ഞാൻ ഞാനെന്നെഴുതിയെഴുതി
നീ...നീയെന്നായി പിന്നെ
അവൻ അവനെന്നായി
വായിക്കുക
അവനവനായിരുന്നുകൊണ്ടുതന്നെ
നീ...നീയെന്ന് വായിക്കുന്നതെല്ലാം
അവനെന്നറിഞ്ഞുകൊണ്ടുതന്നെ
അറിയുക
അവസാനമില്ലാതെ ചുറ്റിത്തിരിയുന്ന
പരമ്പരയുടെ വൃത്തത്തിലാണീയെഴുത്തെന്ന്
മുമ്പറിഞ്ഞതെല്ലാമോർമവരും
ഓർത്തോർത്ത് നിറുത്തി പോകും
തുടക്കത്തിൽതന്നെ തിരിച്ചെത്തി
നീ വായിച്ചുകൊണ്ടേയിരിക്കും
അർധരാത്രിയിലെ ആവേശങ്ങളിൽ
വായിച്ചതെല്ലാം മറന്ന്
പുലരിയുടെ ആലസ്യങ്ങളിൽ
വാക്കുകളുടെ കടുപ്പം മങ്ങി
പകലിന്റെ ഉത്കണ്ഠകളിലേക്ക്
നീ ഉണർന്നിരിക്കും
പലവിളക്കുകളിട്ടൊരറയിലെ
ഒന്നോ രണ്ടോ വിളക്കുകൾ തെളിയുന്നപോലെ
ഒന്നൊന്നായണഞ്ഞതിലൊന്നോ രണ്ടോ ശേഷിച്ചപോലെ.
നിഴൽവീണു മങ്ങിയ വെളിച്ചം
നിഴലു നരച്ചപോലെ
നീയെന്നതും ഞാനെന്നതും
ഈ ചിത്രമെഴുത്തിന്റെ ഭാഗം വായിക്കണമെന്നില്ല
വെട്ടിക്കളയേണ്ടതുമില്ല
ശ്രദ്ധിക്കുക
നാമെഴുതുമ്പോൾ വാക്കല്ലാത്ത ചില
ഒച്ചകളും കേൾക്കും
അഞ്ചു ഭാഷകളിൽ പകർന്നാടുന്ന നാവേറിന്
രാപ്പകലുകളുടെ പഞ്ചദശാസന്ധികളോളം നീളുന്ന
എഴുത്തിന്റെ കൈപ്പുസ്തകം
ഒന്നായ വാക്കിനെ
പലതായ് പിരിച്ചുപിരിച്ചെഴുതുകയാണ്
പച്ചമഷികൊണ്ടെഴുതിയാലും
കടലാസിൽ കറുപ്പ് നിറയുകയാണ്
അകരം, ഉകരം, മകരം,
വാക്ക്, വാചകം... എന്നിങ്ങനെ
തീരാത്ത ത്രിത്വത്തിൻ പെരുക്കങ്ങൾ
നോക്കൂ
നാമിരിക്കുന്ന പർവതങ്ങൾക്ക് മീതെ
വാക്കുകളുടെ ഇടിത്തീ തുടങ്ങുന്നത്
വചനങ്ങളായ് പൊഴിഞ്ഞു വീഴുന്നത്
താഴെ ശിലകളിലെ എഴുത്തായൊഴുകുന്നത്
നിങ്ങൾക്കീ കര കടക്കാനാവില്ല
അങ്ങു താഴെയീ കാട്ടാറ്
പലവഴിയായ് പിരിയുന്നിടംവരെ
നാമിരുകരകളിലായ് നടക്ക
ആഴംകൂടി അകലം കുറഞ്ഞ്
കരകൾ കടക്കാറാവും
പരസ്പരം കേൾക്കാറാകും
വാക്കും വർത്തമാനവും തുടങ്ങും
ഞാൻ നീ അവനിവൻ
എന്നൊക്കെയായി
ചെറുകൂട്ടങ്ങളും പെരുംകൂട്ടങ്ങളും
ഒറ്റകളുമൊക്കെയായി
വീണ്ടും പലകര പിരിയാറാവും
തുണിമണിയെല്ലാമുരിഞ്ഞെറിഞ്ഞ്
അസംബന്ധങ്ങൾ പറഞ്ഞ്
എതിർകരയേറി എപ്പോഴും
ഒരു പെണ്ണെങ്കിലും പോകുന്നുണ്ടാകും
ആരുമറിയാത്തതെന്തെങ്കിലും
അറിഞ്ഞൊരുത്തിയെങ്കിലും
ഒറ്റയ്ക്കിരിക്കുന്നുണ്ടാകും
വാക്കുകളുത്ഭവിച്ച് പുറപ്പെട്ടുപോയതിന് പിറകേ
കാറ്റുകളും പുറപ്പെട്ടു പോയി
ശൂന്യമായ ഇടങ്ങളിൽ
ചില കൂട്ടങ്ങളിരിക്കുന്നു
അക്ഷരങ്ങൾക്കും ചിഹ്നങ്ങൾക്കും
സ്വപ്നങ്ങൾക്കും ഭൂതധാതുക്കൾക്കും
മുമ്പേയുള്ളവർ
വാക്കിന്റെ എല്ലാ ക്രിയകളും
ചെയ്തുവെച്ചിട്ടുണ്ട്
അതിൽനിന്നു നാമിതിലേക്ക്
ചിലതെല്ലാം പകർത്തിവെച്ചിട്ടുണ്ട്
ഭൂമിയിൽ തീർന്നുപോയ
കാട്ടുപഴങ്ങളുടെ കൊതിയും
ഇനിയൊരിക്കലും തിന്നാനാവാത്ത
ചില ഇറച്ചികളുടെ രുചിയും
പറഞ്ഞാലും പറഞ്ഞാലും തീരാത്ത
ചില കാര്യങ്ങളും ചേർത്ത്...
ഈതറിൽ നിന്നീയത്തിലേക്കുള്ള പകർത്തെഴുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.