വാഴത്തോപ്പ് ഹൈസ്കൂളിൽനിന്നും
ഒരു
നാടകത്തിന്റെ സ്ക്രിപ്റ്റിനുവേണ്ടി
ഹരിലാൽമാഷ്
മാവേലിക്കരയ്ക്ക്
ബസ്സുകയറി.
മൗനം വാചാലം,
ഒരാനയും കുറേ പാപ്പാന്മാരും,
ചെണ്ട,
ഉണങ്ങുന്ന ബോധിവൃക്ഷം,
ഹോൽ എന്ന പക്ഷി,
മാഷിനു മുന്നിൽ
നാടകങ്ങളും
സ്ക്രിപ്റ്റും കയ്യെഴുത്തുകളും
നിരന്നു.
ഏതെടുക്കണം,
അഭിനയിക്കാനാരെക്കിട്ടും,
ഒതുക്കമുള്ളതാകണം,
കാണികൾ ഇരിക്കണം.
ഒടുവിൽ
മകുടിനാടകവുമായി
മാഷ് ഇടുക്കിയിലേക്കുള്ള
വണ്ടികയറി.
ഒപ്പം
കഥാബീജം നാടകത്തിന്റെ
പോസ്റ്ററും
ചെങ്ങറും കൂട്ടാറും നാടകത്തിന്റെ
പുസ്തകവും
കേട്ടും കണ്ടും പഠിച്ച
തനത് നാടകവും കൂടെ വണ്ടികയറി.
കിടുകിടാ കുത്തുന്ന തണുപ്പിൽ
എൻ.സി.സിക്കും
സ്കൗട്ടിനും ശേഷം
സ്കൂളിൽ
അവശേഷിക്കുന്നവരിൽ
നിന്നും
ആ
നാടകത്തിലഭിനയിക്കാൻ
മെനക്കട്ടിറങ്ങിയ
നാലു കുട്ടികളെ
മാഷ് കണ്ടെത്തി.
അവർക്ക് ചായയും ചോറും
വാങ്ങിക്കൊടുത്തു.
അവരോട് നാടകത്തെക്കുറിച്ച്
നിർത്താതെ സംസാരിച്ചു.
അവരെ വട്ടമിരുത്തിയിട്ട്
മാഷു പറഞ്ഞു
നീ ഒന്നാമൻ
ഇയാള് രണ്ടാമൻ
താനാണ് മൂന്നാമൻ
പാമ്പാട്ടിയ്ക്കാണ് ഇതിൽ
പ്രധാന ഉത്തരവാദിത്തം.
ഒന്നാമനും രണ്ടാമനും
അധികാരത്തെയും ചുമന്ന്
നടുവും തേഞ്ഞ്
കാലങ്ങളോളം സഞ്ചരിച്ചു.
അവർ
ഭരണത്തിന്റെ മൂടും താങ്ങി
കാലത്തിന്റെ വഴിയിലൂടെ
കാലും തേഞ്ഞു നടന്നു.
അവർ ഉറക്കെ ഉറക്കെ
ആവർത്തിക്കുകയും
അമർത്തിപ്പിടിച്ച്
പിറുപിറുക്കുകയും ചെയ്തു.
ഏലൊ... ഏലേലോ... എന്ന്
അവരുടെ ശബ്ദം ഉയർന്നുതാണു.
അധികാരം
അവരുടെ തോളിലിരുന്നുകൊണ്ട്
വിനയാന്വിതരായ
അവരുടെ
ശിരസ്സിനെ
അമർത്തി.
തോളും തലയും മാറിയ
അധികാരവും
അധികാരത്തിന്റെ ഭാരവും
കാലങ്ങളോളം
അവർ
സ്വയം സഹിച്ചു.
സ്കൂളിൽനിന്നും
ഓരോ രാത്രിയിലും
ഉയരുന്ന
ദയനീയമായ
കാറിച്ച കേട്ട്
സ്കൂൾ കോമ്പൗണ്ടിന്റെ
തിട്ടിലിനു മുകളിലത്തെ
പോലീസ് സ്റ്റേഷനിൽനിന്നും
ഏട്ടും എസ്.ഐയും
ഒരുദിവസം ഇരുട്ടത്ത്
ആരും അറിയാതെ
അവിടേക്ക്
ഇറങ്ങിവന്നു.
കുട്ടികളുടെ
റിഹേഴ്സലും നോക്കി
ബീഡിവലിച്ച് െബഞ്ചിലിരിക്കുന്ന
ഹരിലാൽ സാറിനെ കണ്ട്
സന്ദേഹം കളഞ്ഞ്
ആരും അറിയാതെ
അവർ സ്റ്റേഷനിലേക്കു മടങ്ങി.
ഒന്നാമന്റെയും രണ്ടാമന്റെയും
തലയിലെ
ചുമട്ടുഭാരത്തിൽനിന്നും
ഒരു
പാമ്പാട്ടിയിറങ്ങിവന്നു.
അയാൾ
അവരെ നന്നായി വരുതിയിലാക്കി
ഉരഗത്തെപ്പോലെ
പാമ്പാട്ടിയുടെ ശരീരം
വളഞ്ഞുപുളഞ്ഞു.
ഏവരെയും മയക്കുന്ന
നാഗമായി അയാൾ സ്വയം ആടി.
ഒരിക്കൽ
അയാളുടെ
ആ പാമ്പിൻകൂടയിൽനിന്നും
അയാളുടെ സന്താനം
വിരിഞ്ഞിറങ്ങി.
ഒന്നാമന്റെയും രണ്ടാമന്റെയും
മേൽ
ആ സന്താനവും
അതേ ഭരണം നിലനിർത്തി.
റിഹേഴ്സൽ
മെച്ചപ്പെട്ടതായി
മാഷിന് തോന്നി.
കുട്ടികൾ പലരും
അതു കാണാനിരുന്നു.
മാഷിന്റെ സുഹൃത്തുക്കളും
വന്നുപോയി.
ജോയ് സാറ്
ഓരോ എൻ.സി.സി കേഡറിങ് കഴിയുമ്പോഴും
അതും നോക്കിയിരുന്നു.
മകുടിയും പിടിച്ച്
ബാലമുരുകൻ നടത്തിയ പാമ്പാട്ടം
അത് മറക്കാവതായിരുന്നില്ല.
ഒരു ദിവസം
മാഷ്
സ്കൂളിൽ
ഒരു പരസ്യം ചെയ്തു
നമ്മുടെ കുട്ടികൾ
നാടകമത്സരത്തിനു പോകുന്നു
എല്ലാവരും ആശീർവദിക്കുക.
നാടകമഭിനയിക്കുന്ന
കുട്ടികൾ സഞ്ചിയും പെട്ടികളുമായി
മത്സരത്തിനുപോയി.
അവർക്കൊപ്പം
ഡ്രമ്മുസെറ്റുമെടുത്ത്
ഡ്രമ്മർ കുഞ്ഞുമോനും.
അവർക്ക് പ്രത്യേകം
യാത്ര അയപ്പ് കിട്ടി.
മുഖത്ത് എണ്ണതേച്ചു
വേഷം മാറി
താളവും കൊട്ടും പെരുക്കി
അവർ ഒന്നാമനും രണ്ടാമനും മൂന്നാമനും
പാമ്പാട്ടിയുമായി നിറഞ്ഞാടി.
അവരെ പല വേദിയിലും
നാട്ടുകാർ കണ്ടു
കണ്ടമ്പ്രാനായും
വിപ്ലവകാരിയായും
ജനമായും
അവരുടെ ഉടലുകൾ പിരിഞ്ഞുലഞ്ഞു
ഒച്ചയും താളവും വിടർന്നു.
വർഷങ്ങൾ കഴിഞ്ഞു
അതിലൊരു പയ്യൻ
അതിരമ്പുഴയിൽ
ഒരു പാഠശാലയിൽ
പഠിക്കുവാൻ ചേർന്നു.
ഒരിക്കലവൻ തിരിച്ചറിഞ്ഞു
മകുടി, ചെണ്ട, പ്രഹേളിക,
മൂന്നാമൻ...
താനും കൂട്ടുകാരും കളിച്ച
ആ
നാടകങ്ങൾ
അത്
എഴുതിയ ആൾ
സ്റ്റേജിൽ പലവട്ടം അനൗൺസ്
ചെയ്ത
ആ പേര്
ഇതാ
പ്രൊഫസറായി മുന്നിൽ നിൽക്കുന്നു.
അവൻ തന്റെ
ഹൈസ്കൂൾ ജീവിതത്തിലേക്ക്
വീണ്ടും വീണ്ടും സഞ്ചരിച്ചു.
നാടകപ്രാന്തരായി വീട്ടുകാരുടെ
ചീത്ത കേട്ട കാലം
തെരുവിൽ കലിച്ച കാലം
ക്ലാസിൽ തോറ്റ കാലം
സ്വയം ഉപേക്ഷിതമായ
നഷ്ട നാടകക്കാലം.
യാതൊന്നും
തിരിച്ചെടുക്കാനാവാതെ
ആ പാഠശാലയിൽ
നാടകങ്ങൾക്കിടയിൽ
അവൻ
നാടകം
വെടിഞ്ഞു ജീവിച്ചു.
======
* മകുടി -പി. ബാലചന്ദ്രന്റെ നാടകം,
കെ.ആർ. ഹരിലാൽ -ഒരു അധ്യാപകൻ,
ബാലമുരുകൻ -ഒരു വിദ്യാർഥി,
ഡ്രമ്മർ കുഞ്ഞുമോൻ -അന്തരിച്ച ഒരു കലാകാരൻ,
വാഴത്തോപ്പ് -ഇടുക്കി ജില്ലയിലെ ഒരു സ്ഥലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.