ചിലനേരം ശ്രുതിതാളം വഴിയുമ്പോൾ,
ഒരു ഗാനാകാരം മാത്രം ഇവിടം
ഊഴിത്തുടി മുറുകുന്നു;
ഏഴുവർണക്കുടനീർപ്പൊട്ടി
നാദം വരിയും നേരം,
ഗാഢാനന്തത ചുറ്റിയ വാനം
നറുകുളിരൂറും(1) ‘താനം’ മാത്രം.
കാൺകെ,
ചൂടിൻ ചെറുചില്ലകളാളി
ധൃതിയിൽ തിളയാകും കടൽവറ്റുകൾ വാരി
പിന്നതിവേഗം ഒന്നായ് കുറുകും,
കരിമേഘക്കട്ടയിൽ
നെടുനീളൻ മിന്നൽമുനവച്ചും,
കുളിർ നീരുതൊടുത്തൂ മാനം.
തണുവിന്നാലാപങ്ങൾ വീണീ-
മൃണ്മയമൗനമൊഴിഞ്ഞൂ...
നനയുന്നടിമുടി ഇവിടം
ഹാ! ഗീതം സംഗീതം.
ആദിമഗീതം *മോഹനമാടും
ദ്രുതഭാവതടങ്ങളിൽ
സുഖദേ; താന്തമിരുന്നും
നിന്നെ വിളിയ്ക്കേ
ഇളകുന്നിരു കണ്ണിൽ നോക്കൂ;
പ്രാക്തനമേതോ തണുവുകിടുങ്ങും
അരണ്യത്താഴ്വാരങ്ങൾ.
തളയുന്നല്ലോ സ്വപ്നംപോലൊരു ഭീമാകാരം!
വീണക്കൈപോൽ ആർദ്രം തുമ്പിവളയ്ക്കുന്നല്ലോ,
ഒടിയുന്നല്ലോ,
ഹാ! തുടുവാം മുളരാഗശ്രുതിക്കൂമ്പത്!
എന്നും, അഴിയാത്തോരതിലഹരി
പൊങ്ങും സോമരസാമൃതം.
രാഗം നീ ആലാപം
ഇലയാം തന്ത്രിയിൽ,
അതിൻ തുമ്പിലൂഞ്ഞാൽ കൊതിയായ് തുള്ളും
മഴവട്ടത്തെളിമയിൽ, കുനുപല്ലവിയെഴുതുന്നു.
ഊഴംവച്ചും ഇവരീ, (2)‘ധൈവത’ ഋതുമാർ,
ചുറ്റിയൊരുക്കിയ തോൽചേലകൾ പൊങ്ങി
മരമേനികൾ പുളയും ഉന്മാദം.
ഉലയും (3)‘അതിതാരാ’ശാഖിയിൽ,
പൂങ്കൂടയുമാടുന്നു
(4)‘പഞ്ചമ’കുയിലികൾ കൊത്തും
കനിയിൽ തേനുറ കൂടുന്നു.
അകലെ തളിർക്കറുകപോലിളതാം
കാറ്റിന്നാട്ടമളന്നു തണുക്കും
ചെറുനിലം; മവിടെമൂളും *ആഭേരി
മധു മധുപനുമൊപ്പം ശ്രുതിസാന്ദ്രം
(5)‘ഋതുശലഭ’ങ്ങൾ, സുരഭിലം
ഈ വിടർരാഗത്തിൽ കൂമ്പുന്നു.
നെടുതല്ലോ ഈ രാവിന്നലയിൽ,
തുടരും (6)‘രാഗമാലിക’
ഏഴു (7)‘മന്ദ്രശ്രുതി’കൊള്ളും
പലയാമം - (8)‘ജന്യരാഗാ’നേരം
പിടയും കരൾത്തരിപോലിറുകും; വിത്താടകളൂരും
നിറയും കുഞ്ഞിലനിരകൾ
രാച്ചെറുകാറ്റിൽ (9)‘തില്ലാന’കൾ പാടും
ഈ നാദക്കടലിൽ (10)‘താരാവരിശ’കൾ കേട്ടോ
അത്ര ഗഭീരം; സൗരയൂഥത്തിൻ നനമെയ്യാൾ,
ഈ മണ്ണിൻ നീൾനീർനിരയല്ല; അലതന്നടിയിൽ അമരും
(11)‘മഴപ്പവിഴക്കാടിൻ’, ചാഞ്ചാട്ടത്തിൽ ചിതർമുത്തുകളല്ല
ആഴച്ചുഴി തന്ത്രികൾ മേൽമേൽ മറിയും മണ്ണിൻ
നിൽപ്പറിയാമധുരാഗാലാപം!
അതുകേട്ടന്തിയിലാലോലം,
മുകിൽ നാരുകൾ പറ്റിയ കണ്ണുകൾ പൂട്ടി
കിഴക്കൻ കിളി പുലരീൽ
മഞ്ഞിൻ കടുതന്ത്രികൾ കൊത്തും
നിഭൃതൻ (12)‘ദ്വാദശ’രൂപൻ
ഇളകതിരൻ സൂര്യൻ *ഭൂപാളത്തിൽ
ജീവനപല്ലവിപെയ്യും
പ്രാണൻ മിഴി തെളിയുന്നു
ഗീതാർദ്രം ഭൂമി കുണുങ്ങുന്നു
ഇണപ്പാട്ടിൻ നടചന്തം വാങ്ങി,
പേടിപ്പൊന്തകൾ തിങ്ങും വഴികൾ കടന്ന്
(13)‘ഓമന ഉണ്ണീടെ നാവേറു പാടി’,
കുഞ്ഞിന്നിളയമ്മിഞ്ഞപ്പൂം ചുണ്ടു ചിരിയ്ക്കാൻ
പണ്ടിവർ; പുള്ളോർക്കുടസാരം ജന്മം
ഇവരീ മണ്ണിൻ നൽമൊഴിഗാനം.
കോകിലമാകന്ദങ്ങൾ
വെൺകോടകളൂരും മാമല,
തിമിലകൾ ചാർത്തിവിളിച്ചു
ഇളകനവുകൾ, *സാവേരികൾ മൂളിവിളിച്ചു
അകപുറമാകെ മുഖരിതനിനവുകൾ
തില്ലാനകൾ; ബാല്യമൊരായിരം
അനുഭൂതങ്ങളിൽ തിങ്ങിയുതിർന്നതിൻ ചന്തം!
കൗമാരം അലസമൊരാനന്ദം
രാഗം (14)‘ഭൈരവിയാനന്ദം’
ആരോ മകരന്ദം നീളെയുഴിഞ്ഞു
അങ്ങാഴക്കുളത്തെളിപറ്റും താമരനൂലുകൾ
മേൽമേൽ കൊത്തി
*ഹംസധ്വനി കൂമ്പിവിരിഞ്ഞു
ഇത് (15)‘സാമ്യമകന്നോരുദ്യാനം’.
പലനാദമിരച്ചു തുടിപ്പായ് കവിളിൽ
സുഖയൗവ്വനമോ; (16)‘മാനം പൊന്മാനം’ വീഴ്കെ
കൊടുവെയിലിൽ ചോരാതാഗീതം
കനമഞ്ഞു ചുരുട്ടാതെ
അടിമുടിവന്നാഗമകങ്ങളുമപ്പോൾ
പരിരംഭണമങ്ങനെ തുടരും
തണുവിന്നുമ്മ പുരട്ടും.
ആടിക്കുളിരൂർന്നു കളിച്ചു തിമിർക്കും
തുരുതുരെ മേഘച്ചേർകാൽകൾതെന്നും
പുതയും വയലിൽ മെഴുകണ്ണീർച്ചാലായ്
കരി-എക്കൽ മൺചാലുകളോടും
ചേലയുയർത്തിയുമുയിരിൽ കുത്തി
കാറ്റു തണുപ്പിൻ താളമിറങ്ങും
ഞാറ്റുപാട്ടിൻ പെണ്ണേ അഴകേ.
ഉൾനനവറ്റാതഴിയും തെളിയീണങ്ങൾ
മഴവെയിലോടിയുമീടുകൾ കൂടിയ
നിൻ ചേതനയാകെ ഇരമ്പിയലച്ചു നടക്കുന്നു.
കതിരാറി മണ്ണിൻ തണുവീർപ്പതും
തട്ടി മുഴുത്തു പഴുക്കും
കടൽനനകൊണ്ടാകെ,
കുളിരാൻ കുനിയും
ശമിതാംഗൻ, സൂര്യക്കനൽമീതെ,
കരിയും കുങ്കുമപ്പൊടി പാറിപ്പാറി,
മൺ-മാനം ചെറുവിറയായ് മങ്ങും;
അതിനാലതികുളിരു കൊളുത്തി വിളിയ്ക്കും,
പലയീണപ്പുഴവേഗത്തിൽ
ഏകാന്തം ഒരു താളക്കായൽക്കുഴിയിൽ
ദിക്കൊച്ചകൾ ചേർത്തു തുഴയാനായ്
തെന്നൽ നടയോർത്തു പിടിച്ചും
നീയെൻ നീർരൂപാ,
കൈതക്കരതൻ പൂംശ്രുതിപാലകാ,
ഓളം മീതെ കുതിച്ചു തെറിയ്ക്കും
ചേലിൽ വെണ്മുത്തുകൾ കോരി,
രാവറതോറും (17)‘നതോന്നത’മാലകൾ
കൊരുത്തു ചിരിക്കും (18)‘കറുത്തതോണിക്കാരാ’
ശ്രുതിയോളം മീതെ *ശിവരഞ്ജിനി നീയേ
കടത്തുതോണിക്കാരാ...
അന്തിക്കന്നികൾ മഞ്ഞിൻ കുളിർമൊഞ്ചുകൾ നാണം
സുറുമക്കരിയിളകും വിടർക്കണ്ണിണ തുള്ളും
ഇവരീക്കാട്ടു മയിലാഞ്ചിച്ചാർ
ഇരുളെപ്പുരളും നീളംഗുലി മീട്ടെ
കവിയും അനുരാഗക്കടവിലിറങ്ങി
പുളകം തേകി
ശീതനിശ്ശബ്ദത ആകെയൊഴിച്ചിതു ചന്ദ്രൻ
മൺപന്തൽ (19)‘തൊങ്കലു’പരതും നേരം
കുളിരൂതി നിറച്ചുകൊടുത്തു...
മൃദുകതിരാകെയുലച്ചുകൊടുത്തു...
രാഗന്ധികൾ മുല്ലകൾ
കൂടെയുമൊഴിയാതെ,
മണച്ചാറു കുറുക്കിയൊരുങ്ങി.
ഇല(20)‘മക്കന’പനിനീരതു മുക്കിയുരച്ചും,
മംഗലമേളം; ഒപ്പന ചാർത്തി
മാമരനിഴലുകൾ
കൈകൊട്ടുപരക്കെ; കാറ്റിലയാം തരിവള
ഉടഞ്ഞു ചിരിച്ചു തിമിർപ്പായ്.
പൂവഴകിൻ കൈമെയ്യുകളല്ലോ,
ചൊവ്വേയരയും മഞ്ഞൾക്കറമേൽ നീരാട്ടം
തരിവാൾ ചുരുളും നട-നോട്ടമതല്ലോ
വീരാംഗനമാർ ആർച്ചകൾ നേരാൽ...
ഇടതുകൾ വലതുകൾ മാറിയൊഴിഞ്ഞ്,
ചെമ്പട്ടുകൾ പരിചകൾ വീശിയുടുത്ത്,
അങ്കത്തട്ടു പിടിയ്ക്കും ചേകോരെ,
വൻ ചതിയില്ലാതൊരു പാട്ട്
വടക്കൻ പാട്ടു പുണർന്നു പിടിച്ചു...
വീരത - (21)‘കളരിവിളക്കുതെളിഞ്ഞതുപോലെ’
തുളുമ്പും ആൾത്തിര നടുവിൽ,
രാപ്പനിനീരതുപോലെ കുനിഞ്ഞു
മണവാട്ടിപ്പെണ്ണിവൾ, അവളുടെ
ഉൾമിന്നിൻ തങ്കത്തരികളുമാളി
മെഴുതിരിയാകയുലഞ്ഞല്ലോ...
പെൺമാറ്റുകുണുക്കിന്നാട്ടം ചുറ്റുമതായി
നടനം-മോദം കൂടും മാർഗം പാട്ടിത്
കൈകൊട്ടുകൾ, വട്ടച്ചുവടുകൾ മുദ്രകളൊക്കും കാലം.
പാട്ടേ; വാദ്യം നിന്നൊച്ചകൾ ചമയം.
ചോരും കുമ്പിളിൽ കാറ്റിൻ പലസ്ഥായികൾ വാങ്ങി,
ഭൂവിന്നനുരാഗം കാണാൻ
പച്ചക്കാട്ടു തഴപ്പിൽ മിനുമഞ്ഞത്തണ്ടുകൾ,
ഇടതൂർന്നിടയായ് നിറകിളികൾ
പാട്ടുകുഴയ്ക്കും, പുല്ലാങ്കുഴലുകൾ...
താളമി(22)‘താസുരമുഗ്രം’
ഇരുളിലെ ആദിമനേരുകൾ
ചിതറിക്കൊട്ടിയിറങ്ങിയ ചന്തം
മേലെ മാമഴ ചമയും തോപ്പിൽ
മേഘത്തോലുറയിൽ മേൽമേൽ
മിന്നൽക്കോൽ തട്ടി തട്ടി
ഘന ചെണ്ടാനാദമിറങ്ങുമ്പോൾ
പാട്ടെ, നിന്നുണർവ്വുകൾ ഉച്ചം.
ഇരുമുഖമിരുതാളം കൊള്ളും ഘോഷം
ഈ മദ്ദളമരുളും മേളങ്ങൾ
മധു ഋതു മൂക്കും നേരം വനികകൾ
പൂവിലതുള്ളും സിത്താറിന്മേൽ.
(23)‘മുക്കമ്പി’തൻ സാരംഗിക്കുളിരാണോ
കൊതിതോരാതതിലേതോ
വയലിൻ (24)ഷട് ഭാവാംഗങ്ങൾമോഹനം
മറയിൽ രുദ്രാവീണകൾ ഇടയിടെ
നിന്നുടെ മടിയിലമർന്നു വിതുമ്പും.
രാഗാമൗനമുണർന്നു കിതയ്ക്കും
ജീവനി(25)‘ലന്തര’ഗാന്ധാരം പല ധ്വനികൾ
തംബുരു ചേർന്നു മിടിക്കുന്നു.
ഉള്ളിൽ കടുഡമരുകളുറയും
വനനീലങ്ങളിൽ
മണ്ണാളീ -കാന്തിപ്പെണ്ണാൾ,
പച്ചക്കോലം ചാർത്തിക്കൊണ്ടേ,
കനമൗനമിരിക്കുമ്പോൾ,
ഗഗനം സ്വരജപനെഞ്ചടി തൊട്ടും
വിങ്ങിപ്പൊട്ടും പോലെ,
ജടയാടും മുനി(26)‘ജതി’ ഞെട്ടുംപോലെ,
പാട്ടേ, നിന്നിലിടയ്ക്കയുണർന്നു വിതുമ്പും;
നിമിഷം അതു മായ്ച്ചൊരു
താണ്ഡവം കൊടുംതുടിയൊച്ചകൾ,
അന്നേരം, ഒരു മൃദംഗതാളം വനയുള്ളം.
ആ ഉള്ളം തേങ്ങുന്നേരം
(27)‘മധുവന്തി’കൾ കാണാതബലയമർന്നു പിടയ്ക്കും
രാഗഗസലിൻ വീർപ്പുകൾ നനയുന്നു
ഒന്നിടറാതെ ഉന്മദവായു പകർത്തി
സ്വരമാം എഴുനീളൻപത്തി പരത്തി
ദിക്കതിലെല്ലാം ചിതറുന്നു
നാഗസ്വരജതികൾ *രാഗകല്യാണികൾ
മുറുകും തകിലടി മേളങ്ങൾ.
ഗാനം പെയ്യുന്നു,
ഉള്ളമാഴം കൊള്ളുന്നു
ഭീതികളാറി അതിനീലം പുറം തിരയങ്ങനെ
ആടിക്കേറിവരുന്നു .
വിടരും (28)‘കമ്പിക്കിന്നര’മഴകിൽ തൊട്ടും,
ഉരുളും ഭൂവിന്നറ്റം മീട്ടിവരുന്നു
ഹാ! ആർദ്രത അനുഭൂതങ്ങൾ.
വാനം താഴുന്നു
മൊഴികാണാനോവിന് താളാകാരം,
പ്രണയക്കുളിരിന് പറയാൻവയ്യ
സപ്തസ്വനനിർവൃതഭാവം, ഗമകങ്ങൾ...
ഗീതം ഏറും നേരം,
ഇവിടെങ്ങും തുടുതണു വീഴാതെങ്ങനെയാകും.?!
*കർണാടിക് രാഗങ്ങൾ.
5,13 ,15 ,16,18, 21 -സിനിമാഗാനങ്ങളുടെ ആദ്യവരികളെ സൂചിപ്പിച്ചിരുന്നു.
1. താനം -ത, നം, ത എന്ന രീതിയിൽ പാടുന്നത്.
2. ധൈവതം -സപ്തസ്വരങ്ങളിൽ ആറാമത്തെ സ്വരമായ 'ധ'.
3. അതിതാരാ -ഏറ്റവും ഉയർന്ന സ്ഥായിയെ സൂചിപ്പിക്കുന്നു.
4. പഞ്ചമം - ‘പ’ അഞ്ചാമത്തെ സ്വരം.
6. രാഗമാലിക -ഒന്നിലധികം രാഗങ്ങൾ ചേരുന്നത്.
7. മന്ദ്രശ്രുതി -ഏറ്റവും താഴ്ന്ന സ്ഥായിയെ സൂചിപ്പിക്കുന്നു.
8. ജന്യരാഗം - അടിസ്ഥാനരാഗങ്ങളിൽനിന്നും ജനിക്കുന്ന രാഗങ്ങൾ.
9. തില്ലാന -നൃത്തത്തിന് പശ്ചാത്തലമാകുന്ന സംഗീതം.
10. താരാവരിശ -ഉയർന്ന സ്ഥായിയെ സൂചിപ്പിക്കുന്നു.
11. മഴപ്പവിഴക്കാടിൻ -പവിഴപ്പുറ്റുകളെ കടലിലെ മഴക്കാടുകൾ എന്നും വിളിക്കാറുണ്ട്.
12. ദ്വാദശസ്വരങ്ങൾ -സപ്തസ്വരങ്ങളുടെ പന്ത്രണ്ട് സ്വരസ്ഥാനങ്ങൾ.
14. ഭൈരവിയാനന്ദം -ആനന്ദഭൈരവി രാഗം.
17. നതോന്നത -വഞ്ചിപ്പാട്ടു വൃത്തം.
19. തൊങ്കൽ -മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൊന്ന്.
20. മക്കന -മുഖപടം.
22. അസുരവാദ്യം -ചെണ്ട.
23. മുക്കമ്പി -സിത്താറിന്റെ മൂന്നു കമ്പികൾ.
24. ഷട്ഭാവം -വയലിൻ ആറു കാലങ്ങളിലും വായിക്കാൻ കഴിയും.
25. അന്തരഗാന്ധാരം - ‘ഗ’യുടെ തീവ്രസ്വരം.
26. ജതി -താളഗതിയുടെ വായ്ത്താരി.
27. മധുവന്തി -ഹിന്ദുസ്ഥാനീരാഗം.
28. കമ്പിക്കിന്നരം -പിയാനോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.