ഹിമാലയ യാത്ര കഴിഞ്ഞെത്തിയ അയാൾമഞ്ഞിലുറഞ്ഞുപോയ നദിയെ കുറിച്ച് വാചാലനായി സ്വപ്നങ്ങളുറഞ്ഞുപോയ നദിയെപ്പറ്റി ഒറ്റവാക്കിലവളും. മലയിടിച്ചിലിന്റെ ഭീകരത അയാളുടെ വാക്കുകളിൽ നിറഞ്ഞുകവിഞ്ഞു. മനസ്സിടിഞ്ഞവളെ വെളിപ്പെടുത്താൻ അവൾക്ക് വാക്കുകളാവശ്യമുണ്ടായിരുന്നില്ല. അഗാധതകളിലേക്ക് തെന്നിവീഴാവുന്ന നേർത്ത...
ഹിമാലയ യാത്ര കഴിഞ്ഞെത്തിയ അയാൾ
മഞ്ഞിലുറഞ്ഞുപോയ നദിയെ കുറിച്ച് വാചാലനായി
സ്വപ്നങ്ങളുറഞ്ഞുപോയ
നദിയെപ്പറ്റി ഒറ്റവാക്കിലവളും.
മലയിടിച്ചിലിന്റെ ഭീകരത അയാളുടെ
വാക്കുകളിൽ നിറഞ്ഞുകവിഞ്ഞു.
മനസ്സിടിഞ്ഞവളെ വെളിപ്പെടുത്താൻ
അവൾക്ക് വാക്കുകളാവശ്യമുണ്ടായിരുന്നില്ല.
അഗാധതകളിലേക്ക് തെന്നിവീഴാവുന്ന
നേർത്ത ഹിമാലയവഴികളോർത്തയാൾ
ജാഗരൂകനായി.
ജീവിതത്തിലൂടെ നടക്കുന്ന
ട്രിപ്പീസു കളിക്കാരിയെയോർത്ത്
അവൾ നെടുവീർപ്പിട്ടു.
അരുണാഭയിൽ മിന്നുന്ന
മഞ്ഞുമലകളുടെയോർമയിൽ
അയാളുടെ കണ്ണുകൾ തിളങ്ങി.
കെട്ടുപോയ അനേകം സൂര്യൻമാർ
കറുപ്പു വീഴ്ത്തിയ കൺതടങ്ങളുമായി അവൾ.
നിലാവു മയങ്ങുന്ന
ഹിമാലയസരസ്സുകളെയോർത്ത്
അയാൾ ഉന്മാദിയായി.
ഭൂമി വിഴുങ്ങുന്ന പ്രളയനദികളുടെ
പാതിരാസ്വപ്നങ്ങളിലവൾ ചകിതയായി
വെൺമഞ്ഞിന്റെ ധവളിമയിലലിഞ്ഞു ചേർന്ന
ആനന്ദത്തിലയാളൊരു ബുദ്ധനായി.
തിളക്കുന്ന മരുഭൂമിയിലൂടെ
നടന്ന് നടന്നവൾ കസ്തൂർബയായി.
ഹിമാലയപുഷ്പങ്ങളുടെ വശ്യമധുരിമയിൽ
അയാളൊരു കാമുകനായി.
കടലാസുപുഷ്പങ്ങളുടെ കരുണയില്ലായ്മയിൽ
അവളൊരു ഭാര്യയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.