ആന, പന്നി, കുറുക്കൻ ചിലപ്പോൾ പുലി വരെ ഇറങ്ങുന്ന കാടോരത്ത് രണ്ട് വീടുകൾ ഒന്നിൽ ആധാർ നമ്പർ xxxxxxxxxxx1 മറ്റേതിൽ ആധാർ നമ്പർ xxxxxxxxxxx2 വേർതിരിക്കാൻ നൂറു കോടി സാധ്യതകൾ ഉണ്ടെങ്കിലുംനമുക്കിവരെ ഒറ്റക്കം ഇരട്ടക്കം എന്നു വിവക്ഷിക്കാം മഴപൊട്ടിയൊലിച്ച ഒരു വൈന്നേരം,ഇരുവരും വാതിൽ കൊട്ടിയടച്ചിരിക്കെ, ഒരേസമയം രണ്ടു വാതിലിലും ...ഒരേ മുട്ട്! ഒറ്റക്കം തുറന്നപ്പോൾ ഇരട്ടക്കം വാതിൽക്കൽഇരട്ടക്കം തുറന്നപ്പോൾ ഒറ്റക്കം വാതിൽക്കൽ ‘‘ബാ കള്ളാടിപ്പറ്റ ഷാപ്പിൽ പോയി...
ആന, പന്നി, കുറുക്കൻ ചിലപ്പോൾ പുലി വരെ
ഇറങ്ങുന്ന കാടോരത്ത് രണ്ട് വീടുകൾ
ഒന്നിൽ ആധാർ നമ്പർ xxxxxxxxxxx1
മറ്റേതിൽ ആധാർ നമ്പർ xxxxxxxxxxx2
വേർതിരിക്കാൻ നൂറു കോടി സാധ്യതകൾ ഉണ്ടെങ്കിലും
നമുക്കിവരെ ഒറ്റക്കം ഇരട്ടക്കം എന്നു വിവക്ഷിക്കാം
മഴപൊട്ടിയൊലിച്ച ഒരു വൈന്നേരം,
ഇരുവരും വാതിൽ കൊട്ടിയടച്ചിരിക്കെ,
ഒരേസമയം രണ്ടു വാതിലിലും ...ഒരേ മുട്ട്!
ഒറ്റക്കം തുറന്നപ്പോൾ ഇരട്ടക്കം വാതിൽക്കൽ
ഇരട്ടക്കം തുറന്നപ്പോൾ ഒറ്റക്കം വാതിൽക്കൽ
‘‘ബാ കള്ളാടിപ്പറ്റ ഷാപ്പിൽ പോയി അന്തിക്കള്ള്
കുടിക്കാം’’ ഒരേ സ്വരത്തിൽ രണ്ടു പേരും!
വിഷയം വീര്യമുള്ളതാകയാൽ അതിശയം മറന്ന്
ഷാപ്പിലെ മേശക്കിരുവശം
നേർക്കുനേർ നോക്കിയിരിപ്പായി
ഓരോ കുപ്പി വാങ്ങി മോന്തി എരിവു കൂടിയ
കണമ്പ് കറി ശ്രുതി ചേർത്തൊരന്തിക്കച്ചേരി.
ഒറ്റക്കം കണമ്പ് മുള്ളിൽ മൗത്ത് ഓർഗൺ വായിച്ചു!
ഇതു പോര ഇതുപോര... കൂടിയതെന്തുണ്ട്?
എന്ന് ഇരട്ടക്കത്തിന്റെ കൊനിഷ്ട് ചോദ്യം
ഷാപ്പുകാരൻ ഒതുക്കത്തിൽ പറഞ്ഞു ‘‘ആനമറുത’’!!
പേരിൽത്തന്നെ വീര്യം പതഞ്ഞുപൊന്തി,
ഒറ്റക്കം ഇരട്ടക്കം മാറി മാറി മോന്തി
ഏതോ എക്കിൾക്കൊപ്പം, തൊട്ടുകൂട്ടിയ ചാറിൽ
ഉപ്പില്ലെന്നാരോ അവ്യക്തമായി തികട്ടി.
ഉപ്പില്ല... ഉപ്പില്ല... പറഞ്ഞു കുഴഞ്ഞു കുഴഞ്ഞു
മറിഞ്ഞു... ബെഞ്ചു മറിഞ്ഞു...
ഷാപ്പാകെ കീഴ്മേൽ മറിഞ്ഞു.
പാരതന്ത്ര്യ ജീവിതത്തിന്നറുതി പൊറുതി നേടുവാൻ,
പാരിലുപ്പു സമരമെന്നു പേരുകേട്ട സമരമായ്!
നമ്മൾ ജാഥ ജാഥയായ് വടക്കുനോക്കി നീങ്ങയായ്,
കൈകൾ മുഷ്ടിചേർത്തു കോർത്തു കോർത്തു
പോയിടാം.
തെല്ലു ബോധാലസ്യമേറ്റ രണ്ടു പേരുമപ്പോൾ,
ഉപ്പിനുപ്പുവേണമെന്നുറക്കെയേറ്റു പാടി,
കാൽവരിയിൽ രണ്ടു ചേരിയായി മെല്ലെ നീങ്ങി,
നൂറു വർഷമിപ്പുറത്തു പെട്ടതറിഞ്ഞീല
ഉപ്പ് ഉപ്പ്... ആനമറുത ചെവിയിൽ ശബ്ദം കിലുക്കി
കടൽക്കരയിൽനിന്നും കുറുക്കിയെടുത്ത ഉപ്പെടുത്ത് ഇരട്ടക്കം നൂറ്റാണ്ടിനിപ്പുറമുള്ള കറിയിൽ ചേർത്തു
ഒരു മേശക്കപ്പുറമിപ്പുറം രണ്ടക്കങ്ങൾ,
ഒരേ കുപ്പി ഉപ്പിട്ട ഒരേ കറിയുടെ സുഖം ആലസ്യം...
മയക്കം
ഉണർന്നപ്പോൾ അവർ അവരവരുടെ വീട്ടിൽ.
ആന പന്നി കുറുക്കൻ പുലി
ഇവർ പഴയപോലെ കാട്ടിൽ
ആധാർ കാർഡുകളാകട്ടേ കുറേ ഭാഗം
ചിതൽ തിന്ന് ഒറ്റയോ ഇരട്ടയോ എന്ന് തിരിയാതെ
ഒരു സ്വസ്തിക് ചിഹ്നംപോലെ
രണ്ടു വീട്ടിലും ബാക്കിയായി!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.