കുലുക്കിക്കുത്ത്

കരിമരുന്നും തീപ്പെട്ടിയും തമ്മിലിണ ചേരുമ്പോൾകിരികിരിപ്പു വിരിയുന്ന അമ്പുപെരുനാൾ രാത്രി. പേടികുലുക്കിക്കുത്തി പൂണികമഴ്ത്തുന്നു (1) പടംകളിക്കാരൻ അഡുതനും ഡൈമനുംക്ലാവറും ഇസ്പേഡും പൂവും ചന്ദ്രനും ആറു വശങ്ങളുമുള്ളകട്ട ജീവിതംപോലെ മാറിമറിയുന്നു കട്ടമറിഞ്ഞാൽ കാണുന്നു പടം അതിൽഏറിയകൈനില നോക്കുന്നു പന്നിമലത്തുകാർ... മുച്ചീട്ടുകളിക്കാർ.., പട്ടീടെ മുന്നിൽപ്പെട്ട ഞണ്ടിനേപ്പോലെഅവർക്കിട്ട് ഡാക്കു പണിയുന്ന (2) കറുത്ത, കുറുകിയ വിരലുകൾ... കുരുങ്ങിയ വാക്കുകൾ... വടക്കോട്ട് ഒരു റാസതവള കണ്ണ​ന്റെ (3) കളി നേർച്ചപ്പൊതിയിലെ നെയ്മണംപരത്തും ഡാവുകളുടെ കളം (4) കളത്തിലെപാട്ട് പൂതിയാക്കാൻ (5) എണങ്ങരുണ്ട് ഒരു...

കരിമരുന്നും തീപ്പെട്ടിയും തമ്മിലിണ ചേരുമ്പോൾ

കിരികിരിപ്പു വിരിയുന്ന അമ്പുപെരുനാൾ രാത്രി.

പേടി

കുലുക്കിക്കുത്തി

പൂണികമഴ്ത്തുന്നു (1)

പടംകളിക്കാരൻ

അഡുതനും ഡൈമനും

ക്ലാവറും ഇസ്പേഡും

പൂവും ചന്ദ്രനും

ആറു വശങ്ങളുമുള്ള

കട്ട

ജീവിതംപോലെ മാറിമറിയുന്നു

കട്ടമറിഞ്ഞാൽ

കാണുന്നു

പടം

അതിൽ

ഏറിയകൈനില നോക്കുന്നു

പന്നിമലത്തുകാർ...

മുച്ചീട്ടുകളിക്കാർ..,

പട്ടീടെ മുന്നിൽപ്പെട്ട ഞണ്ടിനേപ്പോലെ

അവർക്കിട്ട്

ഡാക്കു പണിയുന്ന (2)

കറുത്ത, കുറുകിയ വിരലുകൾ...

കുരുങ്ങിയ വാക്കുകൾ...

വടക്കോട്ട് ഒരു റാസ

തവള കണ്ണ​ന്റെ (3)

കളി

നേർച്ചപ്പൊതിയിലെ

നെയ്മണംപരത്തും

ഡാവുകളുടെ കളം (4)

കളത്തിലെ

പാട്ട് പൂതിയാക്കാൻ (5)

എണങ്ങരുണ്ട്

ഒരു പച്ചയോ (6)

അരപ്പച്ചയോ (7)

പടത്തിലിട്ടുവശങ്ങളിലവർ

സ്ഥാനംപിടിച്ചു പൊന്മാനേപ്പോലെ...

കുത്തുകാരനും

അവരും

ഇരു ഗ്രഹങ്ങളിൽനിന്ന് വന്നപോലെ

ആൾക്കൂട്ടത്തിൽ

അടയാളമേതുമില്ലാതെ

ശത്രുക്കളെപ്പോലെ പെരുമാറി

ഡബിളും

ത്രിബിളും കുത്തിയെടുത്ത് കളത്തിലെ പാട്ട് മുഴുവൻ ഇരുവഴിയിലൂടെ അവരിലെത്തിയപ്പോൾ

പടിയാവാനുള്ളതെറി (8)

തമ്മിലുന്ത് നടത്തി.

കാശ് പുറത്തുവച്ചവൻ

കിറുക്കൻ വരുന്നെന്ന് കള്ളം പറഞ്ഞ് (9)

കട്ടയും പടവും വാരിക്കൊണ്ട്

ഇരുട്ടി​ന്റെ പള്ളക്കൊളിച്ചു.

കത്തിനിന്ന മാന്റിലൊരു

ബീഡിത്തീപോലെ

അതിനൊപ്പം ചേർന്നു

അണപ്പുകൾ തമ്മിൽ

കൂട്ടിമുട്ടുന്നതരത്തിൽ

ഏതെങ്കിലും

വാഴത്തോട്ടമോ

കപ്പക്കാലായോ

വരണ്ട ഓലിയോ ചവിട്ടിത്തള്ളിവന്നു

വട്ടംകൂടിയിരിക്കുമ്പോൾ

പത്തിലഞ്ചെന്ന കണക്കിൽ

ഒരു തർക്കവുമില്ലെന്ന്

ആകാശത്ത് തെറ്റിവരച്ചപോലൊരു ശരി

പിന്നെ

ഡാഷ്ബോർഡിനുള്ളിൽ തൂക്കിയ നിലയിൽ

കാശും പടവും അവരും ഓട്ടോക്കുള്ളിൽ

ഒരു ഗൂഢസംഘമായ് മാറി

പിടിച്ചുപോയാൽ

കുറ്റിക്കകത്താണ് (10)

മൂന്ന് സ്റ്റേഷൻ പരിധിക്കിപ്പുറത്ത്

പഞ്ചമി ബാർ

തണുത്ത സോഡായൊഴിച്ച കാട്ടുറംപോലെ

ആ വണ്ടികാത്ത്

നൊരിപടർത്തിനിൽക്കുന്നു

ദീപ ടവറി​ന്റെ ഇടനാഴിയിൽ കാണാഞ്ഞപ്പോൾ

സ്റ്റേഡിയത്തിന് പുറകിൽ

വണ്ടിയൊന്ന്

വട്ടംചുറ്റിച്ചു

പെട്ടെന്നൊരു വാച്ചർ (11)

നിഴൽ മുന്നോട്ടാഞ്ഞ നിലയിൽ

വെളിച്ചപ്പെട്ടു

പിന്നെ

അരയും വെള്ളവും

അയാളും

അവരും...

ഉറക്കംചപ്പിയ

അവരുടെ പൊട്ടിച്ചിരിയും

പാലത്തിന്നടിയിലെ കുളിരിലേക്കിറങ്ങിപ്പോയി

ആറ്റിൽനിന്നും

ഉടലുയർത്തിയെഴുന്നേറ്റ

മുഴുത്തൊരു

കഴുന്നാപോലെ ഇരുട്ടവരെ അപ്പാടെ വിഴുങ്ങി

.....

അവിടുന്നും (12) നെടുങ്ങിയ ഓട്ടോക്കുള്ളിൽ

അരക്കിലോമീറ്റർ ദൂരത്തിനിടയിലൊരു

ക്ലാസു നടന്നു. (13)

അലമ്പപ്പിക്കൻമാരുടെ (14)

ഏഴു കണ്ണുകളും

ഒറ്റച്ചവിട്ടിന് ഒന്നിച്ചണഞ്ഞു...

ആരോ വരച്ചപോലപ്പോൾ

ആകാശത്ത് ശരിക്കുമൊരു തെറ്റ് തളിഞ്ഞു

*****

ഒട്ടിയ കീശയും

വീർത്ത കൺപോളയുമായ്

വെളുപ്പിനത്തെ വണ്ടിയിൽ

പുറകിലെ സീറ്റിൽ

കുബേർ കുഞ്ചിപോലിരിക്കുന്ന അയാളെ ഇന്നലെയാരോ

മത്തിയിട്ടെന്നുറപ്പിച്ച (15)

പരിചയക്കാരൻ

കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു...

സ്ക്രാച്ച് വീണ

ഉറക്കവും

കാട്ടുറെമ്മി​ന്റെ

ഹാങ്ങോവറും

നട്ടെല്ലിൽ

വയറുരച്ച്

ഇന്ദ്രിയങ്ങളിലൊരുത്സവം തീർക്കുന്നിടത്തേക്ക്

കിഴക്കമ്മലേന്ന്

മാന്റിലൂതിത്തെളിച്ച്

വലിയൊരു കളിക്കാരൻ

വന്നിരുന്ന്

കട്ടകൾ വിരലുകൊണ്ടു മറച്ച് അയാൾക്ക് മുന്നിൽ

ഡാക്ക് പണിയാൻ തുടങ്ങി.

**********

1 കട്ട ഇടാനുള്ള പാട്ട

2 കള്ളക്കളി

3 500 രൂപ നോട്ട്

4 അർമാദിക്കാൻ എത്തുന്നവർ

5 പണം പിടുങ്ങുക

6 നൂറു രൂപ

7 അമ്പത് രൂപ

8 പെട്ടെന്ന് ഒളിക്കുക

9 പൊലീസ്

10 റിമാൻഡിലാവുക

11 ലൈംഗിക തൊഴിലാളി

12 തിരിച്ചുപോയ

13 ഐഡിയ

14 കൂട്ടുകളിക്കാർ

15 ഉറക്കത്തിലെ മോഷണം

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.