എന്റെ വീടിന്റെ ചുറ്റുമുള്ള
ഫോറസ്റ്റിനകത്തുനിന്നും
രാവിലെതന്നെ അപ്പറെത്തെ
തോട്ടങ്ങളിലേക്ക് പറക്കുന്ന
പക്ഷികളെ നോക്കിയിരിക്കുന്ന
മാച്ചിയുടെ മകൾ കൂരിയുടെ
മുമ്പിലേക്ക് സ്വർണവെയിൽ മണികൾ
വിരിയുന്നേരം അയൽപക്കത്തെ
ജമീല താത്തയുടെ മകളുടെ മകൾ
ജനാലയിലൂടെ ഒളിഞ്ഞു നോക്കിട്ട്
കൂരീ പൂയ് യെന്ന് കൂവിയതും
കൂരിയും കൂ ......ന്ന് കൂവി.
ഇന്നലത്തെ ഞണ്ടുക്കറിയുണ്ടോടി കൂരീ
ചൊപ്പുക്കറിയുണ്ടോടി കൂരി
ഞാനങ്ങോട്ട് വരട്ടേടീ കൂരി...
ഇങ്ങോട്ട് വായോ വായോ ഷാ...ന്ന് കൂരി.
അവൾ ആ സ്വർണവെയിലിന്റെ
മൊട്ടുകൾക്കിടയിലൂടെ ചവിട്ടി ചവിട്ടി
കൂരിയുടെ വീട്ടിലേക്ക് കൊതിയോടെ നടന്നു.
തിണ്ണയിലിരിക്കുന്ന മാച്ചിയമ്മയുടെ
ലാളന കലർന്ന ചിരിയിലവൾ
കൂരിയുടെ അടുത്തിരുന്ന്
എവിടെ എവിടെ കരിഞ്ഞണ്ടുക്കറിയെന്ന്
ചോദിച്ചപ്പം ചോദിച്ചപ്പം ചോദിച്ചപ്പം
മേഘചുണ്ടിലെ ഉമിന്നീരുകളെല്ലാം
നൂൽമഴയായി ഇറങ്ങിവന്നിട്ട്
ആ പാവം കുറുക്കന്റെ കല്യാണം കൂടി.
കരിഞ്ഞണ്ടുകൊമ്പും പഴഞ്ചോറും
കൂരിക്കും ഷഹാനയ്ക്കും മാച്ചിയമ്മ നീട്ടി
രണ്ടുപേരും കറുംമുറു കറുംമുറുമുറുമെന്ന്
ഞണ്ടിന്റെ വലിവലിയ കൊമ്പുകളെ കടിച്ചു.
മാച്ചിയമ്മ നല്ല താളത്തിൽ
അരി ചേറുവാൻ തുടങ്ങിയപ്പോൾ
അവളുടെ ശ്രദ്ധ അവിടേക്കുപോയി.
വേഗം ഞണ്ടെല്ലാം തിന്നു തീർത്തവൾ
മാച്ചിയമ്മയുടെ അരികത്ത് ചേർന്നിരുന്നു.
മാച്ചിയവ്വാ മാച്ചിയവ്വാ
എനിക്കും അരിചേറാൻ പഠിക്കണം?
പിന്നെന്താ വാ ചേറ്...
അവൾ മുറം പിടിച്ച്
അരിയെല്ലം ചേറിചേറിവന്നപ്പോൾ
മാച്ചിയമ്മയുടെ ചുണ്ടത്തൊരു പാട്ട് പൂത്തു
ചെക്കെക്കും ബേക്കുബേക്കു
ചെക്കെക്കും ബേക്കുബേക്കു.
ഷഹാന ചേറിയ അരിയുടെ വിടവിലൂടെ
ഒരു പകൽനിലാവ് ഒളിച്ചുവന്ന്
അവൾക്ക് നല്ലൊരു തേൻമിട്ടായി നൽകി
അതും വായിലിട്ടോണ്ട് ഷഹാന
മാച്ചിയമ്മ പാടിയതുപോലെ
ചെക്കെക്കും ബേക്കുബേക്കു
ചെക്കെക്കും ബേക്കുബേക്കു എന്ന്
മുറം വീശിവീശി അരി ചേറുമ്പോൾ
അവിടെ അവളുടെ അരികത്തൂടെ
പ്രവാചകന്റെ കാറ്റുകൾ വീശുന്നുണ്ടായിരുന്നു.
==========
* ചെക്കെക്കും ബേക്കുബേക്കു: അരി ചേറുമ്പോൾ ഉണ്ടാക്കുന്ന ഒച്ച
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.