ഒന്ന്: ഭാഷമനക്കുതിപ്പിനെവേഗംകൊണ്ടു സാക്ഷാത്കരിക്കാത്ത കാലുകൾ മുടന്തിന്റെ പാദമുദ്ര രേഖപ്പെടുത്തുകയാണോ! ‘‘നീളമൊരുതെളിവിനിത്തിരി കൂടും നുണയുടെ മുടന്തുകൾ’’2 എന്നും ‘‘നടപ്പാണന്നാൾ മുതൽ ചിട്ടകൾ മുടന്താതെ’’3 എന്നും മുടന്തിനെ അപൂർണത്തിന്റെ മുദ്രാവാക്കാക്കാമെന്ന് കെ.ജി. ശങ്കരപ്പിള്ള4 ‘‘കീറിയോരാട’’യെന്ന് വിവർത്തനം ചെയ്തു തന്റെയുടലിനെ,യിടശ്ശേരി5 പൊയ്ക്കാലിൽ വിളങ്ങുംഫെയ്ക്കുകളൊക്കെ മുടന്തരോ? ഫെയ്ക്കുകളെപ്പോലെ മുടന്തരും നുണയർ, കുറ്റവാളികൾ, പാർശ്വവത്കൃതർ, ജളന്മാർ?? നടക്കുമ്പോൾവേച്ചുപോകുമ്പോൾ കിതയ്ക്കുമ്പോൾ വെറുതേയിരിക്കുമ്പോൾ ഞാനറിയുമീ...
ഒന്ന്: ഭാഷ
മനക്കുതിപ്പിനെ
വേഗംകൊണ്ടു സാക്ഷാത്കരിക്കാത്ത
കാലുകൾ
മുടന്തിന്റെ പാദമുദ്ര
രേഖപ്പെടുത്തുകയാണോ!
‘‘നീളമൊരു
തെളിവിനിത്തിരി കൂടും
നുണയുടെ മുടന്തുകൾ’’2 എന്നും
‘‘നടപ്പാണന്നാൾ മുതൽ
ചിട്ടകൾ മുടന്താതെ’’3 എന്നും
മുടന്തിനെ
അപൂർണത്തിന്റെ മുദ്രാവാക്കാക്കാമെന്ന്
കെ.ജി. ശങ്കരപ്പിള്ള4
‘‘കീറിയോരാട’’യെന്ന്
വിവർത്തനം ചെയ്തു
തന്റെയുടലിനെ,യിടശ്ശേരി5
പൊയ്ക്കാലിൽ വിളങ്ങും
ഫെയ്ക്കുകളൊക്കെ
മുടന്തരോ?
ഫെയ്ക്കുകളെപ്പോലെ
മുടന്തരും നുണയർ, കുറ്റവാളികൾ,
പാർശ്വവത്കൃതർ, ജളന്മാർ??
നടക്കുമ്പോൾ
വേച്ചുപോകുമ്പോൾ
കിതയ്ക്കുമ്പോൾ
വെറുതേയിരിക്കുമ്പോൾ
ഞാനറിയുമീ ‘‘ചട്ടത്വം’’ നുണയോ!
വിമതരുടെ
തർക്കങ്ങളൊക്കെ
മുടന്തൻന്യായമായി ഭാഷയിൽ.
സ്നേഹമസൃണമായ ശിക്ഷപോലെ
ചിലരെ
മുട്ടത്തോടിനുള്ളിലേക്കു
മാറ്റിയെഴുതുന്ന ശൈലി.
ന്യായത്തിൽനിന്നും
വാദത്തിൽനിന്നും
ഊരിൽനിന്നും ഉള്ളടക്കത്തിൽനിന്നും
ഉത്സാഹത്തിൽനിന്നും
പുറത്താക്കുന്ന വികാരവിചാരണ.
മൂർഖനായ ഭാഷ
ഫണം വിടർത്താൻ പതിയിരിക്കുന്നു.
രണ്ട്: ദേശം
നോക്കാൻ കഴിയണം,
മുടന്തിൻ കടമ്പ പുരളാത്ത
ജി.എൻ. സായിബാബയെ!
‘ചക്രക്കസേരയിൽ കുടുങ്ങി’യതായി
ദൃശ്യപ്പെടാതെ
ബോധ്യങ്ങളുടെ തൂവൽകൊണ്ടു തുന്നിയ
ചിറകുവീശി ആകാശം അളക്കുന്നു
സായിബാബ!!
‘മൻ കി ബാത്തി’ൽ
ശേഷിയുടെ കോയ്മ ചുവടുറപ്പിച്ച്
മുടന്തന്റെ ഉടലിൽ വേദക്കറ പുരട്ടി
‘‘ദിവ്യാംഗജൻ’’6 എന്നു ലാളിക്കുമ്പോൾ,
വാക്കിൽ പാത്തിരിക്കുന്ന7
രാമബാണത്തിന്റെ മൂളക്കം;
കാട്രിനിലേ ഒഴുകി വരും അച്ചുരുത്തം8…
ജൂതരെത്തേടി വന്ന
നാസിപ്പട്ടാളം
വീൽച്ചെയറോടെ ഒരാളെ
നാലാംനിലയിൽനിന്ന്
താഴേക്കു പറക്കാൻ സഹായിക്കുമ്പോലെ,
മുറുക്കിയ ഭാണ്ഡം
തോളിലേറ്റാൻ സഹായിച്ച്
യിസ്രയേല്യൻ;
ഫലസ്തീനിക്ക് യാത്രാമംഗളമരുളുമ്പോലെ
അല്ലെങ്കിൽ
നരദിവ്യാകൃതി പൂണ്ട ധർമജൻ
ശാക്യകുമാരന്റെ
പ്രഭാവത്തിൻ തേരു വരും പാതയിൽനിന്ന്
മുടന്തരെ, കുരുടരെ, കെളവന്മാരെ
രോഗികളെ പെറുക്കിയെടുത്ത്
മുട്ടത്തോടിനുള്ളിലടച്ച്
രാജകുമാരന്റെ
ബോധോനിലാവിന്നുദയത്തെ മറയ്ക്കും,
അധികാരക്കാർമേഘം.9
നായയും യാചകനും
മുടന്തനും സമരപോരാളിയും
തെരുവിൽ സ്ഥിരമായി കാണപ്പെടില്ല:
തെരുവിന്റെ അഴക് കൂടുന്തോറും
തടവറത്താഴ് വലുതാകുന്നു.
=======
1. പ്രഫ. ജി.എൻ. സായിബാബ: മാവോവാദി ബന്ധം ആരോപിക്കപ്പെട്ട് തടവിലായ ഭിന്നശേഷി വ്യക്തി, അധ്യാപകൻ.
2. ഞാൻ വാദി.
3. അപ്പീൽ അഥവാ ഒഴിജപം.
4. കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ: മധ്യവർഗ പൊതുബോധത്തിന്റെ അധികാരഭാഷ കെ.ജി.എസ് പരക്കെ ഉപയോഗിക്കാറുണ്ട്; വിമർശനാത്മകമായി.
5. മറ്റേ മുണ്ട് - ഇടശ്ശേരി
6. 2015 ഡിസംബർ 3നു പ്രധാനമന്ത്രി ‘മൻ കി ബാത്തി’ൽ നിർദേശിച്ച വാക്ക്. ശാരീരികമായ ഡിസെബിലിറ്റി ഉള്ളവർ ദൈവിക ശക്തിയുള്ളവരാണെന്ന മിത്ത് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.മനുഷ്യരെ ദിവ്യരാക്കി അവതരിപ്പിക്കുന്ന ഈ വാക്കുമാറ്റം അപമാനവീകരണത്തിന്റെ രാഷ്ട്രീയതന്ത്രമാണ്.
7. ഒളിച്ച്
8. ഭീഷണി
9. അല്ലയോ പൗരന്മാരേ, യെല്ലാരുമോരാൻ ഭൂമി-/ വല്ലഭൻ കൽപിക്കുന്നതാവിത് കേട്ടീടുവിൻ./ കഷ്ടമാം കാഴ്ചയൊന്നുമിങ്ങൊരേടത്തും/ ദൃഷ്ടിയിൽ പെട്ടീടുമാറാകരുതാകയാലേ/ കുരുടർ, മുടവന്മാർ, കുഷ്ഠരോഗികൾ പാരജഠരരാരോഗ്യമില്ലാത്തവരശക്തരും/ ഒരു ദിക്കിലും വെളിക്കിറങ്ങീടരുതാരും നാളെ/ വെളുത്താലന്തിയാകും വരേയ്ക്കും പ്രേതമൊന്നും/ ഇങ്ങനെ കൽപിക്കുന്നു മന്നവൻ ശുദ്ധോദനൻ/ നിങ്ങളെല്ലാവരുമറിഞ്ഞീടുവിനീ ചെയ്തികൾ.- ശ്രീബുദ്ധചരിതം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.