തരിശുനിലങ്ങളിൽ മീൻപിടിക്കുന്നവരാണ്കണ്ണാടി എനിക്ക് നൽകിയത് ഇതുവരെ അറിയാത്ത ദൃശ്യങ്ങൾ കാണാമെന്നവർ പറഞ്ഞു നോക്കിയപ്പോൾ ഞാനതിൽ എന്നെത്തന്നെയാണ് കാണുന്നത്. കാഴ്ചയുടെ ആഴവും പരപ്പും ദൂരവും കാണാൻ ഞാൻ പലതവണ നോക്കി ചരിത്രത്തിലെ വിച്ഛേദമായും പ്രതിബിംബമായും ഞാൻ നിൽക്കുന്നു. പ്രതിരൂപങ്ങളിൽ യുദ്ധങ്ങളും സ്മാരകങ്ങളും ഒരുപോലെ തെളിയുന്നുണ്ട് ചരിത്രയുദ്ധങ്ങളും യുദ്ധചരിത്രങ്ങളും വിജയം മെനഞ്ഞ ഗോപുരങ്ങളും ഒരുപോലെ നിഴൽ പരത്തുന്നു. ചിലപ്പോൾ അധികാരം നഷ്ടമായ രാജാക്കന്മാരെപ്പോലെ മറ്റു ചിലപ്പോൾ ആട്ടിയോടിക്കപ്പെട്ട ഒരു ജനതയെപ്പോലെ. വെടിയേറ്റ് വീഴുന്ന ഭടനായും വെടിക്കോപ്പ്...
തരിശുനിലങ്ങളിൽ മീൻപിടിക്കുന്നവരാണ്
കണ്ണാടി എനിക്ക് നൽകിയത്
ഇതുവരെ അറിയാത്ത ദൃശ്യങ്ങൾ
കാണാമെന്നവർ പറഞ്ഞു
നോക്കിയപ്പോൾ ഞാനതിൽ
എന്നെത്തന്നെയാണ് കാണുന്നത്.
കാഴ്ചയുടെ ആഴവും പരപ്പും ദൂരവും കാണാൻ
ഞാൻ പലതവണ നോക്കി
ചരിത്രത്തിലെ വിച്ഛേദമായും
പ്രതിബിംബമായും ഞാൻ നിൽക്കുന്നു.
പ്രതിരൂപങ്ങളിൽ യുദ്ധങ്ങളും സ്മാരകങ്ങളും
ഒരുപോലെ തെളിയുന്നുണ്ട്
ചരിത്രയുദ്ധങ്ങളും യുദ്ധചരിത്രങ്ങളും
വിജയം മെനഞ്ഞ ഗോപുരങ്ങളും
ഒരുപോലെ നിഴൽ പരത്തുന്നു.
ചിലപ്പോൾ അധികാരം നഷ്ടമായ
രാജാക്കന്മാരെപ്പോലെ
മറ്റു ചിലപ്പോൾ ആട്ടിയോടിക്കപ്പെട്ട
ഒരു ജനതയെപ്പോലെ.
വെടിയേറ്റ് വീഴുന്ന ഭടനായും
വെടിക്കോപ്പ് നിറയ്ക്കുന്ന തലവനായും
മലമുകളിലേക്ക് കുരിശ് ചുമന്നും
മലഞ്ചരിവിൽ മുറിവേറ്റും.
കണ്ണാടിയിലെ ബിംബങ്ങളിൽ
ഞാൻ ഭയം കാട്ടിത്തരാം.
പക്ഷേ, അപ്പോഴും ഒഴുക്കിലെ
പ്രതിബിംബങ്ങൾപോലെ
ഞാൻ എന്നെ പലതായി കാണുന്നു.
രാജ്യാന്തര ഗൂഢാലോചനയിൽ
ഞാൻ ഒറ്റുകാരനും സാക്ഷിയുമാണ്
ആയുധ വ്യാപാരത്തിലെ ഇടനിലക്കാരൻ
ഒടുവിൽ ചരിത്രംപോലെ
എന്നെത്തന്നെ വിലപേശി വിൽക്കുന്നു.
നക്ഷത്രങ്ങളെ നോക്കി ചിരിച്ചുകൊണ്ട്
എനിക്കെന്റെ ഉടയാടകൾ വലിച്ചെറിയണം
യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ട്
ജയിൽക്കുറിപ്പുകളെഴുതുമ്പോൾ
അധീശത്വത്തിന്റെ കനലൊളികളിൽ
എനിക്ക് മുഖം മറയ്ക്കണം
ഒളിച്ചുകടത്തുന്ന വചനങ്ങൾ
ഞാൻതന്നെയാകുമ്പോൾ
കണ്ണാടി ഞാനൊന്ന് ചെരിച്ചുപിടിക്കട്ടെ,
ഞാൻ ഓടുകയാണ്
ഒരിക്കലും ലക്ഷ്യം കാണാത്ത പലായനം
നീന്തുന്ന പരൽ മീനിനോട്
ഒഴുക്കു കാട്ടിയ ക്രൂരതപോലെ
കൊടുങ്കാറ്റിൽ തകർന്ന കപ്പൽ
ഉയർത്തുന്തോറും മുങ്ങിത്താഴുന്നു.
‘ദൈവമേ, ഈ പാനപാത്രം
തിരിച്ചെടുക്കാൻ കരുണ കാട്ടേണമേ’
മരുഭൂമിയിലെ എന്റെ നിലവിളി
കള്ളിമുൾച്ചെടികൾ വിഴുങ്ങുന്നു.
ആകാശത്തിലെ ഇരുണ്ട മേഘങ്ങൾ
പെയ്യാതെ പോകുമ്പോൾ
അശാന്തി മന്ത്രംപോലെ
‘എന്റെ പിഴ’ ‘എന്റെ പിഴ’ എന്ന രോദനം മാത്രം
എങ്ങനെ ഞാൻ എന്നെത്തന്നെ
പൂരിപ്പിക്കുമെന്നോർക്കവേ
പൊടുന്നനെ കണ്ണാടി തട്ടിയെടുത്ത്
അവർ ഓടിമറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.