ഗ​ബേ​ബാ​യു​ടെ ക​വി​ത​ക​ള്‍

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി​യാ​യ ഗ​ബേ​ബാ ബാ​ദ​റൂ​ണി​ന്റെ കവിതകളാണ്​ മൊഴിമാറ്റത്തിലൂടെ ഇത്തവണ ‘കവിതക്കൊരു വീട്’ എന്ന ത​ന്റെ പ്രതിമാസ പംക്തിയിലൂടെ കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പരിചയപ്പെടുത്തുന്നത്​. സൂ​ക്ഷ്മ​മാ​യി കൊ​ത്തി​യെ​ടു​ത്ത ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് ഗ​ബേ​ബാ​യു​ടെ ക​വി​ത​ക​ള്‍ എന്നും സച്ചിദാനന്ദൻ അടിവരയിടുന്നു.1. തു​ട​ക്ക​ക്കാ​ര്‍ക്ക് ഒ​രു ക​വി​തതു​ട​ക്ക​ക്കാ​ര്‍ക്കു​ള്ള വൈ​കു​ന്നേ​ര​ത്തെക​വി​താ​ക്ലാ​സി​ല്‍ ഒ​രി​ക്ക​ലും ഊ​രാ​ത്ത ക​ട്ടി​യു​ള്ള ത​വി​ട്ടു​കോ​ട്ടു​മാ​യി ഒ​രു പെ​ണ്‍കു​ട്ടി. അ​വ​ള്‍ ഒ​രു നീ​ണ്ട ശ്വാ​സ​മെ​ടു​ത്ത്,പേ​ടി​ച്ച് എ​ന്തോ...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി​യാ​യ ഗ​ബേ​ബാ ബാ​ദ​റൂ​ണി​ന്റെ കവിതകളാണ്​ മൊഴിമാറ്റത്തിലൂടെ ഇത്തവണ ‘കവിതക്കൊരു വീട്’ എന്ന ത​ന്റെ പ്രതിമാസ പംക്തിയിലൂടെ കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പരിചയപ്പെടുത്തുന്നത്​. സൂ​ക്ഷ്മ​മാ​യി കൊ​ത്തി​യെ​ടു​ത്ത ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് ഗ​ബേ​ബാ​യു​ടെ ക​വി​ത​ക​ള്‍ എന്നും സച്ചിദാനന്ദൻ അടിവരയിടുന്നു.

1. തു​ട​ക്ക​ക്കാ​ര്‍ക്ക് ഒ​രു ക​വി​ത

തു​ട​ക്ക​ക്കാ​ര്‍ക്കു​ള്ള വൈ​കു​ന്നേ​ര​ത്തെ

ക​വി​താ​ക്ലാ​സി​ല്‍

ഒ​രി​ക്ക​ലും ഊ​രാ​ത്ത ക​ട്ടി​യു​ള്ള

ത​വി​ട്ടു​കോ​ട്ടു​മാ​യി

ഒ​രു പെ​ണ്‍കു​ട്ടി.

അ​വ​ള്‍ ഒ​രു നീ​ണ്ട ശ്വാ​സ​മെ​ടു​ത്ത്,

പേ​ടി​ച്ച് എ​ന്തോ പ​റ​യു​ന്നു

എ​ന്റെ ബോ​യ്‌​ഫ്ര​ണ്ട് ജ​യി​ലി​ലാ​ണ്

അ​വ​ന് അ​ഴി​ക​ള്‍ക്കി​ട​യി​ലൂ​ടെ എ​ങ്ങനെ

സ​ന്ദേ​ശം അ​യ​ക്കാം എ​ന്ന്

ക​ണ്ടെ​ത്താ​നാ​ണ്‌ ഞാ​ന്‍ ഇ​വി​ടെ വ​ന്ന​ത്.

അ​പ്പോ​ള്‍ ആ​രോ പൊ​ട്ടി​ച്ചി​രി​ച്ചു

അ​വ​ള്‍ കോ​ട്ടി​ന്നു​ള്ളി​ലേ​ക്ക് ത​ല വ​ലി​ച്ചു,

ഉ​ള്ളി​ല്‍നി​ന്ന് ഞ​ങ്ങ​ള്‍ക്കും

അ​പ്പു​റ​ത്തേ​ക്ക് നോ​ക്കി

പി​ന്ന​ത്തെ ആ​ഴ്ച അ​വ​ള്‍ വ​ന്നി​ല്ല

ഞാ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി അ​വ​ളെ​ക്കു​റി​ച്ച്

ആ​ലോ​ചി​ക്കു​ന്നു, ക​വി​ത എ​ന്നാ​ല്‍

എ​ന്താ​ണ് എ​ന്നും.

അ​താ​യി​രു​ന്നു എ​ന്റെ ഉ​ദ്ഭ​വം,

ക​വി​ത വി​പ​ത്ക​ര​മാ​കു​ന്നി​ട​ത്ത്,

അ​ത് ഒ​റ്റി​ക്കൊ​ടു​ക്ക​ല്‍ ആ​കു​ന്നി​ട​ത്ത്.

പി​ന്നെ അ​വ​ളു​ടെ ആ​ദ്യ​ത്തെ

ചോ​ദ്യ​ത്തി​ന്റെ ഓ​ർമ​യും:

എ​ങ്ങ​നെ ഒ​റ്റ​ക്കാ​കാ​തി​രി​ക്കാ​മെ​ന്ന്.

2. ക​ല്‍ത്തൊ​ലി

കോ​ട്ട​ക്കു​ള്ളി​ല്‍ പ്ര​തി​മ​ക​ള്‍

പൂ​ർണ​തകൊ​ണ്ട് മ​ര​വി​ക്കു​ന്നു.

ക​ല്‍ച്ചു​വ​രു​ക​ള്‍ക്ക് പു​റ​ത്ത്

സെ​ന​ഗ​ാളി​ല്‍നി​ന്ന് വ​ന്ന കു​ടി​യേ​റ്റ​ക്കാ​ര്‍

പ​നി​നീ​ര്‍പ്പൂ​ക്ക​ളും ഭാ​ഗ്യ​വും നി​റ​ഞ്ഞ

കൈ​ക​ള്‍ നീ​ട്ടു​ന്നു

കു​ട്ടി, അ​ന​ശ്വ​ര​മാ​യ,

ലാ​ഘ​വ​മാ​ര്‍ന്ന വെ​ണ്ണ​ക്ക​ല്ലി​ല്‍

അ​വ​ന്റെ കൊ​ച്ചു കാ​ല​ടി വെ​ക്കുന്നു

വി​ശു​ദ്ധ​മ​റി​യം അ​വ​ളു​ടെ മ​ടി​യി​ല്‍

അ​വ​ന്റെ ശി​ര​സ്സ്‌ മെ​ല്ലെ താ​ങ്ങു​ന്നു

പു​റ​ത്തു കൈ​ക​ളു​ടെ ആം​ഗ്യം

സു​ന്ദ​ര​മ​ല്ല, നി​ശ്ശ​ബ്ദ​വു​മ​ല്ല.

രാ​ത്രി ക​ന്മ​തി​ല്‍ അ​തി​ന്റെ സ്ഥാ​ന​ത്ത്

ഉ​റ​ച്ചുനി​ല്‍ക്കു​ന്നു, പു​റ​ത്തോ,

മൗനം, വ​ള​രു​ന്ന മൗ​നം.

3. അ​ടു​ത്ത്

ഒ​രു ചെ​റി​യ ക​ട്ടി​ലും

കാ​ല്‍ക്ക​ല്‍ ഒ​രു ടി.വിയു​മു​ള്ള

ഒ​രു കു​ടു​സ്സു​മു​റി​യി​ലാ​യി​രു​ന്നു എ​ന്റെ താ​മ​സം

ക​ത​കി​നു പി​റ​കി​ല്‍

ഒ​രു ക​ണ്ണാ​ടി തൂ​ങ്ങി​ക്കി​ട​ന്നു

ഞാ​ന്‍ അ​തി​ന്റെ ചെ​റു​പ്പ​ത്തി​ന്ന​നു​സ​രി​ച്ചാ​ണ്

ജീ​വി​ച്ചുപോ​ന്ന​ത്.

ഇ​പ്പോ​ള്‍ ഞാ​ന്‍ ഇ​താ

നി​ന്റെ തൊ​ട്ട​ടു​ത്ത് കി​ട​ക്കു​ന്നു

ചു​വ​രു​ക​ളി​ല്‍നി​ന്നു​ള്ള അ​ക​ലം

ഇ​പ്പോ​ഴെ​നി​ക്ക​റി​യാം

നി​ന്നെ ഞാ​ന്‍ ഒ​ന്നു ചേ​ര്‍ത്തു​പി​ടി​ച്ചാ​ല്‍

നാം ​ഒ​രു കൊ​ച്ചു കി​ട​ക്ക​യി​ല്‍ കൊ​ള്ളും.

4. മ​ഴ പെ​യ്യു​ന്നു, അ​മൂ​ര്‍ത്ത​മാ​യ ലോ​ക​ത്തി​ല്‍

മ​ഴ പെ​യ്യു​ന്നു,

ക​ല്ലു​ക​ളു​ടെ മേ​ല്‍, രാ​ത്രി​ക്കു മേ​ല്‍.

മ​ഴ ഓ​വു​ചാ​ലു​ക​ളി​ല്‍ പെ​യ്യു​ന്നു,

കു​ഴി​യി​ലേ​ക്കൊ​ഴു​കു​ന്നു

മ​ഴ മേ​ല്‍ക്കൂ​ര​ക​ളെ​ക്കാ​ള്‍

ചെ​രി​ഞ്ഞു പെ​യ്യു​ന്നു

മ​ഴ ഷ​ട്ട​റു​ക​ളു​ടെ പ​ല​ക​ക​ള്‍ക്കു മേ​ല്‍ വീ​ഴു​ന്നു

ജ​ന​ലു​ക​ളു​ടെ ഇ​രു​ട്ടി​ന്മേ​ലും

മ​ഴ വീ​ഴു​ന്നു, വാ​തി​ലു​ക​ളി​ല്‍,

ഒ​ഴി​ഞ്ഞ വ​രാ​ന്ത​ക​ളി​ല്‍,

മ​ഴ വീ​ഴു​ന്നു,

ലോ​ക​ത്തി​ന്റെ ഏ​കാ​ന്ത​ത​ക്കു മേ​ല്‍

ഒ​ന്നും അ​തു​ത​ന്നെ ആ​യി​രി​ക്കാ​താ​വും വ​രെ

മ​ഴ പെ​യ്തു​കൊ​ണ്ടേ ഇ​രി​ക്കു​ന്നു.

5. കേ​പ് ടൗ​ണ്‍, ജാ​ക്സ​ണ്‍ തു​റ​മു​ഖം

പു​റ​ത്തു​നി​ന്നു വ​ന്ന വ​റ്റ​ല്‍ചെ​ടി,

പാ​വ​ങ്ങ​ളു​ടെ, വേ​ഗം വ​ള​രു​ന്ന, ചു​ള്ളി​വി​റ​ക്,

അ​സ്ത​മ​യ​ങ്ങ​ള്‍ ചു​ക​പ്പി​ക്കു​ന്ന നീ​റ്റു​ന്ന പു​ക.

ആ ​കാ​ട്ടു​ചെ​ടി​യു​ടെ വ​യ​ലു​ക​ളി​ല്‍

ഇ​രു​പ​തു കു​ട്ടി​ക​ള്‍ കി​ട​ക്കു​ന്നു

സ്ത്രീ​ക​ള്‍ എ​ല്ലാ വ​ര്‍ഷ​വും ക​ര​യു​ന്നു,

അ​വ​രു​ടെ മ​ക്ക​ള്‍ അ​പ്ര​ത്യ​ക്ഷ​രാ​യ

അ​തേ നാ​ളും നാ​ഴി​ക​യും നോ​ക്കി.

6. പ​റ്റം

എ​ന്റെ മു​ന്നി​ലൂ​ടെ

ഒ​രു പു​രു​ഷ​നും സ്ത്രീ​യും പ​തു​ക്കെ ന​ട​ക്കു​ന്നു,

പ​ര​സ്പ​രം അ​ര​യി​ല്‍ കൈ ​വെ​ച്ച്,

ഇ​ട​യി​ല്‍ സ്ഥ​ലംവി​ടാ​തെ ഒ​ട്ടി​ച്ചേ​ര്‍ന്ന്.

പെ​ട്ടെ​ന്ന് അ​വ​ര്‍ ന​ട​ത്തം നി​ര്‍ത്തു​ന്നു.

അ​വ​ര്‍ സം​സാ​രി​ക്ക​യാ​ണോ, പ​റ​യാ​ന്‍ പ​റ്റു​ന്നി​ല്ല

അ​യാ​ള്‍ മെ​ലി​ഞ്ഞി​ട്ടാ​ണ്, അ​വ​ളു​ടെ അ​ര​ക്കെ​ട്ട്

അ​യാ​ളു​ടെ അ​ല്‍പ്പം പി​ന്നി​ലേ​ക്കു ഉ​ന്തിനി​ല്‍ക്കു​ന്നു.

പി​ന്നെ അ​വ​ര്‍ വേ​ഗം

അ​വ​രു​ടെ വാ​തി​ല്‍ക്ക​ലേ​ക്കു ന​ട​ക്കു​ന്നു,

അ​വ​രു​ടെ സ​മ​യം ക​ഴി​ഞ്ഞു എ​ന്നപോ​ലെ.

അ​വി​ടെനി​ന്ന് ര​ണ്ടു വാ​തി​ല്‍ അ​ക​ലെ

ന​ര​ച്ചുതു​ട​ങ്ങി​യ താ​ടി​യു​ള്ള ഒ​രാ​ള്‍

ആ ​ഇ​ണ​ക​ളെ നോ​ക്കി

സ്വ​ന്തം ക​ത​കി​നു പു​റ​ത്തുനി​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു

ക​ത​കി​ലു​ള്ള അ​യാ​ളു​ടെ പി​ടു​ത്തം ക​ണ്ടാ​ല​റി​യാം,

അ​ത് അ​യാ​ളു​ടെ വീ​ടാ​ണെ​ന്ന്.

അ​വ​ര്‍ അ​ക​ത്തു ക​യ​റു​മ്പോ​ള്‍

അ​യാ​ള്‍ സി​ഗ​ര​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ്

ഷൂ​സ് കൊ​ണ്ട് അ​ത് ഞെ​രി​ച്ചുക​ള​യു​ന്നു.

മൂ​ന്നു വാ​തി​ലു​ക​ള്‍ക്കു​മ​പ്പു​റം

ക​റു​ത്ത തൂ​വാ​ല ത​ല​യി​ലി​ട്ട ഒ​രു സ്ത്രീ

​ഒ​രു വെ​ളു​ത്ത വാ​തി​ലി​ല്‍ പ​തു​ക്കെ മു​ട്ടു​ന്നു

അ​വ​ള്‍ അ​ദൃ​ശ്യ​മാ​യ ഇ​റ​യ​ത്തേ​ക്കു

തി​രി​ഞ്ഞാ​ണ് നി​ല്‍ക്കു​ന്ന​ത്,

ആ​രും ത​ന്നെ നോ​ക്കാ​തി​രി​ക്കാ​ന്‍.

അ​വ​ളു​ടെ ശ​രീ​രം പ​റ​യു​ന്ന​ത് ഇ​താ​ണ്:

എ​ന്റെ ഏ​കാ​കി​ത​യെ ആ​രും നോ​ക്ക​ല്ലേ.

അ​പ്പോ​ള്‍ ഞാ​ന്‍ എ​ന്റെത​ന്നെ വാ​തി​ൽക്ക​ലാ​ണ്,

പൂ​ട്ട്‌ ര​ണ്ടു ത​വ​ണ പൂ​ട്ടി എ​ന്നു​റ​പ്പി​ക്കാ​ന്‍.

എ​ന്റെ വീ​ട്ടു​ട​മ സ്വ​കാ​ര്യം പ​റ​യു​ന്നു, ഓ,

​ഇ​വി​ടെ അ​വ​റ്റ ഒ​രുപാ​ടു​ണ്ട്,

ഒ​രുപ​റ്റം അ​പ്പാ​ടെ.

അ​ത് ന​ല്ല​ത​ല്ല.

ഇ​താ​കു​ന്നു ഭാ​വി,

ക​ത​കു​ക​ളു​ടെ ഈ ​അ​ട​ക്ക​ലും

തു​റ​ക്ക​ലും.

7. ക​റു​ത്ത തു​മ്പി​ക​ള്‍

രാ​വി​ലെ ‘സി​ല്‍വ​ര്‍ മൈ​നി’​ലൂ​ടെ

ന​ട​ക്കു​മ്പോ​ള്‍ മ​ര​ങ്ങ​ള്‍ ആ​കാ​ശ​ത്തി​നു കു​റു​കെ

ക​റു​ത്ത ഒ​രു വ​ലപോ​ലെ

ഞ​ങ്ങ​ളു​ടെ മു​ട്ടി​ന്ന​രി​കി​ല്‍

വി​ജാ​ഗി​രി​ക​ള്‍പോ​ലെ

നി​ഴ​ലു​ക​ളു​ടെ നി​ഴ​ലു​ക​ള്‍

ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്കു പ​റ​ക്കു​ന്നു

ഇ​ര​ട്ട​യാ​യ അ​ർധ​വൃ​ത്ത​ങ്ങ​ള്‍,

പ​തി​രാ​യു​ടെ ശ​ക​ല​ങ്ങ​ള്‍പോ​ലെ

ന​മ്മു​ടെ കാ​ല്‍ക്ക​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി

അ​വ പി​ന്നെ​യും പൊ​ങ്ങു​ന്നു.

(മൊഴിമാറ്റം- സച്ചിദാനന്ദൻ)

==========

സച്ചിദാനന്ദൻ

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി​യാ​യ ഗ​ബേ​ബാ ബാ​ദ​റൂ​ണ്‍ നാ​ലു ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളു​ടെ​യും ഒ​രു മോ​ണോ​ഗ്രാ​ഫി​ന്‍റെ​യും ര​ച​യി​താ​വാ​ണ്. ‘Dream in the Next Body’, ‘The Museum of Ordinary Life’, ‘A Hundred Silences’, ‘The History of Intimacy’ എ​ന്നി​വ​യാ​ണ് ക​വി​താസ​മാ​ഹാ​ര​ങ്ങ​ള്‍. മോ​ണോഗ്രാ​ഫി​ന്റെ ശീ​ര്‍ഷ​കം Regarding Muslims: from Slavery to Post-apartheid എ​ന്നാ​ണ്.​ അ​ലി​ഷ്യാ ഡെ​ക്ക​റു​മൊ​ത്ത് പെ​ൻ​സൽവേ​നി​യ സ​ർവ​ക​ലാ​ശാ​ല​യി​ലെ ആ​ഫ്രി​ക്ക​ന്‍ ഫെ​മി​നി​സ്റ്റ് ഇ​നീ​​േഷ്യറ്റി​വ് എ​ന്ന വ​കു​പ്പി​ന്റെ ഒ​രു ഡ​യ​റ​ക്ട​ര്‍ ആ​ണ് ഗ​ബേ​ബാ. അ​വ​ര്‍ അ​വി​ടെ ലിം​ഗ-ലൈം​ഗി​ക​താ പ​ഠ​ന​ത്തി​ന്റെ അ​ധ്യാ​പി​ക​യു​മാ​ണ്.

 

ഗ​ബേ​ബാ ബാ​ദ​റൂ​ണിനൊപ്പം സച്ചിദാനന്ദൻ

ആ​ഫ്രി​ക്ക​ന്‍ പോ​യ​ട്രി ഫ്രണ്ടി​ന്റെ ഒ​രു എ​ഡി​റ്റ​റും ഡെ​യിം​ല​ര്‍ ക്രി​സ് ല​ര്‍ പു​ര​സ്കാ​ര ജേ​താ​വുമാ​ണ്. സ്റ്റെ​ല്ല​ന്‍ബോ​ഷ് സ​ർവ​ക​ലാ​ശാ​ല​യി​ല്‍ വി​ദ​ഗ്ധ​ പ്രഫ​സ​റും അ​വി​ട​ത്തെ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ അ​ഡ്വാ​ന്‍സ്‌​ഡ് സ്റ്റ​ഡി​യി​ലെ ഫെ​ലോയും. ക​വി​ത​ക​ള്‍ ലോ​ക​ത്തെ പ്ര​ധാ​ന ഇം​ഗ്ലീ​ഷ് ക​വി​താ​ മാ​സി​ക​ക​ളി​ലെ​ല്ലാം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സൂ​ക്ഷ്മ​മാ​യി കൊ​ത്തി​യെ​ടു​ത്ത ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് ഗ​ബേ​ബാ​യു​ടെ ക​വി​ത​ക​ള്‍ എ​ന്നും വി​കാ​ര​വും വി​ചാ​ര​വുംകൊ​ണ്ട് അ​വ സ​മ്പന്ന​മാ​ണെ​ന്നും ക്വാ​മേ ഡേ​വി​സ്.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.