ഒരിക്കലൊരു രാജാവ്കൊട്ടാരമുറ്റത്ത് പ്രജകൾക്കായി സദ്യയൊരുക്കി... നഗരവാതിലുകൾ മലർക്കെ തുറക്കപ്പെട്ടു, പാലകർ മീശക്കൊമ്പു താഴ്ത്തിച്ചിരിച്ചു. അതിർത്തി കാക്കുന്ന ഭടന്മാർ വില്ല് താഴെവച്ച് പൂക്കൂട കയ്യിലെടുത്തു. കിളികൾ കളമേതെന്ന് നോക്കാതെ പറന്നു, പൂമണം ആരുടെ പറമ്പിലും പരന്നു. കൈകെട്ടിത്തള്ളിയ എഴുത്താളർ, വാ കൊട്ടിയടച്ച പാട്ടുകാർ, മൂളയിൽ അരക്കു വീണ ചിന്തകരെല്ലാം മോചിപ്പിക്കപ്പെട്ടു; രാജാവിനു മുഴുവട്ടായെന്ന് നാട്ടുകാർ...
ഒരിക്കലൊരു രാജാവ്
കൊട്ടാരമുറ്റത്ത്
പ്രജകൾക്കായി സദ്യയൊരുക്കി...
നഗരവാതിലുകൾ മലർക്കെ
തുറക്കപ്പെട്ടു, പാലകർ
മീശക്കൊമ്പു താഴ്ത്തിച്ചിരിച്ചു.
അതിർത്തി കാക്കുന്ന ഭടന്മാർ
വില്ല് താഴെവച്ച്
പൂക്കൂട കയ്യിലെടുത്തു.
കിളികൾ കളമേതെന്ന്
നോക്കാതെ പറന്നു, പൂമണം
ആരുടെ പറമ്പിലും പരന്നു.
കൈകെട്ടിത്തള്ളിയ എഴുത്താളർ,
വാ കൊട്ടിയടച്ച പാട്ടുകാർ,
മൂളയിൽ അരക്കു വീണ
ചിന്തകരെല്ലാം മോചിപ്പിക്കപ്പെട്ടു;
രാജാവിനു മുഴുവട്ടായെന്ന്
നാട്ടുകാർ കരുതി.
സദ്യക്കു പ്രജകളൊഴുകിയെത്തി
വിഭവങ്ങളോരൊന്നായ്
നിരന്നൊരുങ്ങി, വൈകാതെ
രാജാവെഴുന്നള്ളി.
കൊടിമരച്ചോട്ടിലെത്തി
കൂറക്കയർക്കെട്ട് താഴ്ത്തി
പാറുന്ന പതാകയഴിച്ചുമാറ്റി
വിചിത്രമായ ദേശീയ പതാക
പകരം കെട്ടിത്തൂക്കിപ്പൊക്കി!
നിറങ്ങളെല്ലാം കലങ്ങിമറിഞ്ഞും
ചിഹ്നങ്ങളെല്ലാം തലതിരിഞ്ഞും
ലക്ഷണംകെട്ട പതാക!
രാജാവരുളി: പ്രിയ പ്രജകളേ,
വേറൊന്നും തോന്നരുതേ
എന്റെ പേരക്കുട്ടി വരച്ച
പാവം പതാകയാണേ...
അവന്റെ തെറിപ്പുപോലിത്
മേലിൽ പാറട്ടെ, അവന്റെ
കുറുമ്പുപോലിത്
മേൽ മേൽ പറക്കട്ടെ, നമസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.