കർട്ടനുയരുന്നതും കാത്ത് കിഴക്കൊരു കൊട്ടക. ലൈൻ കമ്പികളുടെ നീണ്ട ഗാലറികളിൽ അച്ചടക്കത്തോടെ നിരന്നിരിക്കുന്നു നീലപ്പൊന്മകൾ. ആടുന്ന കാലുകളുള്ള പോട്ടപ്പുൽ ബഞ്ചുകളിലിരുന്ന് കലപില കൂട്ടുന്നു പൂത്താങ്കിരികൾ. വലതു പുറത്തെഓരുവെള്ളത്തിന്റെ മറയിലൂടെ തലയിട്ടു നോക്കുന്നു കുഞ്ഞനാമ. ഒഴപ്പാതെ പോയിരുന്നു പഠിക്കെടാന്ന് തലയ്ക്കു...
കർട്ടനുയരുന്നതും കാത്ത്
കിഴക്കൊരു കൊട്ടക.
ലൈൻ കമ്പികളുടെ
നീണ്ട ഗാലറികളിൽ
അച്ചടക്കത്തോടെ നിരന്നിരിക്കുന്നു
നീലപ്പൊന്മകൾ.
ആടുന്ന കാലുകളുള്ള
പോട്ടപ്പുൽ ബഞ്ചുകളിലിരുന്ന്
കലപില കൂട്ടുന്നു
പൂത്താങ്കിരികൾ.
വലതു പുറത്തെ
ഓരുവെള്ളത്തിന്റെ മറയിലൂടെ
തലയിട്ടു നോക്കുന്നു
കുഞ്ഞനാമ.
ഒഴപ്പാതെ പോയിരുന്നു
പഠിക്കെടാന്ന് തലയ്ക്കു മേടുന്നു
ആമയമ്മ...
പുല്ലിന്റെ തറടിക്കറ്റിൽ
അക്ഷമയുടെ മുക്രയിടുന്നു
ഏഴഴകുള്ള
പോത്തുകുട്ടന്മാർ.
മുതുകത്തെ ഫ്രീടിക്കറ്റിൽ
പോപ്കോൺ കൊറിച്ചിരിക്കുന്നു
ബാല്യക്കാർ, കൊറ്റികൾ...
സത്യനേം മിസ് കുമാരിയേം
മനസ്സാ സങ്കൽപ്പിച്ച്
മൂലയ്ക്ക് തൂങ്ങിയിരിക്കുന്നു
ചില വെളുത്ത മൂപ്പിലാന്മാർ.
കൊട്ടകയുടെ
നേർത്ത വെട്ടത്തിൽ
ചേലിൽ കണ്ണെഴുതിയ
കൂട്ടുകാരിയെ കള്ളനോട്ടമെറിയുന്നു
സുന്ദരൻ മൈന.
ഒടുക്കം,
മിനുങ്ങുന്ന തിരശ്ശീല ഉയരുന്നു
വെള്ളിത്തിരയിലതാ
ഇളം ചുവപ്പു പുട്ടിയിട്ട
നായകന്റെ മുഖം.
കൊട്ടക ആകെയങ്ങു തെളിയുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.