വെടിവെട്ടിത്താഴ്ന്നു പോകുംഭാഷതൻ മണ്ണിൽ എട്ടുകോലോ പത്തുകോലോ കവിതയ്ക്കാഴം? പടവുകെട്ടിത്തീരാത്ത ദുഃഖഭാരത്താൽ കിണറിടിഞ്ഞോ? മുടിഞ്ഞോ? ആരറിയുന്നു? പച്ചമണ്ണിൻ വിരൽതൊട്ടാ- ലർഥസങ്കൽപം തൊട്ടുതൊട്ടേ വിളിക്കുന്ന തീരമേതെന്നോ? ഇരുട്ടാഴത്തിളക്കത്തിൽ വാക്കുറവകൾ കുളിരോളക്കണ്ണിനുള്ളിൽ പരൽമീൻവെട്ടം കയർകെട്ടിതാണിറങ്ങും തൊട്ടിചെന്നേതോ കവിതപ്പൂവസന്തങ്ങൾ കോരിവെക്കുന്നു ഉപ്പുനീറ്റും കണ്ണുനീരി- ലലിയാക്കടൽ ഒപ്പിവെക്കും...
വെടിവെട്ടിത്താഴ്ന്നു പോകും
ഭാഷതൻ മണ്ണിൽ
എട്ടുകോലോ പത്തുകോലോ
കവിതയ്ക്കാഴം?
പടവുകെട്ടിത്തീരാത്ത
ദുഃഖഭാരത്താൽ
കിണറിടിഞ്ഞോ? മുടിഞ്ഞോ?
ആരറിയുന്നു?
പച്ചമണ്ണിൻ വിരൽതൊട്ടാ-
ലർഥസങ്കൽപം
തൊട്ടുതൊട്ടേ വിളിക്കുന്ന
തീരമേതെന്നോ?
ഇരുട്ടാഴത്തിളക്കത്തിൽ
വാക്കുറവകൾ
കുളിരോളക്കണ്ണിനുള്ളിൽ
പരൽമീൻവെട്ടം
കയർകെട്ടിതാണിറങ്ങും
തൊട്ടിചെന്നേതോ
കവിതപ്പൂവസന്തങ്ങൾ
കോരിവെക്കുന്നു
ഉപ്പുനീറ്റും കണ്ണുനീരി-
ലലിയാക്കടൽ
ഒപ്പിവെക്കും പദങ്ങളെ
ചുറ്റിനിൽക്കുന്നു
പകൽകാണാകാറ്റൊരെണ്ണം
കിണർച്ചുഴിയിൽ
നിശ്വസിച്ചും വിശ്വസിച്ചും
അടിയൊഴുക്ക്
ഞാനിറങ്ങും വൻകയങ്ങൾ
ജ്ഞാനമാകുമോ?
ഭീതിയൂട്ടും തീക്കുഴികൾ
കിണറാകുമോ?
കടുംവേനൽ കൂടുവെക്കും
മഴവൃക്ഷത്തിൽ
കിണറാഴപ്രതിധ്വനി
ഗൂഢസംഗീതം
അകം പുറം കാലമോടും
സമയവൃത്തം
രഹസ്യങ്ങൾ കൈമറിയും
തുരങ്കജന്മം
ജലനാരാൽ കെട്ടിവെക്കും
ഹൃദയഭിത്തി-
പ്പടവിന്മേൽ പണിയട്ടെ
പുനർജന്മങ്ങൾ
മഴവാക്യം മെനഞ്ഞിട്ട
നിലത്തെഴുത്തു
പല മാമാങ്കങ്ങൾ കണ്ട
കിണറാട്ടങ്ങൾ
കുരുതികാറ്റുലയ്ക്കുന്ന
കൊടുംപാപങ്ങൾ
വിറച്ചിട്ടും നിറച്ചിട്ടും
അടങ്ങാത്തൊട്ടി
ജനിയെന്നും മൃതിയെന്നും
ജപിക്കും കാലം
മതമെന്നും ജാതിയെന്നും
പുലമ്പും ഭൂമി
ജലസർപ്പം പത്തിനീർത്തും
കിണറിൻ കോപം
ജലശാപം കൊത്തിവീഴ്ത്തും
പ്രളയപ്പാപം
ഉണ്ടുറങ്ങാൻ കിണർപോലെ
ഉറക്കറകൾ
കൊണ്ടുപോയി മൂടിവെക്കും
മേഘമാനങ്ങൾ
എന്റെ കിണറിൽ തേൻതേടും
കടൽത്തുമ്പികൾ
എന്റെ മഴയിൽ കരഞ്ഞെത്തും
കാട്ടുവേഴാമ്പൽ
എന്റെ കിണറിൽ തീമേഘം
വിരുന്നെത്തുന്നു
എന്റെ കിണറിൽ നോവമ്മ
പെറ്റെണീക്കുന്നു
കിണറോർമക്കുള്ളിലായി
ഹെലിക്കൻ* സ്വപ്നം
ചുരത്തുന്ന കവിതപ്പാൽ-
തിരത്തിളക്കം
ജലഭ്രൂണം വെന്തുരുകും
ഭൂമിപാതാളം
കിണറാട്ടപ്പെരുങ്കാളി-
ക്കിന്നു പോരാട്ടം
ഇടത്താഴം വലത്താഴം
കടന്നുചെന്നാൽ
കിണററ്റം ജലധാരയ്-
ക്കിറ്റു വേദാന്തം
പടിഞ്ഞാട്ടോ കിഴക്കോട്ടോ
നൂണ്ടിറങ്ങുമ്പോൾ
കനിഞ്ഞേകാൻ നമുക്കില്ലേ
കിണർവെട്ടങ്ങൾ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.