ഒരാൾക്കുള്ള മൂന്ന് ചായകൾ

അയാളൊരു ചായക്കാരനാണെന്ന് ഇന്നാണ് മനസ്സിലാക്കിയത്. മുമ്പുള്ള പണികളെന്തായിരുന്നുവെന്നറിയില്ല. എന്തായാലും അതിലൊന്ന് പക്ഷേ, അവളെ നോക്കലായിരുന്നു. വളരെ വൃത്തിയായി ആ പണി ചെയ്തുപോന്ന ആളെ ആരാണാവോ ചായപ്പണി ഏൽപിപ്പിച്ചത്? തേയിലനാമ്പുകളിലേക്ക് ആദ്യത്തെ ചൂടേൽപിച്ച് കോടപ്പാലൊഴിച്ച് ചെഞ്ചായക്കുന്നിൽ സൂര്യൻ തിളപ്പിച്ചെടുക്കുന്ന ആവിപൊന്തും ചായ മുത്തുംപോൽ, അരക്കെട്ട് നിറയും ഗ്ലാസിൽ പാലൊഴിച്ച്, പഞ്ചാരത്തരികളിൽ പതഞ്ഞ്, ഉച്ചയൊന്നാറ്റിത്തണുപ്പിച്ച്, അയാൾ ചായ നീട്ടുന്നു. അവളുടെ ചായനോട്ടമയാളിലെ ത്തുന്നതിനു മുമ്പേ അയാളുടെ കൈകൾ തുളുമ്പി ഗ്ലാസിൽ ചായ വീഴുന്നു. പതിയെ, തന്റെ...

അയാളൊരു ചായക്കാരനാണെന്ന്

ഇന്നാണ് മനസ്സിലാക്കിയത്.

മുമ്പുള്ള പണികളെന്തായിരുന്നുവെന്നറിയില്ല.

എന്തായാലും

അതിലൊന്ന് പക്ഷേ,

അവളെ നോക്കലായിരുന്നു.

വളരെ വൃത്തിയായി

ആ പണി ചെയ്തുപോന്ന ആളെ ആരാണാവോ

ചായപ്പണി ഏൽപിപ്പിച്ചത്?

തേയിലനാമ്പുകളിലേക്ക്

ആദ്യത്തെ ചൂടേൽപിച്ച്

കോടപ്പാലൊഴിച്ച്

ചെഞ്ചായക്കുന്നിൽ

സൂര്യൻ തിളപ്പിച്ചെടുക്കുന്ന

ആവിപൊന്തും ചായ മുത്തുംപോൽ,

അരക്കെട്ട് നിറയും ഗ്ലാസിൽ

പാലൊഴിച്ച്,

പഞ്ചാരത്തരികളിൽ പതഞ്ഞ്,

ഉച്ചയൊന്നാറ്റിത്തണുപ്പിച്ച്,

അയാൾ ചായ നീട്ടുന്നു.

അവളുടെ ചായനോട്ടമയാളിലെ

ത്തുന്നതിനു മുമ്പേ

അയാളുടെ കൈകൾ തുളുമ്പി

ഗ്ലാസിൽ ചായ വീഴുന്നു.

പതിയെ,

തന്റെ പ്രണയകാല ചായക്കാടുകളെ

മുഴുവൻ നട്ടുമുളപ്പിച്ചതിൽ,

ഏറ്റവും

ഇളംകൊളുന്തുകൾ നുള്ളി

തീവ്രമായ ഉച്ചച്ചൂടിനെ വേർപെടുത്തി

ആറ്റിയാറ്റിത്തണുപ്പിച്ച്,

അയാളെത്തന്നെ നേർത്ത തരികളാക്കി ലയിപ്പിച്ച്,

കടുപ്പം കൂടാതെയോ

ഇളംപിങ്കിലോ,

പാലായിപ്പോവുമോയെന്ന

ലളിതശങ്കയിലോ

ആകാവുന്നത്ര കാഴ്ചമധുരവും

കലർത്തി

ഹൃദയാകൃതിയിൽ പതപ്പിച്ച്,

ഉടലിന്റെ ഓരോയിടവും

ചായയിടുന്ന കേന്ദ്രാശയത്തോട് മാത്രം സംവദിച്ച്,

കുടിക്കുന്നതിനു മുമ്പേ

ഉയരും മിടിപ്പിലൊന്ന് മുട്ടിച്ച്,

മണത്ത്,

അന്നേദിവസത്തെ

ചായക്കപ്പിനെ

പാലിനെ

ചായത്തോട്ടത്തെ

അതു നുള്ളിയ കൈകളെ

തീയെ

ഉദ്യാനമാക്കി,

വഴിയെ പൂപ്പാതയാക്കി,

ചായ കുടിച്ചില്ലെങ്കിൽ ഈ നിമിഷം

മരിച്ചുപോവുമെന്ന മട്ടിൽ,

ആ സന്ദേശകാവ്യം

അവൾക്കു നീട്ടുമ്പോൾ

അയാൾ കൂട്ടിയതിലുമധികമായൊരു

മുറുക്കം

അവർക്കിടയിലൂടെ പ്രവഹിച്ച്,

ആരുമറിയാതെ

വലയങ്ങളുണ്ടാക്കി

അയാളിലേക്ക്

തിരികെ കയറിപ്പോവുന്നു.

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.