അവൾ മരിക്കുമ്പോൾ ഞങ്ങൾ നല്ല ഉറക്കത്തിലായിരുന്നു.ഇടയ്ക്കെപ്പോഴോ അവൾ എന്റെ ഉറക്കത്തിലേയ്ക്കു നടന്നുകയറുന്നതു കണ്ടു.അന്നേവരെ ഞാൻ പറഞ്ഞ തെറിവാക്കുകളുടെ കുട്ട എന്റെ മുന്നിലേയ്ക്കു ചൊരിഞ്ഞിട്ടു.ഞാൻ കൊടുത്ത ചവിട്ടുകളത്രയും യാതൊരു ദയയുമില്ലാതെ എന്റെ നെഞ്ചത്തു പതിച്ചുവച്ചു.ഞാൻ മാത്രം കിടക്കുന്ന ചാരുകസേരയിൽ കയറി കാലിൻമേൽ കാൽകയറ്റിയിരുന്നു...
അവൾ മരിക്കുമ്പോൾ ഞങ്ങൾ നല്ല ഉറക്കത്തിലായിരുന്നു.
ഇടയ്ക്കെപ്പോഴോ അവൾ എന്റെ ഉറക്കത്തിലേയ്ക്കു നടന്നുകയറുന്നതു കണ്ടു.
അന്നേവരെ ഞാൻ പറഞ്ഞ തെറിവാക്കുകളുടെ കുട്ട എന്റെ മുന്നിലേയ്ക്കു ചൊരിഞ്ഞിട്ടു.
ഞാൻ കൊടുത്ത ചവിട്ടുകളത്രയും യാതൊരു ദയയുമില്ലാതെ എന്റെ നെഞ്ചത്തു പതിച്ചുവച്ചു.
ഞാൻ മാത്രം കിടക്കുന്ന ചാരുകസേരയിൽ കയറി കാലിൻമേൽ കാൽകയറ്റിയിരുന്നു നോക്കി,
പത്രമെടുത്ത് ചരമകോളം നോക്കി എന്റെ പേർ വിവരങ്ങൾ ഉറക്കെ വായിച്ചുകേട്ടു.
പുറത്തേയ്ക്കിറങ്ങി മഴയത്രയും നനഞ്ഞു വന്ന്
അവൾതന്നെ തേച്ചുവച്ച വടിപ്പശയുള്ള മുണ്ടുവിരിച്ച് അതിൽ കിടന്നുരുണ്ടു.
വാതിൽപ്പടിക്കു മുകളിൽനിന്ന് എന്റെ താക്കോലേന്തിയെടുത്ത്
കാൽപ്പെട്ടി തുറന്ന് ആധാരത്തിലെല്ലാം എന്റെ പേരു വെട്ടിമാറ്റി അവളുടെ പേര് എഴുതിച്ചേർത്തു.
അടുക്കള വരാന്തയിലെ ഞാനെറിഞ്ഞു പൊട്ടിച്ച ചട്ടിക്കഷണങ്ങൾക്കു മുകളിൽ എന്നെ എടുത്തുകിടത്തി.
അതുവരെയില്ലാത്ത ആർത്തിയോടെ ബ്ലൗസിന്റെ ഹുക്കുകൾ പൊട്ടിച്ച് വായിലേയ്ക്ക് മുലക്കണ്ണുകൾ തിരുകിവച്ചു.
എന്റെ നെഞ്ചിലെ എന്നോ കണ്ടുമറന്ന നീലമറുകിൽ ആർദ്രമായി തലോടി.
അലമാരയിൽനിന്ന് പഴകിപ്പൊടിയാറായ കല്യാണസാരി വിരിച്ച് അതിൽ കിടന്നവളുറങ്ങിപ്പോയി.
ഞാൻ കണ്ട സ്വപ്നത്തിലെ പെണ്ണിന് അന്നും അവളുടെ മുഖമായിരുന്നില്ല.
ഉണർന്നപ്പോഴും അവൾ
നല്ല ഉറക്കത്തിലായിരുന്നു.
മുറ്റം ആരോ അടിച്ചുവാരി, വരാന്തയിൽ നിലവിളക്കു കത്തിച്ചു വച്ചിരിക്കുന്നു.
കാച്ചെണ്ണയുടെ മണമല്ലേ വരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.