മഴയിൽ നനഞ്ഞു തൂങ്ങിയ വയ്ക്കോലുകളിൽ കൂണുകൾ മുളച്ചു പൊങ്ങി പുതുമയുടെ സുഗന്ധം അടുക്കള മേൽക്കൂരയിലൂടെ ഉയർന്നു മൺപുറ്റുകളിൽനിന്നുയർന്ന തേൻതുമ്പികൾ ആകാശവും കടന്ന് അനന്തതയിലേക്ക് പറക്കുന്നു ഉടൽ സമാധിയിൽനിന്നുണരുന്നു ഉടൽ ചുംബനം കൊതിക്കുന്നു ഉടലിനിപ്പോൾ തേൻമണം ഉണർന്ന സൂര്യനോട് ഞാൻ തിരക്കി നിന്നിലൂടെ ഓടിമറഞ്ഞ പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? വരണ്ട മണ്ണിൽനിന്നും അപ്രത്യക്ഷമാവുന്ന കാറ്റിനെ അടയാളപ്പെടുത്തുന്നു...
മഴയിൽ നനഞ്ഞു തൂങ്ങിയ
വയ്ക്കോലുകളിൽ
കൂണുകൾ മുളച്ചു പൊങ്ങി
പുതുമയുടെ സുഗന്ധം
അടുക്കള മേൽക്കൂരയിലൂടെ
ഉയർന്നു
മൺപുറ്റുകളിൽനിന്നുയർന്ന
തേൻതുമ്പികൾ
ആകാശവും കടന്ന്
അനന്തതയിലേക്ക് പറക്കുന്നു
ഉടൽ സമാധിയിൽനിന്നുണരുന്നു
ഉടൽ ചുംബനം കൊതിക്കുന്നു
ഉടലിനിപ്പോൾ തേൻമണം
ഉണർന്ന സൂര്യനോട്
ഞാൻ തിരക്കി
നിന്നിലൂടെ
ഓടിമറഞ്ഞ പെൺകുട്ടിയെ
ഓർക്കുന്നുണ്ടോ?
വരണ്ട മണ്ണിൽനിന്നും
അപ്രത്യക്ഷമാവുന്ന കാറ്റിനെ
അടയാളപ്പെടുത്തുന്നു ഇലകൾ
ഒന്നിനേയും ഉപേക്ഷിക്കാനാവാത്തവളെ
എല്ലാമുപേക്ഷിക്കുന്നു
ഋതുമതിയായ പെൺകുട്ടിയെ
ബാല്യവും
* * *
നഗ്നമായൊരു ശിരസ്സിന്നുടയോൻ
വരുന്നു
അവൻ
പ്രണയത്താൽ
മുൾക്കിരീടമണിഞ്ഞു
അവൻ-
ആയിരം കഥകളുടെ
അകമ്പടിയോടെ വരുന്നു
തകർന്നടിഞ്ഞ ലോകം
രഹസ്യമായി കാതോർത്തിരിക്കുന്നു
അവന്റെ പതനത്തിന്
അവൻ വരട്ടെ
അവർ കൊതിച്ചു
അവൻ വന്നാൽ?
അവളെ പ്രണയിക്കട്ടെ
അവളുടെ ചാരിത്രം
അവളുടെ അകളങ്കമായ ചുണ്ടുകൾ
അവളുടെ ദൃഢമായ മുലകൾ
അവൾക്കറിയാത്ത പലതും
കീഴ്മേൽ മറിയട്ടെ
അവർ കാത്തിരിക്കുന്നു
വാർത്തകൾ പരക്കുന്നു
യുദ്ധത്തേക്കാൾ
ഭയാനകമായി
രക്തം ചൊരിയുന്നു
മാംസത്തിൽനിന്ന് മാംസത്തിലേക്കുള്ള
വാർത്തകളുടെ പലായനം
ചീർത്ത നുണകളുടെ
ഉടയോനായ ഗ്രാമം
അവിടത്തെ മണ്ണ്
അവരെ കൈവെടിഞ്ഞു
* * *
ശാന്തമായ ഒരു പകൽ
അജ്ഞാതമായ ദേശത്ത്
ഉദിക്കുന്നു
മഴയുടെ ഇരമ്പം
ദൂരെ വസന്തം വിടർന്ന
ഒരു നാടിനെ ഓർമിപ്പിക്കുന്നു
ഓടിമറഞ്ഞ പെൺകുട്ടിയേയും
മുൾക്കിരീടമണിഞ്ഞ
ഒരുവനേയും
ഉണർന്നിരിക്കുന്ന വൃദ്ധരോ
ഓർമിക്കുന്നു
പ്രേമമേ
അവർക്ക് നൽകുക
പ്രത്യാശ
വൃദ്ധരുടെ വിലാപഗീതങ്ങൾ
നിങ്ങളിൽ പാപിയല്ലാത്തവർ
കല്ലെറിയട്ടെ
കേട്ടു മടുത്ത ഗദ്ഗദങ്ങൾ
തുലയട്ടെ
പ്രേമമേ നീ
വാർധക്യത്തിലേക്ക്
പ്രവേശിച്ച ചുണ്ടുകളിൽ
തുടരൂ
സൂര്യനും മഴയും വസന്തവും
ഗോതമ്പുപാടങ്ങളിൽ
വിളയിക്കുന്നത്
അവർക്കും നൽകൂ
നിശ്ശബ്ദതയുടെ അസാധ്യമായ
ഇടങ്ങളിൽനിന്നും
അതിന്റെ താളങ്ങളെയുണർത്തൂ
മുഖം കണ്ണാടിയോട്
സംവദിക്കുംപോലെ
അത്രയും പ്രത്യാശയോടെ
കനൽക്കട്ടകളിൽനിന്നും
തീപ്പൊരികളായി
പ്രേമക്കുഞ്ഞുങ്ങൾ പിറക്കട്ടെ
പ്രേമം-
സൃഷ്ട്യുന്മുഖത-
വാചാലത-
സംവാദം-
ഇതിഹാസം-
കവിത-
പിറക്കട്ടെ നരവംശം പുതുതായി
പ്രേമമേ നീ വരൂ
ജഡിലമായ മരവിപ്പിൽനിന്നും
തൂണുകൾ പിളർന്ന്
നരസിംഹത്തെപ്പോലെ
രുധിരപാനം നടത്തൂ
പ്രേമമേ..!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.