നാൽപ്പത്തിനാല്
നദികളൊ
രുമിച്ചൊ-
രുത്സവക്കമ്പം
കഴിഞ്ഞ മട്ട്
നീണ്ട വിരൽ
നിലവിട്ടുയർന്നാരെയും
പേരു ചോദിക്കാതെ
തൂത്തെടുത്തു
വഴികൾ തിരിച്ചുപിടിച്ചു,
ജലവാളു വീശി
പുറമ്പോക്കു കൈയടക്കി,
ജലസൂചികൾ
കോർത്തെടുത്തു,
മിനുക്കിയ
നിലയും വിലയു-
മണിഞ്ഞതെല്ലാം
കാറ്റിലാടുന്നൊരു
വൻമരം കണ്ട നാൾ
പേടി മുളച്ചു
തിരികെയോടി
പൊങ്ങുതടിപോലെ
വെള്ളം തുഴഞ്ഞെന്റെ
വീടൊഴുകുന്നൊരു
കാഴ്ച കണ്ടു.
പുസ്തകം കൈനീട്ടി
യെത്തിപ്പിടിക്കെ
യെൻ പാഠം പഠിപ്പുര
വിട്ടുപോയി
എച്ച് ടു ഒ -
എന്നെഴുതിയ
ബോർഡിലെ
ഹൈഡ്രജൻ ഭീകര
ബോംബുതന്നെ
നീർച്ചുഴിക്കുള്ളിൽ
നടുങ്ങും നിമിഷത്തി
ലൊന്നുമല്ലെന്നുള്ള
നേരറിഞ്ഞു.
പുഴയിലെറിഞ്ഞ
പാഴ് വസ്തുക്ക
ളൊക്കെയും
തിരികെയെത്തിച്ചു
പിൻവാങ്ങിടുമ്പോൾ
നീൾമുടിത്തുമ്പൊ
ന്നൊതുക്കിവേഗം
കുറച്ചാഴത്തിലേക്ക്
മടങ്ങിയെത്തി.
ജലവാളുവീശി
ത്തിരികെയെത്താനിടം
നമ്മളിലൂറി
നിൽക്കുന്നു വീണ്ടും..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.