തോണികൾ;മരങ്ങൾ പിടഞ്ഞു പിറക്കും മുമ്പേ... ചൂണ്ടക്കൊളുത്ത് പതിയിരിക്കും മുമ്പേ വലകൾ നെയ്യും മുക്കുവർ പിറക്കും മുമ്പേ... കിഴക്കൻ പേറ് തുടങ്ങും നേരം മീൻകാരി കടലമ്മ കോട്ടുവായിട്ട് കുതിച്ചുണരും. തിരക്കുഞ്ഞുങ്ങളെ അലയൊലിയാൽ തട്ടിയുണർത്തി കണ്ണിൽ ഉറക്കത്തിൻ തിരയാട്ടുമായി കരയായ കരയാകെ, മലയായ മലയാകെ നാടായ നാടാകെ മീൻ ചൂരു പകരും. കുടിലുകൾ വയർ നിറഞ്ഞുറങ്ങും. അന്തി വിളക്കൂതും നേരം ചെതുമ്പലു കുടഞ്ഞ് കടലമ്മ കിതച്ചെത്തും. ഒറ്റക്കണ്ണൻ...
തോണികൾ;
മരങ്ങൾ പിടഞ്ഞു
പിറക്കും മുമ്പേ...
ചൂണ്ടക്കൊളുത്ത്
പതിയിരിക്കും മുമ്പേ
വലകൾ നെയ്യും മുക്കുവർ പിറക്കും മുമ്പേ...
കിഴക്കൻ പേറ്
തുടങ്ങും നേരം
മീൻകാരി കടലമ്മ
കോട്ടുവായിട്ട് കുതിച്ചുണരും.
തിരക്കുഞ്ഞുങ്ങളെ
അലയൊലിയാൽ തട്ടിയുണർത്തി
കണ്ണിൽ ഉറക്കത്തിൻ തിരയാട്ടുമായി
കരയായ കരയാകെ,
മലയായ മലയാകെ
നാടായ നാടാകെ
മീൻ ചൂരു പകരും.
കുടിലുകൾ വയർ നിറഞ്ഞുറങ്ങും.
അന്തി വിളക്കൂതും നേരം ചെതുമ്പലു കുടഞ്ഞ്
കടലമ്മ കിതച്ചെത്തും.
ഒറ്റക്കണ്ണൻ മാനത്തിൻ
നീല വെളിച്ചത്തിൽ
ഉടൽ ചൊരുക്കഴിച്ച്
പാട്ടു പാടി കഥ പറഞ്ഞ്
കടൽക്കുഞ്ഞരോടൊത്ത്
നഗ്നയായി രാവേറെ നീന്തും...
കടലൊച്ചയോടൊപ്പം
കഥയൊളിച്ചൊരു ശംഖ്
ഉച്ചയുറക്കത്തിൽ തീരത്തണഞ്ഞു.
മണൽക്കൊട്ടാരത്തിൻ പണിപ്പുരക്കിടെ
കുഞ്ഞിക്കാലിലുടക്കി.
കൈമറിഞ്ഞൊടുവിൽ
ദേവന് പൂജാ നാദമായി.
ഉച്ചയുടെ തിളങ്ങും മൗനം...
തിരത്താള് മറിച്ച് ശംഖനാദം
കഥകളിൽ നൂണ്ടു.
മറവിയിൽ ആഴാത്ത
കടൽ ത്യാഗ കഥ
ശംഖിനുള്ളിൽ തിരയടിച്ചു.
‘‘നീല ഗോളത്തിൻ അധിപയായ കടലമ്മ;
ജീവന്റെ തുടിപ്പിൽ
കടലൊഴിഞ്ഞ് കര വിരിച്ച്
വശങ്ങളിലേക്ക് പിളർന്ന
കാലത്തിൻ ഓർമയലകൾ ശംഖൂതി.
മുറിഞ്ഞ വേദനക്ക് മുകളിൽ
ജീവന്റെ പരിണാമം.
ബാക്ടീരിയ, പായൽ, ഷഡ്പദം, ഉരഗം, മനുഷ്യൻ
...ജീവൻ, ജീവൻ, ജീവൻ...
കടൽ പകുത്ത് നൽകിയ കരയിൽ;
വംശം, അധികാരം, പിടിച്ചടക്കൽ
കാലഗതിയിൽ
മഴുവെറിഞ്ഞും * മണിമുറമെറിഞ്ഞും**
കടൽ പിറകോട്ടിയതെന്ന
മിത്ത് പടരവെ
കടൽ പിളർന്നു പിടഞ്ഞ
വേദന കരയെടുത്തു.
കെട്ടുകഥ ചരിത്രത്താളിൽ വേരോടി...
മഴു തിന്ന കാട്ടുജീവന്റെ
രോദനത്തിൽ കടൽ നീലിച്ചു.’’
ശംഖിൽനിന്നും കടലമ്മക്കഥ
കടൽ കടന്ന് കര നിറഞ്ഞു.
ചരിത്രം കെട്ടുകഥയെന്നോതിയ
കടലമ്മ കള്ളിയായി.
കടലമ്മ കള്ളി
കടലമ്മ കള്ളി
തീരങ്ങളിൽ നിറഞ്ഞു.
മീൻകാരിക്കടൽ
കള്ളിക്കടലായ വേദനയാൽ
പിന്നെയും കര തന്ന് പിറകോട്ടോടി.
കടൽക്കുഞ്ഞുങ്ങൾ ആഴക്കടലിലൊളിച്ചു.
കരയും മലയും മീൻഗന്ധമില്ലാതുറങ്ങി.
കര; കടൽ ഇറങ്ങിയ ശൂന്യത.
പിളർന്നു മാറിയ
മറുപാതിയെ തേടി
കടൽ തീരത്തെ
തൊട്ടു തൊട്ടു മടങ്ങുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.