1. അടുക്കള
ഒരു വർഷത്തോളമോ
അതിലുമേറെയോ കാലം
എന്റെ അമ്മൂമ്മക്ക്
അടുക്കള ഉണ്ടായിരുന്നില്ല.
അപ്പോൾ അവർ എന്റെ
അമ്മൂമ്മ ആയിട്ടുണ്ടായിരുന്നുമില്ല.
അക്കാലത്ത് വിരമിച്ച ഭർത്താവും
താളംതെറ്റുന്ന കുടുംബവരുമാനവും
അവരുടെ കലം ചട്ടികളെ
പുതുതായി വാടകക്കെടുത്ത
ഒറ്റമുറി കുടിലിന്റെ
മുറ്റത്തേക്കെത്തിച്ചു.
അവർ തയാറാക്കിയിരുന്ന
കൂട്ടാൻ ചാറിൽ മഴവെള്ളം കലർന്നു.
കണ്ണുനീർ
മറ്റൊരു ദിവസത്തേക്കും
കാലത്തേക്കുമായി
അവർ കരുതിവെച്ചു.
അവർക്കപ്പോഴും നാളെകളുടെ
പ്രതീക്ഷയുണ്ടായിരുന്നു.
അവർക്കപ്പോൾ നഷ്ടപ്പെട്ടിരുന്നത്
ഒരടുക്കള മാത്രമായിരുന്നു.
ദശാബ്ദങ്ങൾക്കു ശേഷം,
സ്വന്തമായി വീടുവെച്ചപ്പോഴേക്കും
അവർക്ക് കുറെയേറെ
നഷ്ടങ്ങൾ സംഭവിച്ചിരുന്നു.
നിഷ്ഠുരമായ ഇന്നുകൾക്കുമേൽ
നാളെകൾ കുമിഞ്ഞുകിടന്നു;
അവരുടെ വരണ്ട കൺതടങ്ങളിൽ
അവ പടർന്നുകയറി.
പക്ഷേ, അപ്പോൾ അവർക്ക്
ഒരടുക്കള ഉണ്ടായിരുന്നു–
അവരുടെ കൈവശമുണ്ടായിരുന്ന
മൂന്നേകാൽ സെന്റ് ഭൂമിയുടെ
ഒരു കീറിൽ,
അൽപമാത്രം സൂര്യപ്രകാശം വീഴുന്ന ഒന്ന്.
അവിടെയാണവർ സ്വന്തം ആനന്ദങ്ങളാൽ
എന്റെ ബാല്യത്തെ അലങ്കരിച്ചിരുന്നത്.
മധുരദ്രവങ്ങൾ. എരിവുകൾ.
പഴുക്കാത്ത അമ്പഴങ്ങപോലുള്ള
തീക്ഷ്ണരുചികൾ.
പിന്നെ ബാലികാ കുസൃതികളും.
പാചകയിടത്തിന്റെ ഒരു പാദുകപ്പെട്ടിക്കകത്ത്
അവർ ചരിത്രം കഷ്ണിക്കുകയും
കൂട്ടിച്ചേർക്കുകയും ചെയ്തു.
തുറന്ന മുറ്റത്ത്
ഇറ്റുവീഴുന്ന മഴത്തുള്ളികൾ കലരാത്ത,
വൈദഗ്ധ്യത്തോടെ തയാറാക്കിയ
കൂട്ടാൻചാറുകളുടെ
ഭൂപടരഹിതമായ സാഗരങ്ങളിൽ
അവർ ഭൂമിപ്രകൃതികൾ
ഇളക്കിച്ചേർത്തു.
2. എന്താണ് നീ വരാത്തത്?
മുറത്തിന്റെ മറയിലൂടെ
ചില പ്രദേശങ്ങളിൽ
നവവധുക്കൾ നിലാവ്
പിടിച്ചെടുക്കും.
ഭർത്താവിന്റെ ദീർഘായുസ്സിനായുള്ള
അനുഷ്ഠാനപരമായ നിക്ഷേപം.
വീടുവിട്ടിറങ്ങിയപ്പോൾ
അമ്മൂമ്മ കണ്പീലികൾക്കുള്ളിൽ
ഒരു നദി ഒളിച്ചുകടത്തി.
അതിനെ സുഗന്ധയെന്നു വിളിച്ചു.
സു- ഗന്ധ- നറുമണമുള്ളത്.
കണ്ണീർ പൊഴിക്കുമ്പോഴെല്ലാം
അവർക്കു ചുറ്റുമുള്ള വായുവിൽ
അവർക്ക് നദിയെ മണക്കാം–
അതിനാണു പുഴയെ മോഷ്ടിച്ചത്.
മറവിക്കെതിരെയുള്ള
കരുതൽനിക്ഷേപം.
അവരുടെ പുതിയ വീടിനടുത്ത്
ജലമേ ഇല്ലായിരുന്നു.
അമ്മൂമ്മയുടെ അമ്മവീടിരുന്ന
ജാലോകതിയിൽ
മുമ്പെന്നപോലെ
സുഗന്ധ ഒഴുകിക്കൊണ്ടിരുന്നു.
അതിന്റെ തണുപ്പിൽനിന്ന്
കനാലുകൾ ഇഴപിരിഞ്ഞു.
ദാഹാർത്തരായ വഴിപോക്കർക്ക്
ശമനമായി അതിന്റെ
വിസ്തൃതമായ ജലനീലിമ.
ഹരിതാഭമായ സ്വപ്നസ്ഥലികൾ
ജലത്തെ അതിന്റെ കോഷ്ഠകങ്ങളിൽ
പിടിച്ചുനിർത്തി.
അസ്ഥിമാത്രമായ, ദൃഢമായ,
പൊങ്ങിക്കിടക്കുന്ന ഒരു മുളമ്പാലം
നിശ്ചിന്തമായ അതിന്റെ ഒഴുക്കിന്
ഒരു ഖണ്ഡികാ വിരാമമിട്ട്
അവിടെ നിന്നു.
ഒരു മീൻപിടിത്തക്കാരന്റെ വീട്ടരികിൽ
പെൺകുട്ടികൾ കളിവഞ്ചികൾ വലിച്ചു.
അവരുടെ കുസൃതിച്ചിരികൾ
നദിയുടെ ഓളങ്ങൾക്കു മേൽ
ചിതറിപ്പോയി.
സുഗന്ധയെക്കുറിച്ചുള്ള ഒരു വീഡിയോയിൽ
മകളുടെ മുടി ചീകിക്കെട്ടുന്ന
ഒരമ്മയെ ഞാൻ കാണുന്നു.
എനിക്കു മനസ്സിലാകും മുമ്പ്
ആ മകൾക്ക് എന്റെ അമ്മൂമ്മയുടെ
രൂപമായിത്തീരുന്നു;
അവർ ഒരു ഗീതമായി ചിതറിപ്പോകുന്നു.
അവർ ചോദിക്കുന്നു:
‘‘നീയെന്താണ് ഞങ്ങളുടെ വീട്ടിലേക്ക്
ഒരിക്കലും വരാത്തത്?’’
(മൊഴിമാറ്റം: പി.എസ്. മനോജ് കുമാർ)
==========
ഭാസ്വതി ഘോഷ്
കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുകയും വിവർത്തനം ചെയ്യുകയും ചെയ്യുന്നു. ‘Victory Colony, 1950’ ആദ്യ നോവൽ. ‘My Days with Ramkinkar Baij’ ബംഗാളിയിൽനിന്നുള്ള ആദ്യ വിവർത്തന കൃതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.