അനന്തരം നീതിമാന്റെ വരവായികുഞ്ഞേ, നിന്നെ ചവിട്ടിയത് ആര്?പറന്നുവന്ന കിളിയാണോ?പരുന്താണോ?കാറ്റാണോകുഞ്ഞേനിന്നെ ആരാണ് ചവിട്ടിതെറിപ്പിച്ചത്?ആരാണ് നിന്റെ വാരിയെല്ലു പൊട്ടിച്ചത്?മുഷിഞ്ഞ കുപ്പായം തെരുപ്പിടിച്ചുകൊണ്ട്നീ റോഡരികിൽ നിന്നതും,സ്വർണരഥം അരികെ വന്നതും,ഐസ്ക്രീം മണം പരന്നതുംനീ രഥത്തിനുള്ളിലേക്ക് നോക്കിയതുംനോട്ടം കണ്ടിറങ്ങിവന്ന രാജകുമാരൻചാട്ടവാറില്ലാത്തതിനാൽകാൽപ്പന്തെന്നപോലെനിന്നെ ഊക്കിൽ ചവിട്ടിപ്പറത്തിയതുംനീ കിനാവു കണ്ടതല്ലേ?ഈ...
അനന്തരം നീതിമാന്റെ വരവായി
കുഞ്ഞേ, നിന്നെ ചവിട്ടിയത് ആര്?
പറന്നുവന്ന കിളിയാണോ?
പരുന്താണോ?
കാറ്റാണോ
കുഞ്ഞേ
നിന്നെ ആരാണ് ചവിട്ടിതെറിപ്പിച്ചത്?
ആരാണ് നിന്റെ വാരിയെല്ലു പൊട്ടിച്ചത്?
മുഷിഞ്ഞ കുപ്പായം തെരുപ്പിടിച്ചുകൊണ്ട്
നീ റോഡരികിൽ നിന്നതും,
സ്വർണരഥം അരികെ വന്നതും,
ഐസ്ക്രീം മണം പരന്നതും
നീ രഥത്തിനുള്ളിലേക്ക് നോക്കിയതും
നോട്ടം കണ്ടിറങ്ങിവന്ന രാജകുമാരൻ
ചാട്ടവാറില്ലാത്തതിനാൽ
കാൽപ്പന്തെന്നപോലെ
നിന്നെ ഊക്കിൽ ചവിട്ടിപ്പറത്തിയതും
നീ കിനാവു കണ്ടതല്ലേ?
ഈ ഒടിഞ്ഞ വാരിയെല്ലും,
ഈ നീറ്റലും വേദനയുമടക്കം?
“അല്ല.’’
കുഞ്ഞു പറഞ്ഞു
“അല്ല, ഞാൻ കിനാവിലല്ല,
എന്നെ ചവിട്ടിയത്
കാറ്റല്ല
പരുന്തും കിളിയുമല്ല
അമ്മയല്ല
കാണാതായ എന്റെ അച്ഛനല്ല’’
പിന്നെയാര്?
കുഞ്ഞ് ചുറ്റും നോക്കി
അവന്റെ നേരേ
അശ്ലീലചിഹ്നംപോലെ പൊന്തിനിൽക്കുന്ന
ഉടലുകൾ കണ്ടു
ഉയർന്നുവരുന്ന കാലുകൾ കണ്ടു
അവയുടെ ഉടമകൾക്ക്
ഒരേ ഛായ
ഒരേ നിറം,
ഒരേ വലിപ്പം
ഒരേ തെറി വായ,
ഒരേ തെറിത്തുപ്പൽ
ഒരേ ഓങ്ങൽ
ഒരേ കൈ
ഒരേ ലാത്തി
ഒരേ വീശൽ
അവരൊരേ വർഗം,
അവർക്കൊരേ മാർഗം
ഒരേ വേഗം
ഒരേ രഥം,
ഒരേ തേരാളി!
അനന്തരം...
നീതിമാൻ പറഞ്ഞു
‘‘ആ ചവിട്ട് എന്റേതല്ല.’’
കുഞ്ഞ് നീതിമാനെ നോക്കി
നീതിമാൻ മന്ദഹസിച്ചു
ഒരേ ചിരി, അതേ ചിരി!
ചിത്രീകരണം: വിനീത് എസ്. പിള്ള
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.