പിറകിലെ ബാൽക്കണിയിൽ
ഒറ്റക്കിരുന്ന് മദ്യപിക്കുമ്പോൾ
പിന്നാലെ വന്ന പൂച്ച
വറുത്ത മീൻ വെച്ച പാത്രം
തൊട്ടുനോക്കുക പോലും ചെയ്യാതെ
ഒട്ടും ശല്യപ്പെടുത്താതെ
എന്നെത്താണ്ടി പോയത്
എന്തുകൊണ്ടാകാം?
മറ്റൊരുവന്റെ ഏകാന്തത
മറ്റൊരു
റിപ്പബ്ലിക്കെന്ന്
അവന് പോലുമറിയാം,
എന്നിട്ടും,
അവരത്
അറിയാതെ പോകുന്നത്
എന്തുകൊണ്ടാകാം?
പുഴമീനുകളുടെ പുളകങ്ങളിൽനിന്നാണ്
തീരത്ത്
പൂക്കളുണ്ടായതെന്ന്
ഇനിയുമാരാണ്
അവരെ പഠിപ്പിക്കുക?
ആരാണ്
പിന്നെയും പിന്നെയും
പരുത്തി വയലുകളുടെ
നിശ്ശബ്ദതയെ
വെടിയുതിർത്ത്
വിറപ്പിക്കുന്നത്?
അവധിക്ക്
നാട്ടിൽ പോയ
പെൺകുട്ടികളെ
കാത്തിരിക്കുന്ന
ലേഡീസ് ഹോസ്റ്റലിലെ
കണ്ണാടികളുടെ
കടുത്ത
ഏകാന്തത,
അതിലെന്തിന്
നീ
ഒളിനോട്ടത്തിന്റെ
ആധാർ
ലിങ്ക് ചെയ്യുന്നു?
എന്റെ ഫോൺനമ്പർ
തരില്ല
തരില്ല
നിനക്ക്
നീയെത്ര കുഴിച്ചു പോയാലും
ഭൂമിക്കടിയിൽ
പ്രണയത്തോട്
സന്ധി ചെയ്യുന്ന
എന്റെ
പള്ളി മിനാരങ്ങൾ
നിനക്ക്
കണ്ടെത്താനാകില്ല
ചത്തൊടുങ്ങലിന്
മുമ്പുള്ള
അവസാനത്തെ
സസ്തനിയുടെ
അപേക്ഷയാണ്
മരിച്ച് പൊക്കോളും, കൊല്ലരുത്
ഒരു ബുൾഡോസർ
ഒരു വെടിയൊച്ച
അനന്തരം അവർ
നദികൾക്കും കാടുകൾക്കും
പുതിയ പേരിട്ടു
നദി കെ കിനാരെ
മരങ്ങൾ മന്ദിരങ്ങളായി
മരിച്ചുപൊന്തി.
============
* നദിയുടെ തീരത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.