വാക്ക് ചത്ത വടക്ക് ദിക്കിലെ ബാധ-
ബാധിച്ച പാൽമരക്കുറ്റികൾ
മുറിവുണങ്ങാത്ത ഈർച്ചവാൾ ചോർച്ചയോട്
കാഞ്ഞിരകരിങ്കുട്ടികൾ നേരറുത്തോന്റെ
കഥ കഥിയ്ക്കുന്ന മധുര നട്ടുച്ചയിൽ
തുയിലുണർത്തും തുടിമുഴക്കംകേട്ട്
രുധിര കാളിയെ പൂവിട്ടു പൂജിച്ച കൂളിപെരുമ്പടെ
നേര് നീരാക്കി നാരായവേരിന്റെ
ചേറ് പൊന്തുന്ന ചേരിന്റെ മുത്തങ്ങൾ
ഇറവാടതീണ്ടാതെ താനെ വന്നെത്തും
താനിപ്പൂങ്കാറ്റിനെ കിടിലമാക്കുന്ന കുടിൽപ്പുറങ്ങളിൽ
അദൃശ്യവള്ളിയാൽ തളച്ചിട്ടമുത്തനെ
നെഞ്ചുകീറി വിളിച്ചോട്ടെ ഞാനെന്റെ
നിഴലനങ്ങും പാരമ്പര്യങ്ങളെ
ഏതു ലോകവിസ്മയ ഭൂവിലടിയൻ
അടിയാളപ്പാട്ടു പാടി പൊലിക്കേണം
പൊലിച്ച നാവേറുകൾ വിറച്ചുറഞ്ഞ്
കാവുതീണ്ടിതെണ്ടിയെത്തുമ്പോൾ
കാവിലെ കിളിയും കിളിയുടെ പാട്ടും
നാടുനീങ്ങി കടന്നുപോകുമ്പോൾ
കേട്ടുവോ, നീയെന്റെ തോറ്റം പാട്ട്
കേട്ടുവോ, നീയെന്റെ വായ്ത്താരി ചീല്
കേട്ടുവോ, നീയെന്റെ മുത്താ-
മുത്തഴകുള്ളൊരു വിത്തുപാട്ട്
വിരൽമാരിയിൽ മുറുകി പനനാരിലൊട്ടിയ
സ്വരകമ്പനത്തിന്റെ ഇലമർമരംകൊണ്ട്
പുളയുന്ന പിടയുന്ന കൂളിപ്പെരുമ്പടെ
ഇടിപോലെ, തുടിനാവ് തുള്ളിത്തിമിർക്കുമ്പോൾ
ചാട്ടവാർ വേഗത്തിൽ മേഘം പരക്കുന്നു
നിൻ ചങ്ക് പൊട്ടുമ്പോൾ ഒരു മുൾമരം പൂക്കുന്നു.
ആര്യമർമരം ആദിതാളം
വേദനപേച്ചുകൾ കടന്നൽകുന്തമായ്
വേപഥുകൊള്ളും വെയിൽച്ചില്ലയിൽ
ഏറുമാടങ്ങൾ വിളവു കാക്കുന്ന രാത്രിയിൽ
കമിഴ്ന്ന കിണ്ടിതൻ കുണ്ഠിതചൂട്ടകൾ
പടിപ്പുരക്കെട്ടുകൾ മോന്തായമോന്തകൾ തീണ്ടുമ്പോൾ
കേട്ടുവോ, നീയെന്റെ താരാട്ടുമൂളൽ...
മാറുമറയ്ക്കാൻ പെണ്ണിനധികാരമില്ലാ കാലം
തൂശനിലെ വെട്ടിവെച്ച് ‘കാപ്പുംതലക്കാരി’പ്പെണ്ണ്
ഉണ്ണി ചുരത്തും മുലനാവുകളറുത്ത് മാറ്റി-
ഇൻക്വിലാബിന്റെ നിലവിളി മുഴക്കി
ഒരക്ഷരഗോപുരം തീർക്കാതെ വിറച്ചുറഞ്ഞവർ
മാറിലണിഞ്ഞ കല്ലുമാലകൾ കൂളിത്തറയായി
സ്മരണജണ്ടയായി കെട്ടിപ്പടുത്തവർ
വാക്ക് ചത്ത വടക്ക് ദിക്കിനെ നോക്കി പുലഭ്യം പറയുന്നു.
യാചനക്കണ്ണുകൾ പീഡിതമേനികൾ
മുള്ള്തറച്ച കരിമനസ്സ്
വന്നവഴിയിലെ തീണ്ടാപ്പാടിൽ
കുണ്ടുകുഴിച്ചിലവെച്ചൊരു കഞ്ഞിയിൽ
കണ്ടൻ. ഒരു പുതുകണ്ഠമുയർത്തി
തീ- വര തീർക്കുമ്പോൾ...
കണ്ണിൽ കലിയുടെ പുലിനഖമേന്തിയ
പുലിയിവൾ... എന്നുടെ പൊലിയായി
ചേറിലലിഞ്ഞ് കുഴഞ്ഞൊരു പുലിയിവൾ
നുകചാലിൽ വിതകൂട്ടുന്നു...
അവൾ പാടിയുറക്കെ പൊലിയുന്നു.
വാക്കും വഴക്കും ചത്തവടക്ക് ഭരണിപ്പാട്ടിലലിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.