അതുണ്ടോ ഇവിടെ!
അയാളൊന്നമർത്തി മൂളി.
ഇരിക്കൂ എന്ന മുദ്രയും നൽകി.
ടാറ്റൂ ചെയ്യുന്ന ഉടലിടങ്ങൾ
തുന്നിചേർത്ത ആൽബം
ആർക്കും കാണാനായി
തുറന്നു വച്ചിരിക്കുന്നിടത്ത്
ഞാനിരുന്നു.
എതിരെ,
ടാറ്റൂ ചെയ്യപ്പെട്ടവരുടെ
മനോഹര ചിത്രങ്ങൾ
ആർക്കും കാണാനായി
വിടർത്തിയിട്ടിരിക്കുന്നു...
ഇപ്പോൾ ഒന്നാമത്തവൾ
മുലച്ചിറക് വീശി
എനിക്ക് മുന്നിലൂടെ
പൊടുന്നനെ പറന്നുപോയി.
ഏതാനും സെക്കൻഡുകൾ,
രണ്ടാമത്തവളുടെ പൊക്കിൾ
എന്നേയ്ക്കുമായൊരു
സർപ്പക്കാവ്!
സർപ്പങ്ങളേയും പേറി,
ചീറ്റിക്കൊണ്ടവളും
മുന്നിലൂടെ ഇഴഞ്ഞുപോയി.
വരൂ!
നിന്റെ ഊഴമാണ്.
അയാൾ ചൂണ്ടിയിടത്തേക്ക്
ഞാൻ മെല്ലെ നടന്നു
ഒരു രാവും രണ്ടു പകലും കൊണ്ട്
എന്റെ ഉടലിന്റെ രണ്ടാം പാളിയിലേക്ക്
മഷിനീരീറ്റിച്ച് പ്രണയത്തെ
അതി മനോഹരമായി
അയാൾ
ടാറ്റൂ ചെയ്തു..!
ഒരു
ചെറു നീറ്റലോടെ
ഞാൻ മെല്ലെ ഇറങ്ങി നടന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.