ജോയ് ഹാർജോ
അധ്യാപിക, സാമൂഹികപ്രവർത്തക, സാക്സഫോൺ വിദഗ്ധ, സംഗീതജ്ഞ. തദ്ദേശീയ അമേരിക്കൻ ജനവിഭാഗങ്ങളിൽനിന്നാദ്യമായി (2019) പോയറ്റ് ലൊറേറ്റ് പദവി ലഭിച്ച കവി (മസ്കോ ഗീ ക്രീക് ഗോത്രാംഗം). അമേരിക്കൻ തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നു.
നിങ്ങൾക്കെവിടെങ്കിലും നിന്ന് തുടങ്ങാനാവില്ല.
ഇതൊരു തകർച്ചയാണ്.
സ്ഫോടനാവശിഷ്ടങ്ങളും ഒരു വീടിന്റെ കണ്ണും,
ഒരു നിര വീടുകൾ, അവിടെ ഒരെലി
വായിലൊരു മാംസാവശിഷ്ടവുമായി
വെളിച്ചത്തിൽനിന്നും കുതറിയോടുന്നു. ഒരു കുഞ്ഞ്
അമ്മയുടെ പിന്നിൽ ചേർത്തുകെട്ടിയത്
വിട്ടുപോയത്.
പട്ടാളക്കാർ നഗരത്തിലിഴഞ്ഞെത്തുന്നു.
പുഴ, പട്ടണം, ഗ്രാമം,
കിടപ്പറ, നമ്മുടെ അടുക്കള. അവരെല്ലാം തിന്നുന്നു.
അല്ലെങ്കിൽ കത്തിക്കുന്നു.
അവർക്ക് കവർന്നെടുക്കാനാവാത്തതിനെ
കൊല്ലുന്നു. ബലാത്കാരം ചെയ്യുന്നു.
കൊല്ലാനാവാത്തതിനെ കൊണ്ടുപോകുന്നു.
കെട്ടുകഥകൾ മഴപോലെ പെയ്യുന്നു.
ബോംബുകളെപ്പോലെ.
സമാധാനമില്ലാത്ത ശാന്തിക്കായ് കണ്ണുനീര്*
വിഴുങ്ങിയ അമ്മയെയും അച്ഛനെയുംപോലെ
ചന്ദ്രനില്ലാത്ത പാതിരാവിലേക്ക് ചായുന്ന
സൂര്യാസ്തമയംപോലെ
ലക്ഷ്യത്തിൽനിന്നുമകറ്റിവിട്ടൊരു തീവണ്ടിപോലെ.
മരങ്ങൾക്കൊരു സാധ്യതപോലുമില്ലാത്തിടത്ത്
വീണ വിത്തുപോലെ.
പക്ഷികൾക്ക്
ജീവിക്കാനാകാത്തൊരിടം.
അല്ല, ഇവിടെ തുടങ്ങൂ.
വനത്തിന്നരികിൽനിന്നുള്ള മാൻനോട്ടങ്ങൾ.
നമ്മൾ മരംകൊത്തികളെ കാണാറുണ്ടായിരുന്നു
സൂര്യന്റെ വലുപ്പം, ചോപ്പ് കിളികൾ,
നമ്മെ വരവേറ്റിരുന്നത്
ചിക്കാഡക്കുരുവികളുടെ പുലർകാലപ്പാട്ടുകളായിരുന്നു
പുറത്ത് മഞ്ഞും പൊട്ടിച്ചിരികളും ചേർന്ന്
വഴുതുന്നിടത്ത് നമ്മൾ അടുപ്പുകൂട്ടിത്തുടങ്ങിയിരുന്നു,
ആ പുകയുള്ള മധുരസൂര്യോദയങ്ങൾ.
യുദ്ധമുണ്ടാകില്ലെന്ന് നടിക്കാൻ ശ്രമിച്ചു നമ്മൾ.
അവർ നമുക്കു ചുറ്റുമെല്ലായിടത്തും വീടുകൾ
പണിതുതുടങ്ങിയപ്പോഴുമവരുടെ ആവശ്യങ്ങൾ
ഏറി വന്നിട്ടും.
അവർ നമ്മുടെ കുട്ടികളെ അവരുടെ
ദൈവത്തിന്റെ കഥകൾ പഠിപ്പിക്കാൻ തുടങ്ങി,
ആ കഥയിൽ നമ്മളെല്ലായ്പോഴും
അടിമകളായിരിക്കും.
അല്ല. ഇവിടെയല്ല.
നിനക്കിവിടെ തുടങ്ങാനാവില്ല.
ഇത് കീറിമുറിക്കപ്പെട്ടൊരോർമയാണ്
കാരണം ഇതിനെ വാക്കുകളാൽപ്പോലും
ചേർത്തെടുക്കാനാവില്ല, കവിതയാൽപ്പോലുമാകില്ല.
ഈയോർമകളിവിടെയീ മരങ്ങളോടൊപ്പമവശേഷിക്കുന്നു:
നിന്റെ മകളുടെ കീറിയ കൈത്തുന്നൽക്കുപ്പായക്കീശ,
അരപ്പട്ട, നേർത്ത കര.
മുത്തുവെച്ച മൊക്കാസിൻ
കുഞ്ഞുപാദങ്ങളിലിപ്പോഴും മൃദുവായി ചേർന്ന്,
പ്രിയപ്പെട്ടവൾക്കായൊരു യുവാവെഴുതിയ വാഗ്ദാനക്കുറിപ്പ്-
പറ്റില്ല! തുടക്കമിടാൻ ഏറ്റവും നല്ലൊരിടമിതല്ല.
എല്ലാവരും ഉറക്കത്തിലായിരുന്നു.
അകലെ ബോംബുകളുണ്ടായിരുന്നിട്ടുപോലും.
ഭയം പരിചയമുള്ള അപരിചിതനായിക്കഴിഞ്ഞിരുന്നു.
ഞങ്ങളുടെ പ്രിയങ്കരികൾ, ഇരട്ട പെൺകുട്ടികൾ
നിശാവസ്ത്രത്തിൽ അവരുടെയച്ഛനും
എനിക്കുമരികിലായി ചുരുണ്ടുകൂടി.
ഇവിടെത്തുടങ്ങിയാൽ, നമ്മളാരും തന്നെ ഒടുക്കമെത്തില്ല
ഈ കവിതയുടെ.
ഉയിരോടെയാരെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ,
ഒരപ്പൂപ്പൻ കൊച്ചുമകനോടോതി.
അയാളുടെയേറ്റവും കരുത്തുള്ള പാട്ട്
ആ കുഞ്ഞുഹൃദയങ്ങളിലൂതി നിറക്കവേ കൊച്ചുമകളോടും.
അവിടെയത് പട്ടാളക്കാരിൽനിന്നൊളിഞ്ഞിരിക്കും,
അവരെയത് കൊണ്ടുപോയ്ക്കൊള്ളും
കഥയുടെ ഉറവിടമായ
പൊക്കിൾക്കൊടിയൂരിൽനിന്നും നദികളും
പർവതങ്ങളും കടന്ന് മൈലുകളോളമകലേയ്ക്ക്.
അദ്ദേഹത്തിനറിയാമായിരുന്നു ഒരു ദിനം,
അകലെയൊരു ദിനം,
തലമുറകളേറെക്കഴിഞ്ഞ്, കൊച്ചുമക്കൾ തിരിച്ചെത്തുമെന്ന്.
പഴയ നടത്താര**കൾക്ക് മീതേ പണിത
അതിവേഗപ്പാതകളിലൂടെ
തടസ്സപ്പെടുത്താനോ നശിപ്പിക്കാനോ നിർമിച്ചിരിക്കുന്ന
നിയമത്തിന്റെ മതിലുകളിലൂടെ,
കാറ്റുകളിലെ പൂർവികരുടെ, ശിലകളിൽ
ജനിച്ച വായനശാലകൾക്കു മീതെ.
അദ്ദേഹത്തിന്റെ പാട്ട് ഞങ്ങളെ പുകമൂടിയൊരീ
പർവതങ്ങളിലെ അദ്ദേഹത്തിന്റെ സ്വന്തം
ഊരിലെത്തിച്ചു.
ഇവിടെ തുടങ്ങൂ.
* ട്രെയിൽ ഓഫ് ടിയേഴ്സ് - കണ്ണുനീരിന്റെ വഴിത്താരകൾ: അമേരിക്കൻ ഗവൺമെന്റ് വിവിധ ഗോത്രവിഭാഗങ്ങളിൽപെട്ട ഒരു ലക്ഷത്തിൽപരം തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരെ ബലാൽക്കാരമായി കുടിയൊഴിപ്പിക്കലിന് വിധേയമാക്കുകയും സ്വന്തം ഊരുകളിൽനിന്ന് പുറത്താക്കപ്പെട്ട അവരിൽ ധാരാളം പേർ വഴിമധ്യേ മരണമടയുകയും ചെയ്ത ദാരുണമായ ചരിത്രസംഭവത്തെ സൂചിപ്പിക്കുന്നു. രണ്ട് ദശാബ്ദക്കാലത്തോളം തുടർന്ന തദ്ദേശീയ ജനതയുടെ വംശീയ ഉന്മൂലനത്തിനു തുല്യമായ ഈ സംഭവത്തിന്റെ ഓർമക്കായി ജോർജിയയിൽ ട്രെയിൽ ഓഫ് ടിയേഴ്സ് സ്മാരകം സ്ഥിതിചെയ്യുന്നു.
** മൊക്കാസിൻ -തദ്ദേശീയർ ധരിക്കാറുള്ള പ്രത്യേകതരം തുകൽ ചെരിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.