ഉറങ്ങാനിഷ്ടമല്ലായിരുന്ന ഒരു കുട്ടി
കണ്ണോടു കണ്ണ് എന്നെ തുറിച്ചുനോക്കുന്നു.
ഏറ്റവും സ്വസ്ഥമായി ഉറങ്ങാൻ അനുവദിച്ചു
കിട്ടിയിരുന്ന സ്ഥലകാലങ്ങൾ
തുലച്ചുകളഞ്ഞതോർത്ത് കുട്ടിയുടെ
കൺകളിൽ വിറയൽ
വരുംകാലങ്ങളിൽ ഉറക്കമേ ഇല്ലാതായാലോ
എന്നോർത്തിട്ടാണോ
അയ്യോ....
അങ്ങനെ
ഇല്ലാതാവുന്ന ഒന്നിനെയോർത്ത്
കുട്ടി സാവകാശം നെടുവീർപ്പിടുന്നല്ലോ
അങ്ങനെ വിളിച്ചാൽ പാഞ്ഞെത്തുന്ന ഒന്നല്ലാ
ഉറക്കമെന്ന്
ജീവിതത്തോടതിന്
കെഞ്ചേണ്ടി വരുമല്ലൊ
നാഴിക വിനാഴികയെണ്ണി കൃത്യമായി
സമയം പഠിപ്പിച്ച്, പരിശീലിപ്പിച്ചും
ഒപ്പം ചേർത്തു കിടത്തി ഓമനിക്കേണ്ട
ഓമന മൃഗമാണ് ഉറക്കമെന്ന്....
പയ്യെ പയ്യെ
വയസ്സാകുംതോറും
യജമാനസ്നേഹം ആവശ്യത്തിലധികം
പ്രകടിപ്പിക്കാൻ ശീലിപ്പിക്കണമെന്ന്
അടക്കം പറയുന്നു.
കൂട്ടിത്തത്തിന്റെ ആവേശത്തിൽ
വെല്ലുവിളിക്കുകയേ ചെയ്യരുതായിരുന്നു
പ്രത്യേകിച്ച് ഉറക്കത്തെ ...
നിൽക്കകള്ളിയില്ലാതെ
കൺപോളകൾക്ക് അടിയറവു പറയേണ്ടി
വന്നിരുന്നല്ലോ.
എന്തുതന്നെയായാലും
ജനനത്തിന് നിന്ന് മരണത്തിലേക്കും
മരണത്തിൽ നിന്ന് ജനനത്തിലേക്കും ഊയലാടുന്ന
മന്ത്രവാദമായതിനാൽ
എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോ
ഇത്തിരി ഉറക്കംപോലെ ആഹ്ലാദകരമായ
ഒന്നും തന്നെ ഭൂമിയിലില്ല.
അങ്ങനെയങ്ങനെയിരിക്കെ
ഒരു ദിവസം
ഉറക്കത്തിന്റെ കണ്ണുകെട്ടി
പിന്നത്തെ ജന്മത്തിലേക്ക് ഞാനിറങ്ങി നടക്കും....
പാതിയുറക്കത്തിലോ പാതി ഉണർവിലോ
ഞാൻ ഒരു കുട്ടിയെ കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.