ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: കവിതയൊക്കെ എഴുതുന്ന ഒരാളെ ആദ്യമായിട്ടാണ് അടുത്ത് കാണുന്നത്. അതേ സുഹൃത്ത് ഇന്നലെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞു: കാലം മാറിപ്പോയി, വീട്ടിൽനിന്നിറങ്ങിയാൽ ഒരു കവിയെയെങ്കിലും തട്ടാതെ മുട്ടാതെ തിരിച്ചെത്താൻ പറ്റില്ല ഇന്നത്തെ കാലത്ത്. ഇരുപത്തിയഞ്ച് കൊല്ലം നമുക്കും ഈ ഭാഷയ്ക്കും എന്താവും സംഭവിച്ചുണ്ടാവുക? നീതിയുടേതായ എന്തോ ഒന്ന് എപ്പോഴോ കാണാതായത് ഇവിടെങ്ങാനുമുണ്ടോ എന്ന് പരതാൻ ഭാഷ...
ഇരുപത്തിയഞ്ച് കൊല്ലം മുമ്പ്
ഒരു സുഹൃത്ത് എന്നോട് പറഞ്ഞു:
കവിതയൊക്കെ എഴുതുന്ന ഒരാളെ
ആദ്യമായിട്ടാണ് അടുത്ത് കാണുന്നത്.
അതേ സുഹൃത്ത് ഇന്നലെ
ഫോൺ വിളിച്ചപ്പോൾ പറഞ്ഞു:
കാലം മാറിപ്പോയി,
വീട്ടിൽനിന്നിറങ്ങിയാൽ
ഒരു കവിയെയെങ്കിലും
തട്ടാതെ മുട്ടാതെ
തിരിച്ചെത്താൻ പറ്റില്ല
ഇന്നത്തെ കാലത്ത്.
ഇരുപത്തിയഞ്ച് കൊല്ലം
നമുക്കും ഈ ഭാഷയ്ക്കും
എന്താവും സംഭവിച്ചുണ്ടാവുക?
നീതിയുടേതായ എന്തോ ഒന്ന്
എപ്പോഴോ കാണാതായത്
ഇവിടെങ്ങാനുമുണ്ടോ എന്ന് പരതാൻ
ഭാഷ മനുഷ്യരെ
എടുത്ത് നോക്കുകയും
നീക്കി നോക്കുകയും
കുടഞ്ഞ് നോക്കുകയും ചെയ്യുമെന്ന്
ഞാൻ വിശ്വസിക്കുന്നു.
ഇങ്ങനെ
ഭാഷയുടെ കൈപ്പെരുമാറ്റമേറ്റ
മനുഷ്യരാണ്
കവികളായി മാറുന്നതെന്ന്
എനിക്ക് അനുമാനിക്കണം.
മനസ്സിന് കവിതയുടെ
തലതിരിവുള്ളതുകൊണ്ടാണ്
ഈ തോന്നലുകളെന്ന് എനിക്കറിയാം.
ഞാൻ കണ്ടുമുട്ടുന്ന വേറെയൊരാൾക്കും
ഇതേപോലെ പ്രവർത്തിക്കുന്ന
മനസ്സുണ്ടാവാൻ സാധ്യത കൂടുന്നത്
നല്ല കാര്യമല്ലേ?
അതുകൊണ്ട്,
കവികളുടെ എണ്ണം
ഇനിയും കൂടട്ടെ എന്നാണ്
എനിക്ക് എഴുതാനുള്ളത്.
ആളോഹരി കവികളുടെ എണ്ണം
ഒന്നിൽ കൂടുമ്പോഴാവാം
എല്ലാ നീതികൾക്കും
ആവശ്യത്തിനുള്ള അളവിൽ
ഭാഷയുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.