ചിലർക്കെങ്കിലും ഓർമ കണ്ടേക്കാം ഒട്ടിച്ചി സംഘങ്ങളെ ഇപ്പോഴുള്ളതുപോലെ സ്കൂളുകൾക്കൊന്നും മതിലോ മൾട്ടിക്കളറോ ഇല്ലാതിരുന്ന കാലത്ത് ഇടക്കിടെ എങ്ങൂന്നോ വന്ന് മൂന്നോ നാലോ നാളവിടെത്തങ്ങി അടുപ്പു കൂട്ടി ജീവിതമൊരുക്കി തിന്നും കിടന്നും മടങ്ങും ആബാലവൃദ്ധരുടെ കൂട്ടത്തെ കല്ലുകൊത്താനുണ്ടോ കല്ലുകൊത്താനുണ്ടോന്ന് തിരക്കി പകലുമുഴുവനാ നാട്ടിലെല്ലാം കറങ്ങിനടന്ന് പണി ചെയ്യുന്നോരെ ഉന്നം തെറ്റാതെ തെറ്റാലിക്കടിച്ച് കറിവെക്കാൻ പ്രാവിനെ വീഴ്ത്തുന്നോരെ വൈകീട്ട് കോഴിയെ വാങ്ങി തിരികെവരുന്നോരെ ആമയെ പിടിച്ചുവരുന്നവരെ പരിസരവീടുകളിൽ മാറിമാറിക്കയറി ''അമ്മാ, അന്ത...
ചിലർക്കെങ്കിലും
ഓർമ കണ്ടേക്കാം
ഒട്ടിച്ചി സംഘങ്ങളെ
ഇപ്പോഴുള്ളതുപോലെ
സ്കൂളുകൾക്കൊന്നും
മതിലോ മൾട്ടിക്കളറോ
ഇല്ലാതിരുന്ന കാലത്ത്
ഇടക്കിടെ എങ്ങൂന്നോ വന്ന്
മൂന്നോ നാലോ നാളവിടെത്തങ്ങി
അടുപ്പു കൂട്ടി ജീവിതമൊരുക്കി
തിന്നും കിടന്നും മടങ്ങും
ആബാലവൃദ്ധരുടെ കൂട്ടത്തെ
കല്ലുകൊത്താനുണ്ടോ
കല്ലുകൊത്താനുണ്ടോന്ന് തിരക്കി
പകലുമുഴുവനാ നാട്ടിലെല്ലാം
കറങ്ങിനടന്ന് പണി ചെയ്യുന്നോരെ
ഉന്നം തെറ്റാതെ തെറ്റാലിക്കടിച്ച്
കറിവെക്കാൻ പ്രാവിനെ വീഴ്ത്തുന്നോരെ
വൈകീട്ട് കോഴിയെ വാങ്ങി
തിരികെവരുന്നോരെ
ആമയെ പിടിച്ചുവരുന്നവരെ
പരിസരവീടുകളിൽ
മാറിമാറിക്കയറി
''അമ്മാ, അന്ത അമ്മിക്കല്ലേലൊന്നു
കറിക്കരച്ചോട്ടേ''ന്ന്
ചോദിച്ചു ചോദിച്ചു നടക്കും
അവരിലെ പെണ്ണുങ്ങളെ
നേരമിരുട്ടുമ്പഴേക്കും വേകും
ചോറും പലതരമിറച്ചിയും
കള്ളു കൂട്ടിക്കഴിച്ച് കൊഴയായി
തമ്മിൽ കയർക്കുന്നവരെ
ലക്കില്ലാത്ത ആണുങ്ങൾ തമ്മിലും
ലക്കില്ലാത്ത പെണ്ണുങ്ങൾ തമ്മിലും
തല്ലുകൂടി തന്തക്കും തള്ളക്കും വിളിച്ച്
ഒടുക്കം പോലീസുവന്ന് വിരട്ടിയോടിക്കേ
രാത്രിക്ക് രാത്രി നാടുവിടും നാടോടികളെ
അറിയാത്ത ഭാഷകളി
ലാണാ വഴക്കുകൾ
അവരേത് തെക്കേന്ത്യക്കാരുമാകാം.
അങ്ങനൊരിക്കലവർ വന്നു മടങ്ങെ
ആ നാട്ടിൽ ശേഷിച്ച പയ്യനാണ്
പിഞ്ചിയ പച്ചനിക്കറുകാരൻ മുരുകൻ
അച്ഛനുമമ്മേം
കൊച്ചിലേ ഇല്ലാതായ അവനെ
ആ സംഘം അവിടുപേക്ഷിച്ചതാണെന്നും
അവരെ അവനുപേക്ഷിച്ചതാണെന്നും
രണ്ടു കഥ കേൾക്കാം നാട്ടിൽ
ഏതായാലുമവനങ്ങനെ
പൊതുമിടുക്കനായി വളർന്നു
ചായക്കടകളിൽ
വെറകു കീറിക്കൊടുത്തും
അരിയരച്ചു കൊടുത്തും
വീടുകളിൽ പലചരക്കു
വാങ്ങിക്കൊടുത്തും
തെങ്ങേൽ കേറീം പോച്ച ചെത്തീം
ആർക്കും വേണ്ടവനായി
വളർന്നു യുവാവായി
അതിലൊരു ചായക്കടേൽ
രാത്രിക്കിടപ്പുമായി മുരുകൻ.
വലിവ് കൂടി വയ്യാതായ
ദേവകിയുടെ മകൾ ബിന്ദുവിനെ
അവനെക്കൊണ്ട് കെട്ടിക്കാൻ
എല്ലാരുംകൂടി തീരുമാനിക്കുന്നത്
അങ്ങനൊക്കെയാണ്
ഒരു കൊല്ലംകൊണ്ടൊരു
മോളുമുണ്ടായി മുരുകന്, വള്ളി.
ആയിടെയാണ്
ദേവകിയുടെ ഇളയ മകൾ സിന്ധു
കോളനീലെ രാജേഷിന്റെ കൂടെ
അങ്ങിറങ്ങിപ്പോകുന്നത്
ദോശ തിരിച്ചിടുംപോലെ
അപ്പോൾ മുതലാണ്
മുരുകൻ വേറൊരാളാകുന്നതും
കുടിച്ച് ബോധംകെട്ട് ചെല്ലുന്നതും
തൊട്ടിലിൽ കിടക്കും കുഞ്ഞിനെ
കാലേൽ വാരി നിലത്തടിക്കാൻ
പല തവണ ശ്രമിക്കുന്നതും
ബിന്ദൂം ദേവകീം ഉറക്കമൊഴിഞ്ഞ്
അതിന് കാവലിരിക്കുന്നതും.
സമ്പൂർണ അനാഥനും
നാടോ വീടോ ജാതിയോ മതമോ
തീരെയറിയാത്തോനുമായ
ആളുടെ വാദമാണതിശയം
''നിന്റനിയത്തി ഒരു ___ന്റെ കൂടെ
എറങ്ങിപ്പോയതു കാരണം
എനിക്ക് വെളീലിറങ്ങി
നടക്കാൻ പറ്റാതായി
ഇനിയീ നാട്ടിൽ ജീവിക്കണ്ട
കൊച്ചിനേം കൊന്ന്
എങ്ങോട്ടേലും പോവും.''
മുരുകനിപ്പോൾ
പഴേ മുരുകനല്ല
ലക്ഷണമൊത്ത
ഒരിന്ത്യാക്കാരനായി
അവൻ വളർന്ന്
പന്തലിച്ചിരിക്കുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.