ജ്ഞാനപ്പഴമശിച്ചതിനാൽ
വീടും നാടും വിട്ടലയുന്നുണ്ടൊരു പറവക്കാവടി
ഇല്ല പടവീടുകൾ
ഇല്ല ഷഷ്ഠിയും പൂയവും
ഇല്ല കാർത്തിക വിളക്കും.
ആണ്ടു മുപ്പതു നീങ്ങിയിട്ടും തീർന്നില്ല ശനി.
അതിനാലേ മന്ദനായി കെട്ടു പുകൾ,
അപവാദങ്ങൾ കേട്ടു പൊട്ടി കാതുകൾ
ഉറച്ചു മുതുകിലെക്കൊളുത്തുകൾ
മറന്നു കവിളിൽത്തറച്ച ശൂലം. മറന്നില്ല
വിഴുങ്ങിയ തീക്കടൽ
ഒരേ കിടപ്പിൽ തിന്ന ഗുളികകൾ
ഇനിയുമുണ്ട് ദുരിതമെങ്കിലും കെടാത്ത
കനവുമായ് വടിവേല നേ മുറിഞ്ഞ
താളമാണെന്നറിഞ്ഞിട്ടും നിന്നെ നിനച്ചു
പതുക്കനെയാടി
പ്പോകുന്നുണ്ടാരു
പറവക്കാവടി.
ഞാനൊരു ഭാഗ്യാന്വേഷി
ഒഴിവുവേളകളിൽ
ലോട്ടറിക്കാർക്കിടയിൽ കഴിയുന്നു
അവർക്ക് ഞാൻ
അണ്ണൻ, ആങ്ങള, മാമൻ, മച്ചാൻ
നമ്പറുകളിൽ ഞാൻ
ജീവിക്കുന്നു നമ്പറടിച്ച് അവരും
ലോട്ടറിക്കാർ പറയുന്ന കഥകൾ
ആരെങ്കിലും എഴുതിയിരുന്നെങ്കിൽ
സമ്മാനം ഉറപ്പാണ്
പക്ഷേ കഥയെഴുതുന്ന കോന്തന്മാർക്കും
കാന്തകൾക്കും
മിഡിൽ ക്ലാസ് തുമ്പങ്ങൾ മതി.
ലോട്ടറിക്കാരുടെ കോഡുകൾ
പഠിച്ചാലേ കഥ പെടയ്ക്കൂ
ലോക്ക്, ഡബിൾ, സെറ്റ്, ചെറുത് എന്നിങ്ങനെ
എനിക്കാണെങ്കിൽ എടുക്കാനേ നേരമുള്ളൂ
എഴുതാനില്ല.
മദ്രാസിൽനിന്നു വന്ന
കണ്ണാടി വെച്ച പ്രൊഫസർ കഴക്കൂട്ടത്തെ
എന്റെ പരിചയംകണ്ട് വിസ്മയിച്ചു പറഞ്ഞു
നിങ്ങളെന്തൊരു ജനകീയനാണ്.
ഞാൻ തിരുത്തി സ്നേഹിതാ
എല്ലാ ഭാഗ്യാന്വേഷികളും
ജനകീയരാണ് മറിച്ചല്ലെന്നേയുള്ളൂ.
ഭാഗ്യം തേടി ഞാനലയാത്ത നാടുകളില്ല
നെയ്യാറ്റിൻകര, കൊല്ലം, ആലപ്പുഴ
എറണാകുളം, പാലക്കാട്, വയനാട്
കാസറഗോഡ്, ഇടുക്കി, തിരുവല്ല...
ഒരുനാൾ എന്റെ നമ്പർ വരുമെന്ന
ഉറപ്പിലൊന്നുമല്ല മറ്റൊന്നും
തേടാനില്ലാത്തതുകൊണ്ടുമല്ല
ഭൂതദയയാലുമല്ല
സാധ്യതകളിൽ വിശ്വസിക്കുന്നതുകൊണ്ട്
ജീവിതമൊരു ഞാണിന്മേൽ
കളിയാണെന്നറിയുന്നതുകൊണ്ട്
വീണു ചത്താലും എഴുന്നേറ്റു നിന്ന്
സ്വന്തം ഡയലോഗ് പറയാൻ അറിയുന്നതുകൊണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.