1. ഇരുട്ടും വെളിച്ചവുംഅമ്മമടിയിലിരിക്കുന്ന കുഞ്ഞ് ആകാശത്തേക്ക് കൈനീട്ടുന്നു.എന്നിട്ടത് അമ്മയെ നോക്കുന്നു.അമ്മ അതിനെ നോക്കി ചിരിക്കുന്നു.അതും ചിരിക്കുന്നു.ചന്ദ്രന്റെ രശ്മികൾ വന്ന് രണ്ടുപേരേയും തൊടുന്നു.അപ്പുറം നിൽക്കുന്ന ഇരുട്ട് അൽപം പതുങ്ങുന്നു.അത് ഉരുളുകയും നീളുകയും ചെയ്യുന്നു.ചുറ്റും കൈകൾ വളർന്ന് അതൊരു ചക്രംപോലെ കറങ്ങുന്നു.ഇരുട്ട് വീണ്ടും പഴയ രൂപത്തിലാകുന്നു.അമ്മയും കുഞ്ഞും വെളിച്ചമാകുന്നു.അവരുടെ രൂപങ്ങൾ ഒന്നാകുന്നു.വെളിച്ചത്തിന്റെ ആ...
1. ഇരുട്ടും വെളിച്ചവും
അമ്മമടിയിലിരിക്കുന്ന കുഞ്ഞ് ആകാശത്തേക്ക് കൈനീട്ടുന്നു.
എന്നിട്ടത് അമ്മയെ നോക്കുന്നു.
അമ്മ അതിനെ നോക്കി ചിരിക്കുന്നു.
അതും ചിരിക്കുന്നു.
ചന്ദ്രന്റെ രശ്മികൾ വന്ന് രണ്ടുപേരേയും തൊടുന്നു.
അപ്പുറം നിൽക്കുന്ന ഇരുട്ട് അൽപം പതുങ്ങുന്നു.
അത് ഉരുളുകയും നീളുകയും ചെയ്യുന്നു.
ചുറ്റും കൈകൾ വളർന്ന് അതൊരു ചക്രംപോലെ കറങ്ങുന്നു.
ഇരുട്ട് വീണ്ടും പഴയ രൂപത്തിലാകുന്നു.
അമ്മയും കുഞ്ഞും വെളിച്ചമാകുന്നു.
അവരുടെ രൂപങ്ങൾ ഒന്നാകുന്നു.
വെളിച്ചത്തിന്റെ ആ ഗോളം വീട്ടിനുമ്മറത്തുനിന്ന്
ആകാശത്തേക്കുരുളുന്നു.
ചന്ദ്രൻ അൽപം പരുങ്ങുന്നു.
അതും ഒരു ജീവിയുടെ മട്ടിൽ പെരുമാറാൻ തുടങ്ങുന്നു.
ചാടിച്ചാടിപ്പോകുന്ന ചന്ദ്രനെ നോക്കി
ഇരുട്ടുകൊണ്ടുള്ളൊരു കുഞ്ഞ് കൈകൊട്ടിച്ചിരിക്കുന്നു.
ഇരുണ്ട അമ്മ ഒക്കത്ത് കുഞ്ഞിനെയെടുത്തുകൊണ്ട് ആകാശത്തേക്കു നോക്കിനിൽക്കുന്നു.
പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ കുഞ്ഞിനെ തെരുതെരെ ഉമ്മവെക്കുന്നു.
വെളിച്ചം വീടിന്റെ പിൻഭാഗത്തൂടെത്തി അവരെ പൊതിയുന്നു.
2. കടൽപക്ഷികൾ
കടൽ ഒന്നു ചത്തുകിട്ടണമെന്നാണ്
കടൽപക്ഷികളുടെ ആഗ്രഹം.
അതിന്റെ ശരീരത്തിൽനിന്ന് മുത്തുകൾ കൊത്തിയെടുക്കാലോ.
ചപ്പിയീമ്പി രസിക്കാലോ.
എന്നാൽ മീനുകൾ കടലിനെ ചാവാൻ സമ്മതിക്കില്ല.
അവ സ്വന്തം പ്രാണനിൽനിന്ന്
ഓരോ വീതം
കടലിനു കൊടുക്കുന്നു.
അനന്തകോടി മീനുകളുടെ
ആയുസ്സിനാൽത്തുന്നിയ നീലവസ്ത്രമണിഞ്ഞ്
കടൽ നൃത്തം ചെയ്യുന്നു.
കടൽപക്ഷികൾ
അസ്വസ്ഥതയോടെ
ചിലച്ചും കാട്ടമിട്ടും
കടലിനെച്ചുറ്റിപ്പറ്റി കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.