01 ഒരു പിതാവിന്റെ ഒസ്യത്ത്
എന്റെ ജഡത്തിൽ
ഒരുപിടി മണ്ണ് വാരിവിതറി
ഭാവിയുടെ പാത തേടി യാത്രപോവുമ്പോൾ
ഈ മണ്ണിനടിയിൽ വിശ്രമിക്കുന്ന
കൗമാര പ്രതീക്ഷകൾ കൊള്ളയടിക്കപ്പെട്ട
ഒരു പിതാവിന്റെ ഒസ്യത്ത് നീ ഓർക്കുക
* * *
നമ്മുടെ ദുരന്തം
നിരപരാധികളായ ഒരു ജനതയുടെ ദുരന്തമാണ്
ഭാഗ്യവിപര്യയത്തിന്റെ വരികൾക്കിടയിൽ
തിളക്കുന്ന ഒരു കദനകഥ
ചോരമണം വഹിച്ചു അത്
ചക്രവാളസീമകളിലേക്ക് യാത്രയായി
* * *
ഞാൻ ആരോടും അതിക്രമം ചെയ്തിട്ടില്ല
അതിക്രമത്തിനായി
നിന്നെ ഒരു നിക്ഷേപമായി
കരുതിവെച്ചിട്ടുമില്ല
പക്ഷേ,
പാർശ്വങ്ങൾക്കിടയിൽ
രക്തം സ്രവിക്കുന്ന ഒരു പ്രതികാര സ്രോതസ്സുണ്ട്
ഗിരിശൃംഗങ്ങളിൽ വിഹരിക്കുന്ന
എന്റെ സ്വപ്നങ്ങളെ
ആ രക്തത്താൽ ഞാൻ നിറം പിടിപ്പിച്ചു
* * *
നമുക്കൊരു വീടുണ്ടായിരുന്നു
വഞ്ചനയുടെ കരങ്ങളാൽ
മർദനത്തിനിരയായ ഒരു നാടുമുണ്ടായിരുന്നു
അതിന്റെ മോചനത്തിനുവേണ്ടി
വില നൽകിയവനാണ് ഞാൻ
ചോരയാൽ പൊതിഞ്ഞ നിന്റെ സഹോദരന്റെ മൃതദേഹം
ഈ കൈകൾകൊണ്ട്
ഞാനവിടെ സംസ്കരിച്ചു
അപ്പോഴും ഞാൻ ദുർബലനായില്ല
വല്ലപ്പോഴും ഞാൻ കണ്ണീർ വാർത്തിട്ടുണ്ടെങ്കിൽ
നഷ്ടപ്പെട്ടുപോയ ആ സന്താനത്തെയും
പീഡിതയായ മരുഭൂമിയെയും ചൊല്ലി മാത്രമായിരുന്നു
വയലേലകളിൽ ചുറ്റിക്കറങ്ങി
പൂക്കളിറുത്ത് നടന്ന നിന്റെ കൈശോരം
ആ പരിസരങ്ങൾക്ക് സുപരിചിതമാണ്
നിന്നെ പുറത്താക്കിയവരാണവർ
നിന്നെ പുറത്താക്കിയവരുടെ അടുത്തേക്ക്
നീ തിരിച്ചുചെല്ലുക
നിന്റെ പിതാവ് കൃഷിയിറക്കിയിരുന്ന ഭൂമിയുണ്ട്
അതിലെ തേനൂറും കനികൾ
ഒരിക്കൽ നീ രുചിച്ചതാണ്
ബയണറ്റ് മുനകൾക്ക് എത്രകാലം വരെയാണ്
നീ അത് വിട്ടുകൊടുക്കുക.
* * *
ഹൈഫ തേങ്ങുന്നു
ഹൈഫയുടെ ഗദ്ഗദം നീ കേൾക്കുന്നില്ലേ
വിദൂരതയിൽനിന്ന് വീശിവരുന്ന
ഗ്രീഷ്മ നാരകസൗരഭ്യം
നിന്റെ നാസാരന്ധ്രങ്ങളെ ഇക്കിളിപ്പെടുത്തുന്നില്ലേ?
ചക്രവാളത്തിനപ്പുറത്ത് നിഴലനങ്ങുമ്പോൾ
ഹൈഫ വിതുമ്പുന്നു: ‘‘എന്നാണ് മോചനം?’’
ആയുഷ്കാലം മുഴുവൻ
നീയൊരു അതിഥിയായി കഴിയണമെന്ന്
അവൾ ആഗ്രഹിക്കുന്നില്ല
നിനക്ക് പിന്നിൽ
നീ ബാല്യം കഴിച്ചുകൂട്ടിയ ഒരു ദേശമുണ്ട്
എന്നെങ്കിലുമൊരുനാൾ
യൗവനപ്രാപ്തനായി നിന്നെ കണ്ടുമുട്ടിയെങ്കിൽ എന്ന്
അവൾ കൊതിക്കുന്നു
ഒരിക്കലും നിന്നെ അവൾ മറന്നിട്ടില്ല
എന്നെങ്കിലുമൊരു ദിനം
ആയുധമേന്തി അവിടെ കടന്നുചെന്ന്
ഒരു പ്രഭാതം കണക്കെ
അതിന്റെ പരിസരങ്ങളിൽ നീ
ഉദയം കൊള്ളുകയാണെങ്കിൽ
സാനുക്കളുടെയും ശൃംഗങ്ങളുടെയും
ശ്രവണേന്ദ്രിയങ്ങളിൽ
നീ ശബ്ദഘോഷം മുഴക്കുക:
‘‘ബാൻഡേജ് ചെയ്ത ഭൂതകാലമാണ് ഞാൻഅക്രമിക്കപ്പെട്ട എന്റെ പ്രിയ നാടേ,
ഞാനിതാ തിരിച്ചുവന്നിരിക്കുന്നു
നിശീഥിനിയുടെ കരിഞ്ചിറകുകളിൽ
അഗ്നിജ്വാലകൾക്ക് ചുറ്റും നൃത്തംചെയ്ത പുകച്ചുരുളുകൾ
ആരുടെ സങ്കേതമാണോ ചുട്ടുകരിച്ചത്
ആ യുവാവാണ് ഞാൻ
അവന്റെ ശൈശവം
മൂടൽമഞ്ഞിനാൽ ധൂമാവൃതമായിരിക്കുന്നു.’’
* * *
വത്സപുത്രാ,
സമാധാനത്തെപ്പറ്റി അവർ നിന്നോട്
സാരോപദേശം നടത്തും
ആ ഭാഷണം നീ ശ്രവിച്ചുപോകരുത്
ഒരുനാൾ ഞാനവരെ വിശ്വസിച്ചുപോയതാണ്
അതിനാൽ,
തമ്പുകളിൽ എനിക്ക് അഭയം തേടേണ്ടിവന്നു
വിശക്കുന്ന അഭയാർഥികളുടെ നേരെ
ഉദാരമതികൾ വലിച്ചെറിയുന്ന
അപ്പക്കഷണങ്ങളായി എന്റെ ആഹാരം
അവരുടെ സമാധാനം വഞ്ചനയാകുന്നു
നീ കരയരുത്
കുറ്റവാളികളുടെ കണ്ണുകൾ
ബാഷ്പാകുലമായിട്ടില്ലല്ലോ
* * *
ജീവിതത്തിന്റെ വിഭാതത്തിൽ നടന്ന
ഒരു അതിക്രമത്തിന്റെ കഥയാണിത്
അബൂഹംസയുടെ നിധിശേഖരമുള്ള
നാട്ടിലേക്ക് നീ തിരിച്ചുചെല്ലുക
ആ മണ്ണോട് ചേർന്ന് മരിക്കണമെന്നായിരുന്നു
ഒരുനാൾ എന്റെ അഭിലാഷം
ജീവിതത്തിലെ ഒരേയൊരഭിലാഷം
* * *
എന്റെ കുഴിമാടത്തിന് മുകളിൽ
മണ്ണ് വിതറി
ഭാവിയുടെ പാത തേടി പോകുമ്പോൾ
ഈ മണ്ണിന്നടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന
യൗവനത്തിന്റെയും ജീവിതമധ്യാഹ്നത്തിന്റെയും
സ്വപ്നാഭിലാഷങ്ങൾ അപഹരിക്കപ്പെട്ട
നിന്റെ പിതാവിന്റെ
ഈ ഒസ്യത്ത്
നീ മറക്കാതിരിക്കുക.
ഹാശിം രിഫാഇ (1935-1959)
ഈജിപ്ഷ്യൻ കവി. അമ്പതുകളിലെ കാവ്യമേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. ‘രിസാലത്തുൻ ഫീ ലൈലത്തിത്തൻഫീദ്’ (തൂക്കിലേറ്റപ്പെടുന്നതിന്റെ തലേ രാത്രി എഴുതിയ സന്ദേശം) എന്ന പ്രസിദ്ധമായ കവിത അക്കാലത്ത് ബഗ്ദാദിലെ കാവ്യോത്സവത്തിൽ ഒന്നാം സമ്മാനം നേടുകയുണ്ടായി. ദാറുൽ ഉലൂം കോളജിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തുവരാനിരിക്കെ വളരെ ചെറുപ്പത്തിൽ ഒരു സ്പോർട്സ് ക്ലബിൽ വെച്ച് ഭരണകൂട ഏജന്റുമാരാൽ 1959ൽ വധിക്കപ്പെട്ടു.
============================
02 അവർ ഞങ്ങളെ ഭീകരവാദികൾ എന്ന് വിളിക്കുന്നു
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
ഒരു പനിനീർ മലരിന് പരിച പണിയുമ്പോൾ
തരുണീമണിക്ക് ത്രാണനമരുളുമ്പോൾ
വിശുദ്ധ കവിതയെ, ആകാശനീലിമയെ
തണ്ണീരും തെളിവായുവും വറ്റിപ്പോയ
കട്ടൻകാപ്പിയോ ഒട്ടകമോ കൂടാരമോ
ഒന്നും അവശേഷിക്കാത്ത
ഒരു നാടിനെ പ്രതിരോധിക്കാനിറങ്ങുമ്പോൾ
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
എല്ലാ ധൈര്യവും സംഭരിച്ചു
ബൽക്കീസിന്റെ കാർകൂന്തലിന്
മൈസൂന്റെ അധരങ്ങൾക്ക്
ഹിന്ദിന്... റഅ്ദിന്...
ലുബ്നാക്ക്... റബാബിന്
ഗിരിമുകളിൽനിന്ന് വെളിപാടുപോലെ ഇറങ്ങിവരുന്ന
സുറുമയുടെ കുളിർമഴക്ക് രക്ഷനൽകുമ്പോൾ
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
ഒരു രഹസ്യകവിതയും
അവർക്കെന്റെ വശം കണ്ടെത്താനായില്ല
ഒരു ഗൂഢഭാഷയോ ഒളിലിഖിതമോ
ഒന്നും എന്നിൽനിന്നവർക്ക് കിട്ടാൻ പോകുന്നില്ല
തെരുവിലൂടെ നടന്നുപോകുന്ന
പർദയിട്ട ഒരു കവിതയും എന്റടുത്തില്ല
* * *
അവശിഷ്ട നാടിനെ കുറിച്ച്
എന്തെങ്കിലും കുത്തിക്കുറിക്കുമ്പോൾ
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
അംഗച്ഛേദം ചെയ്യപ്പെട്ട
പിച്ചിച്ചീന്തപ്പെട്ട നാട്
മഹത്തായ ആദിമ കവിതകളിൽ
ഖൻസാഇ*ന്റെ കവിതകളല്ലാതെ
ഒന്നും തിരുശേഷിപ്പില്ലാത്ത നാട്
പേരില്ലാത്ത, മേൽവിലാസം തേടുന്ന നാട്
ചക്രവാളങ്ങളിൽ
ചുവന്നതോ നീലയോ മഞ്ഞയോ നിറമുള്ള
സ്വാതന്ത്ര്യം കണികാണാത്ത നാട്
വർത്തമാനപത്രം വാങ്ങുന്നത്
വിലക്കപ്പെട്ട നാട്
പൈങ്കിളികൾക്ക് ഗാനാലാപം
നിഷേധിക്കപ്പെട്ട നാട്
കവിതയെന്നാൽ ദുരവസ്ഥയായ നാട്
കവിത നമ്മുടെ നാട്ടിൽ
അലഞ്ഞുനടക്കുന്ന വാക്കുകൾ മാത്രം
ക്ഷിപ്രാവിഷ്കൃതം, ഇറക്കുമതിപ്പണ്ടം
മുഖവും നാക്കും വൈദേശികം
മണ്ണിനും മനുഷ്യനും അന്യം
മനുഷ്യന്റെ പ്രതിസന്ധികളിൽ അകലം പാലിക്കുന്നത്
നഗ്നപാദയായി, മാനം മറന്ന്
സമാധാന സംഭാഷണത്തിലേക്ക്
നടന്നുനീങ്ങുന്ന നാട്
പേടിച്ചരണ്ട പുരുഷ കേസരികൾ
തങ്ങളെത്തന്നെ വിറ്റുതുലച്ച
പെണ്ണരശുനാട്
* * *
ഞങ്ങളുടെ കണ്ണുകളിൽ ഉപ്പ്
ചുണ്ടുകളിൽ ഉപ്പ്
വാക്കുകളിൽ ഉപ്പ്
ക്ഷാമം ഞങ്ങളുടെ ആത്മാക്കളിൽതന്നെ ഉണ്ടായിരുന്നോ?
പരമ്പരയാ ‘ഖഹ്ത്വാൻ’* ഗോത്രക്കാരല്ലോ ഞങ്ങൾ
ഞങ്ങളുടെ കൂട്ടത്തിൽ ഒരു മുആവിയയോ
അബൂസുഫ്യാനോ ഇല്ലല്ലോ*
ഞങ്ങളുടെ വീടും അപ്പവും പാചക എണ്ണയും
കൈയടക്കിയവരുടെ മുഖത്തുനോക്കി
അരുതെന്ന് ചൊല്ലാൻ
ഇനി ആരും ഞങ്ങളിൽ ബാക്കിയില്ല
സുൽത്താന്റെ കിടപ്പറയിൽ
പാതിവ്രത്യം നഷ്ടപ്പെടാത്ത
ഒരു കവിതയും ഞങ്ങളുടെ ജീവിതത്തിൽ
അവശേഷിക്കുന്നില്ല
നിന്ദ്യത ഞങ്ങൾക്ക് ശീലമായിപ്പോയി
നിന്ദ്യത ശീലമായവർക്ക്
ഇനി എന്താണ് ബാക്കിയാവുക
* * *
ചരിത്രത്തിന്റെ ഏടുകൾ പരതുകയാണ് ഞാൻ
എവിടെ ഉസാമ ബിൻ മൂൻഖിദ്
ഉഖ്ബതുബ്നു നാഫിഅ്
ഉമർ, ഹംസ
ശാമിലേക്ക് ജൈത്രയാത്ര നടത്തുന്ന ഖാലിദ്
കൊള്ളസംഘത്തിന്റെ ക്രൗര്യത്തിൽനിന്ന്
തീനാക്കുകളിൽനിന്ന്
തരുണികളുടെ മാനം രക്ഷിക്കാനെത്തുന്ന
മുഅ്തസീം ബില്ലാഹ്*
അന്ത്യനാളിൽ
ആണുങ്ങളെ തേടി നടക്കുകയാണ് ഞാൻ
എന്നാൽ, ഈ നിശാന്ധകാരത്തിൽ
മൂഷിക ഭരണത്തിൽ
പേടിച്ചരണ്ട പൂച്ചകളെയല്ലാതെ
ഞാൻ കാണുന്നില്ല
നമ്മെ ഗ്രസിച്ചതെന്താണ്?
ദേശീയാന്ധ്യമോ, വർണാന്ധ്യമോ?
* * *
ഞങ്ങളുടെ ഭൂമി
ഞങ്ങളുടെ ബൈബിൾ
ഞങ്ങളുടെ ഖുർആൻ
ഞങ്ങളുടെ പ്രവാചകന്മാരുടെ മണ്ണ്
ഇസ്രായേലി ടാങ്കുകൾക്കടിയിൽ
ഞെരിഞ്ഞമർന്ന് മരിക്കാൻ വിസമ്മതിക്കുമ്പോൾ
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
* * *
യഹൂദരുടെ, ബർബേരിയന്മാരുടെ കൈയാൽ
തേച്ചുമായ്ക്കപ്പെടാൻ വിസമ്മതിക്കുമ്പോൾ
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
സീസർമാരുടെ സീസർ അധികാരം വാഴുന്ന
രക്ഷാസമിതിയുടെ ചില്ലിന്മേൽ
ഒരു കല്ലെറിഞ്ഞാൽ
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
ചെന്നായയോട് സംഭാഷണത്തിന് വിസമ്മതിച്ചാൽ
തേവിടിശ്ശിക്ക് ഹസ്തദാനം ചെയ്യാൻ മടിച്ചാൽ
അവർ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു
* * *
അമേരിക്ക
മാനവസംസ്കൃതിയുടെ ശത്രു
നാഗരികതകളുടെ വൈരി
സംസ്കാര ശൂന്യ
ചുവരുകളില്ലാത്ത ഭീകരസൗധം
* * *
ബലിഷ്ഠയും ഗർവിഷ്ഠയും ഹിംസ്ര ജന്തുവുമായ അമേരിക്ക
എബ്രായ ഭാഷയുടെ വിവർത്തനവും
സത്യവാങ്മൂലവുമായി മാറുന്ന കാലത്തെ
നിരാകരിക്കുമ്പോൾ
അവർ ഞങ്ങളെ ഭീകരവാദികളായി ചാപ്പകുത്തുന്നു.
സൂചിക:
* ഖൻസാഅ്: പ്രാഗ് ഇസ്ലാമിക കാലത്തും നബിയുടെ കാലത്തും ഖിലാഫ കാവ്യങ്ങളിൽ കേളി കേട്ട കവി
* ഖഹ്ത്വാൻ: അറേബ്യൻ ഉപദ്വീപിലെ ദക്ഷിണമധ്യ ഭാഗത്ത് താമസിച്ചിരുന്ന അതിപുരാതന ഗോത്രം. ഖഹ്ത്വ എന്ന അറബിവാക്കിന്റെ വരൾച്ച എന്ന അർഥത്തിലേക്കാണ് കവിയുടെ സൂചന.
* അബൂസുഫ് യാൻ: മക്കാവിജയം വരെ നബിയോട് കഠിന ശത്രുത പുലർത്തിയ ഖുറൈശ് ഗോത്രപ്രഭു. മക്കാവിജയാനന്തരം മുസ്ലിമായി. അദ്ദേഹത്തിന്റെ പുത്രനാണ് മുആവിയ. ഉമവി ഭരണകൂട സ്ഥാപകൻ.
* ഇസ്ലാമിക ചരിത്രത്തിലെ പടനായകന്മാർ.
നിസാർ ഖബ്ബാനി (1923-1998)
പ്രമുഖ സിറിയൻ കവി. 1945 മുതൽ 1966 വരെ സ്പെയിനടക്കം വിവിധ രാജ്യങ്ങളിൽ സിറിയയുടെ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. ഫലസ്തീനും സ്ത്രീയുമായിരുന്നു കവിതകളുടെ മുഖ്യ പ്രമേയങ്ങൾ. അറബ് ഭരണകൂടങ്ങളുടെ രൂക്ഷവിമർശനമാണ് നിസാർ കവിതകളുടെ മറ്റൊരു പ്രത്യേകത.
(മൊഴിമാറ്റം: വി.എ. കബീർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.