അമ്മമ്മയില്ലാക്കാലത്തേക്കെത്തിനോക്കാനാവാതെ വിങ്ങി വിതുമ്പി നിൽക്കുന്നു ഹൃത്തടം നാൾവഴികൾതൻതാളുകൾ മറിയുമ്പോൾ നീറിപ്പിടഞ്ഞൊരു വാക്കുമായെൻ ഉള്ളറക്കുള്ളിലൊതുങ്ങുന്നു ഞാൻ കാത്തിരിക്കാനിനിയാരുമില്ലയാകോലായിൽ... ഇടനാഴിയിൽ ഒടുവിലാ നടുമുറിയിൽ. ചേർത്തുപിടിക്കാനോടിയണയുമ്പോൾമോളു വന്നുവോയെന്ന വാക്കിലെത്ര വേനലുകളൊഴിഞ്ഞു പോയ്... തിരികെവരും...
അമ്മമ്മയില്ലാക്കാലത്തേക്കെത്തി
നോക്കാനാവാതെ
വിങ്ങി വിതുമ്പി നിൽക്കുന്നു ഹൃത്തടം
നാൾവഴികൾതൻ
താളുകൾ മറിയുമ്പോൾ
നീറിപ്പിടഞ്ഞൊരു വാക്കുമായെൻ
ഉള്ളറക്കുള്ളിലൊതുങ്ങുന്നു ഞാൻ
കാത്തിരിക്കാനിനിയാരുമില്ലയാ
കോലായിൽ...
ഇടനാഴിയിൽ
ഒടുവിലാ നടുമുറിയിൽ.
ചേർത്തുപിടിക്കാനോടിയണയുമ്പോൾ
മോളു വന്നുവോയെന്ന വാക്കിലെത്ര
വേനലുകളൊഴിഞ്ഞു പോയ്...
തിരികെവരും വരെയാ ചുളിവീണ
കൈക്കുമ്പിളിൽ
മുഖമമർത്തുമ്പോളെത്ര
സാന്ത്വനലോകങ്ങൾ കണ്ടു ഞാൻ
പോയിവരാമേയെന്നയെൻ
വാക്കുതട്ടിമാറ്റി കൊച്ചുകുഞ്ഞായ്
പിണങ്ങിപ്പിതുങ്ങുമ്പോളെത്രയുമ്മകൾ
കൊണ്ടു നനച്ചു(ഞ്ഞു) ഞാൻ
കാട്ടുചെമ്പകം പൂത്ത വഴിയൊന്നിൽ പണ്ടു
മഴ നനഞ്ഞു നിന്നൊരെെന്ന
വീടണയും വരെയൊരു
ചേമ്പിലക്കീഴിൽ ചേർത്തില്ലേ...
ആ കുടക്കീഴിൽ പിന്നീടെത്ര
കരുതലിൻ കാതലറിഞ്ഞു ഞാൻ
ഒന്നു കാണുവാൻ വെറുതെ കൊതിച്ചാലും
ഇനിയില്ലെന്നറിയുമ്പോൾ
കരതലാമലകംപോലെയാ
ഓർമകൾ പൊതിയുന്നു
ഈ സ്നേഹമെന്തിങ്ങനെയെന്നയാ
പതിവു ചോദ്യവും ചിരിയുമിടക്കിടെ
പടികയറിയെത്തവേ...
തെക്കേ പറമ്പിൽ പൊടിച്ചെടികൾ
പേറിയ ആറടി മൺകൂനപോലെയുള്ളം
മലർന്നു കിടക്കും
അമ്മമ്മയില്ലാക്കാലം കടക്കാൻ കരുത്തു തേടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.