ഇതുകൊണ്ടാണ്​ ഞങ്ങൾ നൃത്തം ചവിട്ടുന്നത്*

ഓർമയിലെ എ​ന്റെ വീട് പച്ചനിറത്തിലുള്ള, പഴകിയൊരു സോഫയാണ് ഓരോ കവിതയിലും വരുന്ന എ​ന്റെ വല്യുമ്മയാണ് ഏറ്റുമുട്ടലുകൾക്കിടയിൽനിന്നിറുത്ത മുല്ലപ്പൂക്കളാണ് കണ്ണീർവാതകത്തിൽ തുടങ്ങുന്ന ഏറ്റുമുട്ടലുകളാണ് ഉള്ളിയും തൈരും തേച്ച് സുഖപ്പെടുത്തിയ കണ്ണീർവാതകപ്പരിക്കുകളാണ് അതിൽ പങ്കുചേരുന്ന ഉൽപതിഷ്ണുതയും ചട്ടിയും കലവും മുട്ടി മുദ്രാവാക്യം വിളിക്കുന്ന പെണ്ണുങ്ങളും പ്രാക്കുകളും പ്രാർഥനകളും ഹസ്ബുനല്ലകളുമാണ്. കള്ള നായി​ന്റെ മക്കൾ കളിക്കുന്നത് മിലിട്ടറി ടാങ്കുകൾ വെച്ചാണ് പക്ഷേ ഞങ്ങൾക്കിവിടത്തെ കരിങ്കല്ലുകളെ നന്നായറിയാം. 2008ലെ ഗസ്സ ബോംബിങ്.ശോകത്തിനും ഇൗജിപ്ഷ്യൻ ബെല്ലിഡാൻസിന്റെ...

ഓർമയിലെ എ​ന്റെ വീട് പച്ചനിറത്തിലുള്ള, പഴകിയൊരു സോഫയാണ്

ഓരോ കവിതയിലും വരുന്ന എ​ന്റെ വല്യുമ്മയാണ്

ഏറ്റുമുട്ടലുകൾക്കിടയിൽനിന്നിറുത്ത മുല്ലപ്പൂക്കളാണ്

കണ്ണീർവാതകത്തിൽ തുടങ്ങുന്ന ഏറ്റുമുട്ടലുകളാണ്

ഉള്ളിയും തൈരും തേച്ച് സുഖപ്പെടുത്തിയ കണ്ണീർവാതകപ്പരിക്കുകളാണ്

അതിൽ പങ്കുചേരുന്ന ഉൽപതിഷ്ണുതയും

ചട്ടിയും കലവും മുട്ടി മുദ്രാവാക്യം വിളിക്കുന്ന പെണ്ണുങ്ങളും

പ്രാക്കുകളും പ്രാർഥനകളും ഹസ്ബുനല്ലകളുമാണ്.

കള്ള നായി​ന്റെ മക്കൾ കളിക്കുന്നത് മിലിട്ടറി ടാങ്കുകൾ വെച്ചാണ്

പക്ഷേ ഞങ്ങൾക്കിവിടത്തെ കരിങ്കല്ലുകളെ നന്നായറിയാം.

2008ലെ ഗസ്സ ബോംബിങ്.

ശോകത്തിനും ഇൗജിപ്ഷ്യൻ ബെല്ലിഡാൻസിന്റെ സംഗീതത്തിനുമിടയിൽ

എ​ന്റെ ടി.വി കാണൽചടങ്ങ് ഊഞ്ഞാലാടി.

വെറുപ്പിനും ആരാധനക്കുമിടയിൽ ഞാൻ ചഞ്ചലപ്പെട്ടുകിടന്നു

ദർവീശ് പറഞ്ഞ ജീവിക്കാനുള്ള കാരണങ്ങൾ അടുക്കിയടുക്കിവെച്ചു

“ഇന്നാട്ടിൽ, ജീവിതത്തെ അർഥവത്താക്കുന്നതെന്തോ ചിലതുണ്ട്.’’

ഇടയ്ക്കതു വിശ്വസിക്കാൻ ശ്രമിച്ചു.

ഇടയ്ക്ക്, ഖാൻയൂനിസിലൊരു കുഞ്ഞ് റൊട്ടി കഴിക്കാതെ

ഏതോ തകർന്ന മേൽക്കൂരക്കു കീഴിൽ കിടക്കുന്നതറിഞ്ഞു തന്നെ

ഞാൻ റൊട്ടി കഴിച്ച് വിശപ്പിനു കീഴ്പ്പെട്ടു.

ഞാനെവിടെനിന്നു വരുന്നു എന്ന നിങ്ങളുടെ ചോദ്യത്തിന്

ഒറ്റവാക്കിൽ ഉത്തരം പറയാനൊക്കില്ല.

ശ്വാസമടക്കിപ്പിടിച്ച് തയാറായിരിക്കുക.

നിങ്ങളുടേതല്ലാത്തൊരു ലോകത്തെക്കുറിച്ചറിയുന്നത്

നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ?

എങ്കിൽ പിന്നെ, ഈ കടൽ കുടിച്ചു വറ്റിച്ചുകൊള്ളൂ

കാതുകൾ മുറിച്ചു കളഞ്ഞുകൊള്ളൂ

നിങ്ങളുടെ നാട്യവും കാപട്യവും വഞ്ചനയും മറയ്ക്കാൻ

പൊള്ളയായ നീർക്കുമിളകളിനിയും വായുവിൽ

പറത്തിവിട്ടുകൊള്ളൂ.

ഭീതിയുടെ പേര് പറഞ്ഞ് ഇനിയുമൊരു നഗരത്തെയും

അതിലെ മുഴുവൻ മനുഷ്യരെയും ചുട്ടുകൊന്നുകൊള്ളൂ.

ഇതുകൊണ്ടാണ്​ ഞങ്ങൾ നൃത്തംചവിട്ടുന്നത്,

“രോഷം നമുക്ക് താങ്ങാനാവാത്ത ആർഭാടമാണ്”

എ​ന്റെ ഉപ്പയെന്നോടു പറഞ്ഞു.

ശാന്തനായിരിക്കുക, പ്രസന്നനായിരിക്കുക

അവർ പറയുമ്പോൾ ചിരിക്കുക,

അവർ സംസാരിക്കുമ്പോൾ പുഞ്ചിരിക്കുക

അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക,

പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.

ഇതുകൊണ്ടാണ് ഞങ്ങൾ നൃത്തം ചവിട്ടുന്നത്,

കാരണം, സംസാരിച്ചാൽ ഞാൻ അപകടകാരിയായി,

പിന്നെ നിങ്ങൾ വാ തുറക്കും

പുരികം ചുളിക്കും,

എ​ന്റെ നേർക്ക് വിരൽ ചൂണ്ടും.

ഇതുകൊണ്ടാണ്​ മുറിവുണങ്ങാത്ത കാലുകളെങ്കിലും

താളം തെറ്റാതെ ഞങ്ങൾ നൃത്തം ചവിട്ടുന്നത്.

ഇതുകൊണ്ടാണ് ഞങ്ങൾ നൃത്തം ചവിട്ടുന്നത്,

എ​ന്റെ മുതുകിൽ എത്രയൊക്കെ വിശേഷണങ്ങൾ അടുക്കിവെച്ചാലും

എന്നെ നിർവചിക്കുന്നത് ഞാനാണ്

ഇതുകൊണ്ടാണ്​ ഞങ്ങൾ നൃത്തം ചവിട്ടുന്നത്,

കാരണം, എ​ന്റെ കവിതപോലും സ്വതന്ത്രമല്ല.

ഇനി എനിക്കൊന്നു പറഞ്ഞുതരൂ,

എന്തുകൊണ്ടാണെ​ന്റെ രോഷം

–ഏറ്റവും ചുരുങ്ങിയത് രോഷം–

ഒരു ആർഭാടമാകുന്നത്?

(മൊഴിമാറ്റം: ഇബ്രാഹിം ബാദ്ഷാ വാഫി)

=========

*പരമ്പരാഗത നൃത്തരൂപമായ ദബ്കെ ഫലസ്തീൻ വിമോചന സമരത്തി​ന്റെ സുപ്രധാന പ്രതീകങ്ങളിലൊന്നായി മാറുകയുണ്ടായി.

മു​ഹ​മ്മ​ദ് അ​ൽ കു​ർ​ദ്

അ​ധി​നി​വേ​ശ ഫ​ല​സ്തീ​നി​ലെ ജറൂസല​മി​ൽ ജ​നനം. അ​ന്ത​ർ​ദേ​ശീ​യത​ല​ത്തി​ൽ പ്ര​സി​ദ്ധ​നാ​യ ക​വി​യും എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. 2021ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള നൂ​റു വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​യി ‘ടൈം ​മാ​ഗ​സി​ൻ’ അ​ൽ കു​ർ​ദി​നെ തി​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. ആ​ദ്യ ക​വി​താ​സ​മാ​ഹാ​ര​മാ​യ രി​ഫ്ഖ (2021) ജ​ന​ശ്ര​ദ്ധ നേ​ടി. നി​ല​വി​ൽ ‘ദി ​നേ​ഷ​ൻ’ മാ​ഗ​സിന്റെ ഫലസ്തീ​ൻ ക​റ​സ്പോ​ണ്ട​ന്റാ​ണ് മു​ഹ​മ്മ​ദ് അ​ൽ കു​ർ​ദ്.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.