ആ കുസൃതിച്ചിരി. ഞാനതിപ്പോൾ വരക്കുന്നു, ചുണ്ടത്ത് വിരലമർത്തി, പാളിയുള്ള നോട്ടം, നിന്നെ സന്തോഷിപ്പിക്കുന്ന, സുരക്ഷിതയാക്കുന്ന ആരെയോ, എന്തിനെയോ, നോക്കി പുഞ്ചിരിച്ച്. നിന്റെ ഷൂസുകൾ ഞാൻ വരക്കുന്നു,പൂക്കളുടെ ഡിസൈനോടെ വെള്ളനിറത്തിൽ. നേരിയ പൂക്കൾ തുന്നിച്ചേർത്ത ഇളംനിറമുള്ള നിന്റെ ജീൻസുമായി നല്ല ചേർച്ചയുണ്ടവക്ക്. ചേർച്ച നോക്കി അവ കണ്ടെത്താൻ നിന്റെ അമ്മ...
ആ കുസൃതിച്ചിരി.
ഞാനതിപ്പോൾ വരക്കുന്നു,
ചുണ്ടത്ത് വിരലമർത്തി,
പാളിയുള്ള നോട്ടം,
നിന്നെ സന്തോഷിപ്പിക്കുന്ന,
സുരക്ഷിതയാക്കുന്ന ആരെയോ,
എന്തിനെയോ, നോക്കി പുഞ്ചിരിച്ച്.
നിന്റെ ഷൂസുകൾ ഞാൻ വരക്കുന്നു,
പൂക്കളുടെ ഡിസൈനോടെ വെള്ളനിറത്തിൽ.
നേരിയ പൂക്കൾ തുന്നിച്ചേർത്ത
ഇളംനിറമുള്ള നിന്റെ ജീൻസുമായി
നല്ല ചേർച്ചയുണ്ടവക്ക്.
ചേർച്ച നോക്കി അവ കണ്ടെത്താൻ
നിന്റെ അമ്മ ഏറെ സമയമെടുത്തിരിക്കും.
അവൾ ശ്രദ്ധയോടെ നിന്റെ മുടി വാരിക്കെട്ടി,
നിറപ്പകിട്ടുള്ള പിന്ന് കുത്തി,
കൈയിൽ പിങ്ക് കുട്ടിവാച്ച് കെട്ടി,
നിനക്കിനിയാകെയുള്ള സമയമറിയാൻ,
ഒരുപക്ഷേ, കടന്നുപോകുന്ന നിമിഷങ്ങളുടെ
ടിക് ടിക് വെറുതെ അറിയാൻ.
രണ്ടുവയസ്സുകാരി കൊച്ചിന് സമയത്തേ കുറിച്ച്
എന്ത് വേവലാതി...
ഇതിനു മുമ്പ് നിന്നെ വരച്ചപ്പോൾ
ഇതൊന്നും എനിക്കറിയില്ലായിരുന്നു.
അത് കണ്ടില്ല.
നിന്റെ പുഞ്ചിരി കണ്ടില്ല.
നിന്റെ മുടിയിലെ തൂവൽ കണ്ടില്ല.
പൂക്കളുള്ള നിന്റെ ജീൻസുമായി
മാച്ച് ചെയ്യുന്ന പൂക്കളുള്ള ഷൂസും കണ്ടില്ല.
കൊഴിയാൻ ഇനിയും സമയമാകാത്ത
നെറ്റിയിലെ കുഞ്ഞിരോമങ്ങൾ
കണ്ടില്ല.
നോക്കൂ, ഇതിനു മുമ്പ് നിന്നെ വരച്ചപ്പോൾ,
തുണിയിൽ പൊതിഞ്ഞിട്ടായിരുന്നു,
ജീവനറ്റ നിന്റെ ശരിരം ഇറുക്കിപ്പിടിച്ച്,
മെല്ലെ ആട്ടി,
നിനക്കായി മാത്രമുള്ള വാക്കുകളിൽ
സ്വകാര്യം പറഞ്ഞ്
നിന്റെ എളേമ്മ
മൊഴിമാറ്റം: കെ. മുരളി
=======
ഡബ്ലിൻ ആസ്ഥാനമായുള്ള തെരുവ് ചിത്ര-കലാകാരിയാണ് എമ്മലീൻ ബ്ലേക് (ESTR).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.