കവിത എഴുതരുത്മറ്റെല്ലാറ്റിൽനിന്നുമുപരി നിങ്ങളിൽനിന്നും അത്, പുറത്തേക്ക് കുതിച്ചൊഴുകുന്നില്ലെങ്കിൽ അർഥിക്കാതെതന്നെ നിങ്ങളുടെ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും ചുണ്ടിൽനിന്നും കുടലിൽനിന്നും അത് പുറത്തുവരുന്നില്ലെങ്കിൽ, നിങ്ങൾ ഒരിക്കലും അത് ചെയ്യരുത്. കമ്പ്യൂട്ടർ സ്ക്രീനിലേക്ക് മണിക്കൂറുകൾ ഉറ്റുനോക്കിയും വാക്കുകൾ തിരഞ്ഞു വലഞ്ഞ് ടൈപ്റൈറ്ററിനു മേൽ കമിഴ്ന്നും ഒരിക്കലും അതിനു തുനിയരുത് പണമോ കീർത്തിയോ മോഹിച്ച്ഒരിക്കലും അതു...
കവിത എഴുതരുത്
മറ്റെല്ലാറ്റിൽനിന്നുമുപരി നിങ്ങളിൽനിന്നും അത്,
പുറത്തേക്ക് കുതിച്ചൊഴുകുന്നില്ലെങ്കിൽ
അർഥിക്കാതെതന്നെ നിങ്ങളുടെ ഹൃദയത്തിൽനിന്നും
മനസ്സിൽനിന്നും ചുണ്ടിൽനിന്നും കുടലിൽനിന്നും
അത് പുറത്തുവരുന്നില്ലെങ്കിൽ, നിങ്ങൾ
ഒരിക്കലും അത് ചെയ്യരുത്.
കമ്പ്യൂട്ടർ സ്ക്രീനിലേക്ക് മണിക്കൂറുകൾ ഉറ്റുനോക്കിയും
വാക്കുകൾ തിരഞ്ഞു വലഞ്ഞ് ടൈപ്റൈറ്ററിനു മേൽ
കമിഴ്ന്നും ഒരിക്കലും അതിനു തുനിയരുത്
പണമോ കീർത്തിയോ മോഹിച്ച്
ഒരിക്കലും അതു ചെയ്യരുത്
പെണ്ണിനെ കിടക്കയിലെത്തിക്കുവാൻ
ഒരിക്കലും അത് ചെയ്യരുത്
മായ്ച്ചും തിരുത്തിയും മായ്ച്ചും മടുപ്പുളവാകുമ്പോലെ
ഒരിക്കലും അതിനു തുനിയരുത്.
അത് ചെയ്യാനോങ്ങുന്നതു തന്നെ ഒരധ്വാനമായി
തോന്നുന്നുവെങ്കിൽ ഒരിക്കലും അതിനു മുതിരരുത്.
മറ്റൊരാളെപ്പോലെ എഴുതാനാണ് തുനിയുന്നതെങ്കിൽ
എഴുത്ത് മറന്നുകളയുന്നതാണ് നല്ലത്...
നിങ്ങളിൽനിന്ന് ഉന്മാദത്തോടെ അത്
നിപതിക്കുന്നതിന്, കാത്തിരിപ്പ് ആവശ്യമെങ്കിൽ
ക്ഷമയോടെ കാത്തിരിക്കൂ...
ഒരിക്കലും അത് അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ
മറ്റെന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കൂ
ആദ്യവായനക്ക്, അത് നിങ്ങൾ ഭാര്യക്കോ/
കാമുകിക്കോ/ കാമുകനോ/ രക്ഷിതാക്കൾക്കോ
നീട്ടുന്നുവെങ്കിൽ നിങ്ങളുടെ ഉൾനിലം അതിനു
പാകമായിട്ടില്ല എന്നാണ്.
മറ്റു പല എഴുത്തുകാരെയുംപോലെ ആവാതിരിക്കൂ...
സ്വയം എഴുത്തുകാരെന്നു മേനി നടിക്കുന്ന
മറ്റ് ആയിരങ്ങളെപ്പോലെ...
മന്ദനും വിരസനും കാപട്യക്കാരനും
ആത്മാരാധകനും ആവാതെയിരിക്കൂ
നിങ്ങളെപ്പോലെയുള്ളവരാൽ
കോട്ടുവായിട്ടു മടുക്കുന്നുണ്ട് ഉലകത്തിലെ
മുഴുവൻ വായനശാലകളും...
അവയുടെ ഭാരം വെറുതേ കൂട്ടരുത്...
നിങ്ങളുടെ ഉള്ളിൽനിന്ന്, അത്
പുറത്തേക്ക് റോക്കറ്റ് പോലെ ഉൽപതിക്കുന്നില്ലെങ്കിൽ,
ഇനിയും നിശ്ചലനായി തുടരുന്നത്
നിങ്ങളെ ഭ്രാന്തിലേക്കോ ആത്മഹത്യയിലേക്കോ
കൊലയിലേക്കോ പതിപ്പിക്കുന്നില്ലെങ്കിൽ,
ഉള്ളിലെ സൂര്യൻ നിങ്ങളെ അകംപുറം
എരിക്കുന്നില്ലെങ്കിൽ
ഒരിക്കലും അതിനു തുനിയരുത്...
യഥാർഥ സമയം സമാഗതമായെങ്കിൽ,
നിങ്ങൾ ശരിക്കും അതിനു
നിയോഗിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ,
അത്, സ്വയം പുറത്തുവന്നുകൊള്ളും
മുന്നോട്ടു തുടർന്നു കൊള്ളും
നിങ്ങൾ മരിക്കുന്നതുവരെ
അല്ലെങ്കിൽ, അത് നിങ്ങളിൽ മരിക്കുന്നതു വരെ...
അതിന് വേറൊരു പോംവഴിയുമില്ല
ഒരിക്കലും ഉണ്ടായിരുന്നുമില്ല.
അമേരിക്കൻ-ജർമൻ കവിയാണ് ചാൾസ് ബുക്കോവ്സ്കി ( 1920-1994). Pulp, Screams from the Balcony: Selected Letters 1960-1970 (1993), The Last Night of the Earth (1992) തുടങ്ങി 45 പുസ്തകങ്ങളുടെ രചയിതാവാണ്.
(മൊഴിമാറ്റം: ലോപാമുദ്ര)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.