അരയന്നത്തുടി

ഞാൻ പോകും പാതയിൽ തടാകവക്കിൽ, അരയന്നമരയന്നം. നീ പോകും പാതയിൽ തടാകവക്കിലരയന്നമിരിപ്പത് വെള്ളമിനുപ്പിലൊരരയന്നത്തെ- യെനിക്കും രചിച്ചു തന്നു. തെളിനീരിൽ ദൂരങ്ങ,ളപരങ്ങൾ ബിംബിച്ചു നിൽക്കേ ഇലകളിന്നലെകൾപോൽ ഒഴുകിപ്പോകേ അരയന്നപ്പെണ്ണിരുചിറകുകളിൽ ചെറു ചലനതാനങ്ങൾ മീട്ടി നാലഞ്ചു മുട്ടകളിൽ പ്രാണചലനങ്ങൾ- ക്കാമുഖമെഴുതുകയായി. മണ്ണിൽ വറ്റി വീണ മരച്ചുള്ളി, പുല്ലുണങ്ങിയതിൻ പൊളി, അടയിരിപ്പിനു മെത്തയാക്കി ഘനമൗനം രാകിയങ്ങനെ... അടയിരിക്കും കിളിത്തുരുത്തങ്ങ് ഭൂഗോള മറുപാതിയിലെങ്കിലും ചിത്രങ്ങൾ ചലിതങ്ങൾ ഞൊടിയിടയിൽ ദൂരം വകഞ്ഞ് വരവായിവിടെ. അരയന്നമെപ്പോഴേ...

ഞാൻ പോകും പാതയിൽ

തടാകവക്കിൽ, അരയന്നമരയന്നം.

നീ പോകും പാതയിൽ

തടാകവക്കിലരയന്നമിരിപ്പത്

വെള്ളമിനുപ്പിലൊരരയന്നത്തെ-

യെനിക്കും രചിച്ചു തന്നു.

തെളിനീരിൽ ദൂരങ്ങ,ളപരങ്ങൾ

ബിംബിച്ചു നിൽക്കേ

ഇലകളിന്നലെകൾപോൽ ഒഴുകിപ്പോകേ

അരയന്നപ്പെണ്ണിരുചിറകുകളിൽ

ചെറു ചലനതാനങ്ങൾ മീട്ടി

നാലഞ്ചു മുട്ടകളിൽ പ്രാണചലനങ്ങൾ-

ക്കാമുഖമെഴുതുകയായി.

മണ്ണിൽ വറ്റി വീണ മരച്ചുള്ളി,

പുല്ലുണങ്ങിയതിൻ പൊളി,

അടയിരിപ്പിനു മെത്തയാക്കി

ഘനമൗനം രാകിയങ്ങനെ...

അടയിരിക്കും കിളിത്തുരുത്തങ്ങ്

ഭൂഗോള മറുപാതിയിലെങ്കിലും

ചിത്രങ്ങൾ ചലിതങ്ങൾ ഞൊടിയിടയിൽ

ദൂരം വകഞ്ഞ് വരവായിവിടെ.

അരയന്നമെപ്പോഴേ എന്റേതായി.

തടാകവക്കിൽ ചുള്ളിമെത്തയിലിരിപ്പായ

വെള്ളഹംസത്തിന്നണിയമെനിക്കും

പുലരിനടത്തയിലെ വെൺകണി.

പുൽത്തലകൾ കൂടാര മേൽത്തട്ട്

താഴെ തടാകസ്പന്ദ മാർദവം

കാറ്റ് താരാട്ടുന്നൊരീണങ്ങൾ.

നീ കാണുമരയന്നം ഞാൻ കാണുന്നാകയാ-

ലെന്റെ മിഴിവില്ല് മിഴിഞ്ഞുനീളുന്നു

അരയന്നതല്പത്തോളം.

ആ ദേശമീദേശം തൊട്ടുനിൽക്കുന്നു.

തടാകധ്വനി, ചിറകിൻകീഴ്,

അടിത്തട്ടും കാണുമൊരു

ജല ശുഭ്രദർശനം.

ഉൺമ നിവരുന്നെന്നിൽ.

ഭൂമിക്കളത്തിലെ ഏകചലനം

ഈ അരയന്നമിടിപ്പ്, എന്നപോലെ.
s

ഹംസഹൃത്തിൽ മിന്നുന്നവ

ഹൃത്തിലെനിക്കും വരവായി-

പുൽത്തലവാളിലൊരാദികിരണം

തട്ടിയുയരുമൊളിപോലെ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.