ചെറുപ്പത്തില്‍ നമ്മള്
ആരും കാണാതെ കുഴിച്ചിട്ട വിത്ത് മുളച്ച്
വലിയ ഇലഞ്ഞി മരമായി പൂവിട്ടു.
നിറയെ സുഗന്ധമുള്ള പൂവുകളിറുത്ത്
വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെയോര്‍ത്ത്
ഞാനാദ്യമായി, നഗരത്തിലേക്ക് പുറപ്പെട്ടു.
ബസ്സില്‍ കയറിയപ്പോള്‍ മുതല്‍
കീശകളില്നിന്ന് സുഗന്ധം ശല്യം തുടങ്ങി.
യാത്രക്കാര്‍ എന്തോര്‍ക്കുമെന്നോര്‍ത്ത്,
അടക്കിപ്പിടിച്ച്, തിങ്ങിയമര്ന്നിരുന്നു,
അപ്പുറവുമിപ്പുറവുമിരിക്കുന്നവരുടെ മുഖങ്ങളില്‍
വിവരിക്കാനാവാത്ത വികാരങ്ങള്‍ വിരിഞ്ഞൂ,
പോക്കറ്റുകളില്‍ മിടിച്ചുകൊണ്ടിരുന്ന മണം
പുറത്തേക്ക് ഒഴുകുമോയെന്ന് ഭയന്നു.
നഗരത്തിലെത്തിയപ്പോള്‍
നഗരം നിറയേ ഇലഞ്ഞിപ്പൂമണം.
മെട്രോ പാളങ്ങളിലൂടെ
മണം നിറഞ്ഞ് പായുകയാണ്.
ശീതീകരിച്ച സുഗന്ധം കമ്പിയില്‍ തൂങ്ങി
അങ്ങോട്ടുമിങ്ങോട്ടും യാത്രയാരംഭിച്ചു.
അതേ നഗരത്തില്‍,
കായല്‍ക്കരയിലെ ഫ്ലാറ്റുമുറിയില്
‘ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ...’
എന്ന ഗാനം മൊബെല്‍ ഫോണില്‍
ആവര്‍ത്തിച്ച് പ്ലേ ചെയ്യുന്ന പഴയതല്ലാത്ത നീ.
എല്ലാവരേയും നിശ്ചലരാക്കി,
ടാങ്കറുകള്‍, തോക്കുകള്‍, പട്ടാള യൂനിഫോമുകള്‍...
ഉടന്‍ നഗരത്തില്‍ നിറഞ്ഞുകവിഞ്ഞു,
മൂക്കുകള്‍ ആഞ്ഞുവീശി മണക്കാന്‍ തുടങ്ങി,
കാക്കി നിറം ഇരുമ്പു വിരലുകള്‍ ചൂണ്ടി.
അതുവരെയുണ്ടായിരുന്ന തിരക്ക് ശൂന്യമായി,
ആള്‍ക്കൂട്ടം അവരവരായി വേഗത്തില്‍
ഓടിയും നടന്നും നിശ്ശബ്ദരായി,
വീടുകളും മുറികളും അവരുടെ മൂകത
ആരും കാണാതെ, കേള്‍ക്കാതെ കാത്തു.
കുഞ്ഞുങ്ങളത് ഗെയിമുകള്പോലെ ആസ്വദിച്ചു.
‘ഇലഞ്ഞിപ്പൂമണം നിരോധിച്ചിരിക്കുന്നു’
ലൗഡ് സ്പീക്കറിലൂടെ ആക്രോശമായി
നഗരം അനൗണ്സ്മെന്റുകളാല് നിറഞ്ഞു.
‘നിരോധിച്ച പൂവും സുഗന്ധവും
കൈവശം വെക്കുന്നത് രാജ്യദ്രോഹമാണ്
പ്രത്യേകിച്ച് ഇലഞ്ഞിപ്പൂമണം,
അത് കാൽപനികമാണ്
അവ ഭരണകൂടത്തിനെതിരെ
നീങ്ങുന്നവരുടെ ആയുധമാണ്
സുഗന്ധംപോലും ദേശവിരുദ്ധമാണ്,
അതുകൊണ്ട് തീവ്ര വിപ്ലവ മണമുള്ള
പൂക്കള്‍ കൈവശമുള്ളവര്‍ കീഴടങ്ങുക
അല്ലെങ്കില്‍...’
ശബ്ദങ്ങള്‍ ചെവികളടപ്പിച്ചുപൂട്ടി.
ആളുകളെല്ലാം മണങ്ങള്‍ ഉപേക്ഷിച്ചു.
എന്റെ പോക്കറ്റുകളില്‍ സൂക്ഷിച്ച പൂവുകള്‍
മണം ഉള്ളില്‍ പിടിച്ചു കിതച്ചു വിയര്‍ത്തു.
അകലെ, കായലോരത്തെ ഫ്ലാറ്റില്‍നിന്ന്
ഇലഞ്ഞിപ്പൂക്കള്‍ പറന്നുതുടങ്ങി.
പട്ടാള ബൂട്ടുകള്‍ അതിനിടയിലേക്കു പാഞ്ഞു,
വൃത്തത്തില്‍ ചുഴറ്റി പൂക്കള്‍ ആയുധങ്ങളായി.
നിലകള്‍ക്ക് താഴെ ഒരു ഇലഞ്ഞി
പെട്ടെന്നു മുളച്ച് നിറഞ്ഞു പൂത്തു
പട്ടണത്തിലുണ്ടായിരുന്ന
എല്ലാ മരങ്ങളും ചെടികളും
ഇലഞ്ഞിപ്പൂ ചൂടിനിന്നു,
അങ്ങകലേ മലകളില്‍
മരങ്ങളെല്ലാം ഇലഞ്ഞികളായി
ഐക്യദാര്‍ഢ്യത്തോടെ കൈകളുയര്‍ത്തി.
പോക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന
പൂക്കളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു
ഒരു ചെറുമണംപോലും ബാക്കിയാക്കാതെ.
അവള് എവിടെയാവും?
എനിക്ക് ചിരിക്കാനും കരയാനും തോന്നി!
വെയില് നഗരത്തെ മൂടി,
ഇലഞ്ഞികളായി മാറിയ മരങ്ങള്‍
റോഡുകളിലൂടെ മാര്‍ച്ച് ചെയ്യാന്‍ തുടങ്ങി
തങ്ങള്‍ക്ക് നേരെ വരുന്ന വെടിയുണ്ടകളെ
പൂവുകളുടെ സ്നേഹത്താല്‍ ചുംബിച്ചു.
സുഗന്ധത്തിന്റെ വിപ്ലവം മുഷ്ടി ചുരുട്ടി
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂവെന്ന്
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
മണങ്ങളുടെ റിപ്പബ്ലിക്
മൂക്കുകളുടെ കെട്ടഴിച്ച്
നഗരത്തെ മോചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.