ചെറുകിളിയും വെയിൽകായുവാനൊരുങ്ങുമ്പോൾചിറക് വിടർന്നുനീണ്ടിരു കൈകളെ പോലെ വെറുംനിലത്തിൻസിംഹാസനത്തിലമരുന്ന വിഹഗവിരാട് രൂപ ദർശനം തരുമ്പോലെ നമിച്ചാദ്യമായൊരു വിശുദ്ധസ്ഥലിയിലേ- ക്കബദ്ധമെത്തിച്ചേർന്ന വഴിയാത്രികപോലെ ഒതുങ്ങിയതിൻ തേജഃമണ്ഡലമകന്നു നി- ന്നൊളിഞ്ഞു കാണും രഹസ്യത്തിന്റെ നിജപ്പെടൽ മലർന്നുതെള്ളിത്തെള്ളി ധൂളിതൂളുമാക്കുളി കഴിഞ്ഞു മുഖാമുഖം സൂര്യനെ ഗഭീരനായ് പവിഴമണിക്കണ്ണിനിമവെട്ടാതെ, ചുറ്റും പരന്നമൗനത്തിനെ...
ചെറുകിളിയും വെയിൽകായുവാനൊരുങ്ങുമ്പോൾ
ചിറക് വിടർന്നുനീണ്ടിരു കൈകളെ പോലെ
വെറുംനിലത്തിൻസിംഹാസനത്തിലമരുന്ന
വിഹഗവിരാട് രൂപ ദർശനം തരുമ്പോലെ
നമിച്ചാദ്യമായൊരു വിശുദ്ധസ്ഥലിയിലേ-
ക്കബദ്ധമെത്തിച്ചേർന്ന വഴിയാത്രികപോലെ
ഒതുങ്ങിയതിൻ തേജഃമണ്ഡലമകന്നു നി-
ന്നൊളിഞ്ഞു കാണും രഹസ്യത്തിന്റെ നിജപ്പെടൽ
മലർന്നുതെള്ളിത്തെള്ളി ധൂളിതൂളുമാക്കുളി
കഴിഞ്ഞു മുഖാമുഖം സൂര്യനെ ഗഭീരനായ്
പവിഴമണിക്കണ്ണിനിമവെട്ടാതെ, ചുറ്റും
പരന്നമൗനത്തിനെ തീരെയും ഭഞ്ജിക്കാതെ
ഇരിപ്പുമണ്ണിൻ രാജപീഠത്തിൽ വിരുത്തിയ
ബലിഷ്ഠപക്ഷങ്ങളാൽ വിരൽചൂണ്ടിയ പോലെ
സമസ്തചലനത്തെ സ്തബ്ധമാക്കുമാറാജ്ഞ
കൊടുത്തു തൂവൽകോതുന്നാത്മഭാജനത്തിനെ.
അടർത്തിയെടുക്കുമാ നിമിഷം, കാലം സ്തംഭി-
ച്ചടച്ചുവക്കുന്നഭ്രമൂടിയിലതിഭദ്രം
വജ്രത്തിലകപ്പെടേ ആയിരം തിരി കത്തി-
ച്ചൊറ്റ രശ്മിയും സ്വയം സംഭൃതയാകുംപോലെ
സ്വാഭിമാനത്തിൽ ജൃംഭിക്കുന്ന ചൈതന്യത്തിനെ
പക്ഷിയായ് ചുരുക്കാതെ പെരുക്കും തന്നിൽതന്നെ
ചാമരം വീശുന്നോരോ വായുവും ജഗത്പ്രാണ-
നാവിവൃന്ദത്താലിലപ്പങ്കകൾ കറക്കുന്നു
പട്ടുനീർത്തുന്നൂ കരിംപച്ചനൂലിഴനെയ്തു
കൊച്ചുപല്ലുകൾ കോർത്ത് തുപ്പലൊട്ടിച്ചും
കൈകാൽകത്രിക ഇളം തളിർ മുറിച്ചു തുന്നിച്ചേർത്തും
ചെരിപ്പ് കുത്തുന്ന കൂനെറുമ്പ് വാ പൊത്തിവന്നടുത്ത് കാണിക്കയാം
പാദുകമർപ്പിക്കുന്നു.
ഹേ! ഭവാൻ, ചൊടി താഴ്ത്തുകീയിതൾ
കുമ്പിൾ ചരിച്ചാവോളം പാനം ചെയ്ക
രാജകീയത്തിൻ രസം
ആരിതാദരാലശരീരിയായ്, പകൽ മായു-
ന്നാദിയിൽപോലെ നമ്മൾ ജാതിയിൽ പ്രഭുക്കളായ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.