കാടൽ, കാടുപോലാവൽ, ഇരുളും ചോരയിൽ കരിനീലവിഷാദം, നാഡിതോറും വിടുതലില്ലാതെ നൂഴ്ന്നിഴഞ്ഞുചേരുന്ന ശീൽക്കാരം ബാധകൊള്ളുമുടമ്പിൽ പിണഞ്ഞ് താണഴിഞ്ഞുതുള്ളിപ്പടർന്നാടി ആഞ്ഞുകൊത്തിപ്പിടയ്ക്കുമുന്മാദം. "ആരിവൾ, ഇവൾക്കെന്തൊരു കാടൽ കർക്കിടത്തിലെ കാവുകൾ പോലെ" കാറ്റൽ, നിൽക്കാ,തിരിക്കാതലഞ്ഞും ഊതിയൂതിയുരുണ്ടും പിരണ്ടും ചീറിമൂളിയലറി വിളിച്ചും പുൽക്കൊടികളെ ചായ്ച്ചുമ്മവച്ചും വന്മരങ്ങൾ ചെരിച്ചും മറിച്ചും ഒന്നുരണ്ടു നൊടിപോലുമൊന്നു കണ്ണുപൂട്ടാത്ത...
കാടൽ, കാടുപോലാവൽ, ഇരുളും
ചോരയിൽ കരിനീലവിഷാദം,
നാഡിതോറും വിടുതലില്ലാതെ
നൂഴ്ന്നിഴഞ്ഞുചേരുന്ന ശീൽക്കാരം
ബാധകൊള്ളുമുടമ്പിൽ പിണഞ്ഞ്
താണഴിഞ്ഞുതുള്ളിപ്പടർന്നാടി
ആഞ്ഞുകൊത്തിപ്പിടയ്ക്കുമുന്മാദം.
"ആരിവൾ, ഇവൾക്കെന്തൊരു കാടൽ
കർക്കിടത്തിലെ കാവുകൾ പോലെ"
കാറ്റൽ, നിൽക്കാ,തിരിക്കാതലഞ്ഞും
ഊതിയൂതിയുരുണ്ടും പിരണ്ടും
ചീറിമൂളിയലറി വിളിച്ചും
പുൽക്കൊടികളെ ചായ്ച്ചുമ്മവച്ചും
വന്മരങ്ങൾ ചെരിച്ചും മറിച്ചും
ഒന്നുരണ്ടു നൊടിപോലുമൊന്നു
കണ്ണുപൂട്ടാത്ത തീരാത്ത വീശൽ
"കാറ്റലുള്ള പെണ്ണുങ്ങൾ വരുമ്പോൾ
പൂക്കളേ നിങ്ങൾ താനേയിറുന്ന്
കൂട്ടുപോയിപ്പറന്നിടാറുണ്ടോ"
വെള്ളൽ, വെള്ളമെന്നോണമൊഴുകൽ
തുള്ളിയിറ്റിറ്റു വീണു തെറിയ്ക്കൽ
വീണിടത്തു പടരൽ, തീരാതെ
മഞ്ഞ്-നീരാവി-മേഘം-മഴനീർ
എന്ന്, നിൽക്കാതുറയ്ക്കാതെ പാച്ചിൽ
അത്രയും ദ്രവം, അത്ര സുതാര്യം
അത്രമാത്രം ഇല്ലാത്തതാം രൂപം.
"എന്തു വെള്ളൽ ഈ പെണ്ണിന്ന്, വേനൽ-
ക്കാലമാണെന്നവളറിഞ്ഞില്ലേ?"
തീയൽ, തീയാകൽ, ചൂടുള്ള ചോപ്പ്
കണ്ണുകണ്ണാലെ കാണുന്നതെന്തും
തിന്നുതീർക്കുന്ന തീരാവിശപ്പ്
ഏതശുദ്ധിയും ശുദ്ധിയാക്കും മഹാ
ക്രൂരകാരുണ്യസിദ്ധി, തീരുമ്പോൾ
ആളിയാളിയാടും കൂപ്പുകൈകൾ
നീറിനീറിനീളും മിനുക്കങ്ങൾ
"കെട്ടുപോകുമോ, വീശിമാറും വെറും-
ചാറ്റലിൽ ഉള്ളുപൊള്ളുന്ന തീയൽ?"
വാനൽ, അറ്റമില്ലാതെ പരന്ന്
നീലനീലനിവരൽ, മേഘങ്ങൾ
സൂര്യചന്ദ്രനക്ഷത്രജാലങ്ങൾ
എന്നുമെന്നുമുദിച്ചസ്തമിക്കൽ
കൈകൾ നീട്ടിയാലെത്താത്ത ദൂരം
ഉള്ളെറിഞ്ഞാൽ കുരുങ്ങാത്ത കാലം
ഊയലാടിത്തൊടുന്നൊരായത്തിൽ
കണ്ടുതീരാത്ത സ്വപ്നമായ് മാറൽ
"മായയല്ല, പൊയ്യല്ല, തീരില്ല,
മണ്ണിലെ മർത്യജീവിതവാനൽ."
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.