1.
മൂങ്കതട്ക്കെ പിന്നിക് ട്ടിന ഗോടെ,
മണ്ണ് മെത്തിന പള്ളി, അതി, ആങ്ക് ഈങ്ക് ഓട്ടെവ്ത്തിവെത്ത്റ്ക്ക്ത് എലിക, മണ്ണ് മെത്തിന അട്പ്പ, അട്പ്പക്കുയ്യിക്കുള്ള് കൊഞ്ച വറാക് ക എറ്ന്ത്മൊളങ്ക്ക് ത്!
അട്പ്പക്കെ ഏത്തിവെത്ത സട്ടിതി
തണ്ണി കൊതിക്ക്ത്, അരിസി തെറ്ന്ത്കുണ്ട്റ്ക്ക അപ്പെനെ പാത്ത് താത്ത്എ് ക് ട്ടഎ്: ‘‘ഒലെകാഎ്ന്ത് എവ്ളവ് നേറമാസ്, ഇനിമ് നീ എനാപണ്ണ്ക? ‘‘സട്ട് സട്ട്ന്ത് വേലെസെകാക്ക് നാഎ്നെന മെസ്ന? അറ്സിതിഇറ്ക്ക കല്ല് മണ്ണെല്ല പൊറുക്കണ്ടമ?’’
അപ്പെ കൊഞ്ച വഎ്സത്തി സൊന്ന!
റായിപ്ട്ട്ണെമ് തൊകറി സാറെമ് സൂടോടെ തിന്ത്ത്ത്, സീനെമ്ണ്ട്കളെ തെലെകണിപണ്ണി, പുല്ല് പായെ വിറ്ത്ത് കടന്ത് റൊങ്കിനാഎ്റ്!
2.
കളക്കെ, സൂര്യഎ് സൂട്ടെകത്ത്കഎ്
സക്കെ മറക്ക്മേല് ഒറ് സാവ കൊക്കിരിക്കോന്ത് കൂക് ക് ത്, അപ്പെ കളഒട്ക്ക്ക, താത്ത്എ് ഒറ് മറമുട്ടിക്കെ വ്ളിങ്കാസ് കല്ലെകൊട്ടി പൊടിപണ്ണി അത്ക്കെ കത്തിമാഎ്ക്കഎ്. ‘‘ഏയി...നനരി കാപ്പിവെത്താളാന്ത് താത്ത്എ് ക് ട്ടഎ്.’’ ‘‘മെലെമുസ്റ മാഎ് ഇല്ലാതെ വെറ്സോടികടക്ക്ത്, നാന് ഏങ്ക്റ്ന്ത് നനരി വേരെ പരക്കത്? വ്റ്ങ്കാപ്പിയെ കുട്ത്ത്ത്ത് പോ’’ന്ത് അപ്പെ തിറ്പ്പിസൊന്ന. ക്യ്യിക്കെ കത്തിഎ്ട്ത്ത്, തെലെക്കെ ഉറ്മെലെക് ട്ട് ക് ട്ടി, വായിക്കെ വെത്തെലെമ്പാക്കെപോട്ട് കാട്ക്കെ നടന്ത്പോനഎ്!
3.
കാട്ക്കെപോയി പാത്ത, മുള്ള് മ്പൊതെ കാടെ തിങ്ക്ത്.
‘‘ഇത്തനി മുള്ള് സ്ടികളെ നാഎ്നെച്ച വ്ട്ടിതീക്കത്’’ന്ത് മനസ്തി നെനെത്ത്കുണ്ട് മ്പൊതെനെ വ്ട്ടതൊടങ്കിനഎ്, വ്ട്ട്ക വ്ട്ട്ക മുള്ള്ക കാല്കളെ ക്യ്യികളെ കുത്തികുണ്ടെ ഇറ്ന്ത്ത്, കാല്തി ക്യ്യിതി റത്തസൊട്ടികുണ്ടെഇറ്ന്ത്ത്!
‘ഇതെ വ്ട്ടിമാഎ്ത്തലെന്ത
കാട്ക്കെ വ്ള്ളെമെ പോടമുടിയാത്.
എച്ചനാസ് ഈ മ്പൊതെനെ വ്ട്ടിമുട്ത്ത്ത്ത്തെ കൂരെപോകൊണൊന്ത് ബേഗ ബേഗ വ്ട്ടി, ഒറ് സലക്കെവെത്ത് തീയെ കത്തി സുട്ട്ത്ത് കൂരെപോനഎ്!
4.
കാല്തി ക്യ്യിതി റത്തത്തെ സൊഎ്ത്തി നടന്ത് വറ്ക ആളനെ പാത്ത് ‘‘എനാക്ക് വേ... കാല് ക്യ്യിനെയെല്ലാ റത്ത ക്റെയാക്കി വന്ത്റ്ക്ക, എനാത് വേ...ആസ്’’ന്ത് ക് ട്ട്കുണ്ടെ ഗോന്ത് എ്ത. ‘‘നീ എനാക്ക് ഇച്ച എ്ക, ഇതെല്ലാ സിന്ന കായതെ,നീ എ്കണ്ട,നീ എ്ത എന്ക്ക് താങ്കമുടിയാത്, നാന് കാട്ക്കെ പോയി പാക്കക്കുള്ളെ കാട്മുസ്റ മുള്ള്മ്പൊതെ, അതെ വ്ട്ടക്കുള്ളെ അത് എന്നെ പുണ്ണാക്കിന് ത്.’’ റണ്ടാള്മ് മാറി മാറി കണ്ണെതൊടെത്ത്ത്ത് കൂരെക്കുള്ളെപോനാറ്!
5.
ബാഎ്...ബാഎ്ന്ത് മാട്ക ലാറ്ക് ത്,
‘‘എനാക്ക് ലാറ്കിതി, പഎ്സിപ്ടിക്ക്ത, കൊഞ്ച നേറ പൊറീ..ന്ത് , കഞ്ചിതണ്ണിനെ മാട്കള്ത്ത് മുന്ന്ക്ക് വെത്ത്ത്ത്, മാട്കള്ത്ത് വായെ മൂക്കെ മേനിയെ എല്ലാ തടവികൊണ്ട്ഇറ്ന്തഎ് താത്ത്എ്.’’ മാട്ക പഎ്സിതി ലാറ്ക് തല്ലാ, പുല്ലെവ്ട്ടിപോടവ്ണ്ടിയത് താനെന്ത പ്ണ്ട്ത് ജന്ധത്തെ ക് ട്ട് താത്ത്എ് പുല്ലെവ്ട്ടപോനഎ്. പുല്ലെവ്ട്ടി, ഒറ്സൊമെ പുല്ല്നെ തെലെക്കെവവെത്ത് വറ്കതെ ദൂരമനിന്ത് പാത്ത മാട്ക, വാ... വാന്ത് കൊമ്പെ ആട്ടി, തെലെനെ ആട്ടി ലെക്ക്ത്. പുല്ല്നെ മാട്കള്ത്ത് മുന്ന്ക്ക് വെത്ത്ത്ത് പ്ണ്ട്ക്കെ സൊന്നഎ് ‘‘ഭൂമതായിക്ക് ഭൂഎ്സെവെത്ത്ത്ത്, കാടെ ഒളവോട്ടികില.’’ ‘‘നീ ഇപ്പതന്നെ ഊര് തെലെവറ്ക്കേമ് ഊര് ജനകള്ക്കേമ് സൊല്ലിറ്’’ന്ത് അപ്പെ സൊന്ന.
പൊത് മ്ക്കെ മ്റെക നേറ, കുറ് വിക അവവറ്ത്ത് കൂട്കള്ക്കെ പറന്ത്പോസ്, ജാമ ഊര്ക്കെ വിറ്ന്ത്ക്ക് വറ്ക് ത്!
6.
പസ പസ വ്ടിക നേറത്തി, താത്ത്എ് കലപ്പെനെ ക് ത്,
മാട്കളെ ക് ത്. കലപ്പെനെ തോള്ക്കെവെത്ത് മാട്കളെ ഓട്ടി
കാട്ക്കെ നടന്ത്പോനഎ്, അപ്പെ ഭൂഎ്സെ സാമനകളെ തെലെക്കെവെത്ത് താത്ത്എ്ന് ത്ത് പിന്ന്ക്കെപോന.
ഊര് മുസ്റ കാട്തി ഉണ്ട്, കളക്ക് ഭാഗത്തി തങ്കകണക്കെ ജൊലിക്ക സൂര്യഎ്നെ എല്ലാവറ്മ് കുമ്ട്ട്ത്ത് ഭൂമതായിക്ക് ഭൂഎ്സെവെത്ത് കുമ്ട്ട്ത്ത്, മണ്ണ്ക്കാറഎ് ഏറെക് ട്ടി
ഒറ് സാലോട്ടിത്ത്, ഏറെ താത്ത്എ് ന്ക്കെ കൊട്ത്തഎ്, ഊര് ജനക എല്ലാവറ്മ് പിറ്ന്ത്പോനഎ്റ്. താത്തഎ് ഏറോട്ട തൊടങ്കിനഎ്, നൊക മണ്ണ്ക്കെ മുട്ടിമുട്ടാതെ ഓട്ട്കതെ പാത്ത് അപ്പെ ക് ട്ട ‘‘എനാക്ക് മള്ള മള്ള ഓട്ടിപോക?’’
താത്ത്എ് കൊഞ്ച സങ്കടത്തി സൊന്നഎ് ‘‘മണ്ണ്ക്ക് നോകാത? അത്ക്ക്തെ മള്ള മള്ള ഓട്ടിപോകെ!’’
7.
കാ... കാന്ത് കാക്കെക ലാറികുണ്ട് വാനത്തി പറക്ക്ത്, ഗിജ്... ഗിജ്ങ്ക്ത് ശെകിനഎ്, ‘‘ഈ ഗെഎ്റകമ്പ്ട്ത്ത ശെകിനഎ് എനാക്ക് സുമ്മ ലാറികുണ്ട് ഇറ്ക്ക്ത്’’ന്ത് കല്ല് എ്റ്ന്തഎ്, അത് പറന്ത്പോസ്,
കൊഞ്ച നേറ ക്ള്ന്ത് പൊറെ ജന്ധ
കൊകാല് ജന്ധ വറ്കത്, ‘‘ഓ... ആറോ സത്ത് ത്താറ്’’ന്ത് മനസ്തി പേസികുണ്ട് സാവ് പള്ളിക്കെപ്പോനഎ്, പോകവറ് വറ്കവറ് ക്യ്യികളെപ്ട്ത്ത് കുമ്ട്കാറ്, കൊഞ്ച ആള്ക ലാറ്കാറ്,
കൊഞ്ച ആള്ക സാവ്ക്ക് വറ്കവറെ നലവിസാറിക്കഎ്റ്, ഒറ്ത്തഎ്മട്ട് പേണ്ട് സർട്ട് ബൂട്ടെപോട്ട് വീഡിയ എ്ട്ക്കഎ്!
മെലെതിഇറ്ന്ത് കൊഞ്ച വ്ണാറ് മൂങ്കകളെ തോള്ക്കെ ഏത്തി നടന്ത് വറ്കാറ് സപ്പ്റവെക്കാക്ക്, നാലാള് സാവെ തൂക്കി സപ്പ്റക്കെ കടത്ത്കാറ്, പൊറെക്കാറഎ് പൊറെനെ കൊഞ്ച തട്ടിപാത്ത്ത്ത്
തീക്കെ പൊറെനെ സൂടാക്ക്കഎ്, പൊറെ സൂടാന ക് ടെസി, പൊറെക്കാറഎ് പൊറെഅടിക്കഎ്, കൊകാല്ക്കാറഎ്കൊകാല് പ്ടിക്കഎ്. കൊഞ്ച ആള്ക സപ്പ്റക്കുള്ളെപുക്കി എ്കാറ്, കൊഞ്ച ആള്ക സപ്പ്റത്തെ സുഎ്ത്തി ആട്കാറ്, മാലെ നേറ പന്തിവിറ്ത്ത് നായകപേസി മുട്ന്ത ക് ടെസി, നാലാള് സാവെ തൂക്കി തോള്ക്കെവെത്ത് നടന്ത് പോകാറ്!
‘‘നല്ല മന്സഎ് വ്ണാലെ സത്ത് പോയിത്തഎ്ന്ത്’’ ഒറ്ത്തി, ‘‘സെരിതെ കറ്മ അവന് ത്ത് വിധി, എനാപണ്ണ്കത്’’ന്ത് ഒറ്ത്തി. ഇതെ എല്ലാ ക് ട്ട്കുണ്ട്റ്ന്ത താത്ത്എ് ‘‘ഇറ്ക്കക്കുള്ളെ ഇറ്ക്കവന് ത്ത് മതിപ്പ് തെരിയാത്, സത്ത ക് ടെസി എനനത് പേസ്കാറ്, ഇറ്ക്കക്കുള്ളെ പേറ്സൊല്ലി ലെക്കഎ്റ് സത്ത, സാവ്ങ്കറ്, എന ഒലക മനസാഎ്സിഇല്ലാത്ത ഒലകാ’’ന്ത് മനസ്തി മൊണൊങ്കികുണ്ട് താത്ത്എ് നടന്ത്പോനഎ്!
8.
വെതെപോട്ട കാട്തി
വ്ള്ളെമെ വ്ളളെന്ത്റ്ക്ക്ത്
കാടെപോയി പാത്ത താത്ത്എ് ന്ക്ക്
സന്തോസമ് ഒപ്പ ക്യൊഎ്മ് പ്ട്ത്ത് ത്!
‘‘ഇനിതെ കാടിനെ ജാക്ക്റ്തിയ പാക്കോണൊ, ആദ്യ കാട്ക്ക് ഒറ് വേലിക് ട്ടൊണൊ, ഇല്ലേ... കണ്ട കണ്ട മാട്ക ആട്ക എല്ലാ തിന്ത്തീത്ത്ത്ത് പോയിറ് വ്, റ്ട്ട് പകലില്ലാതെ കാവങ്കാക്കൊണൊ, ഇല്ലെന്ത ഒന്ത്കൂടി മിഞ്ചാത്’’ ന്ത് സൊല്ലി, ഒറ് മഎ്റ മ്ണ്ടെതി ഇറ്ക്കക്കുള്ളെ, ദ്ടിറ്ന്ത്, വാന ലാറ തൊടങ്കിന് ത്, ആ കണ്ണ് തണ്ണി, താത്ത്എ് ന് ത്ത്
കണ്ണ് തണ്ണിയെ തൊടെത്ത്ത്!
9.
ദോവി ഇല്ലാത്ത ജാമ
കണ്ണെ ക് ട്ട്ക ജാമ
താത്ത്എ് കാവസാളെ വ്ട്ടെതി തീമൂട്ടികുണ്ട്ഇറ്ന്തഎ്, നാന് താത്ത്എ് ന് ത്ത് പക്കപോയി ഓറോ ക്ള് വിയ ക് ട്ട്കുണ്ട്ഇറ്ന്തഎ്. ‘‘താത്താ... നിന്നെപോലെ അന്ത കാല ആള്ക എച്ച ഇത്തനി വയിസായിത്ത്മ് ഒറ് നോവ്നൊടിഇല്ലാതെ പ്ളെക്കാറ്?’’
അത്ക്ക് താത്ത്എ് സൊന്നഎ് ‘‘അത് ലപ്പാ... നാമ് അന്ത് തിന്ത പ്ട്ടട ബല, ഇന്ത് പാക്ക തേങ്കായി മഎ്റ പാക്ക് മഎ്റ അപ്പ ക് ടെയാത്, അന്ത് ഏത് കാടെ പാത്താല്മ് റായി, സാമെ, സോള , കമ്പ്, തൊകറി എല്ലാ വ്ളെത്തഎ്റ് അത് മ് നല്ല വ്ളെന്ത്ത്. അരിസിയെല്ലാ നീ കണ്ണ്ക്കെ കൂടിയ പാക്കമട്ടി,ബല്ല നോമ്പി വന്ത ’’ പ്ട്ടെപോയി അരിസി വാങ്കിവറ് വേമ്, താത്ത്എ് പേച്ചെ ന് റ്ത്തിത്ത്, തകറത്തെ ഡങ്ക്... ഡങ്ക് ന്ത് അട്ത്ത് ജന്ധപണ്ണിത്ത് കാടെ സുഎ്ത്തി പാക്കാക്ക് സൂട്ടെഎ്ട്ത്ത്പോനഎ്!
10.
വറാക് വ്ട്ട്കാക്ക് നാന് മ്
താത്ത്എ് മ് സോലെക്കെപോനെമ്,
‘‘മഎ്റപൊത്ത്കള്ക്കെ ക് യ്യെ വ്ട്ട്റണ്ട, സലപ്പ പാമ്പ്ക ഇറ്ക്കൂ..’’ന്ത്
താത്ത്എ് സൊന്നഎ്. ലുമഎ് മഎ്റത്തി ലുമഎ് പാമ്ക കിസിക് ത്.
നാന് പള്ളിതി വ്ന്ത്റ്ന്ത പാമ്കളെ പൊറുക്കികുണ്ട്ഇറ്ന്തെ, താത്ത്എ് വറാക് വ്ട്ടിനഎ്, നാന് ഒറ് സിന്ന മുട്ടിനെ സൊകാല്ക്കെ ഏത്തി നടന്തെ, താത്ത്എ് വറാക് സുള്ളകളെ പൊറുക്കിക് ട്ടി തെലെക്കെവെത്ത് നടന്തഎ്, നട് വെക്കെതി നടന്ത് കൂരെപോനേമ്!
11.
കാട്തി, വ്ള്ളെമെനെ മെത് ത്ത്
വ്ള്ളെമെനെ പാത്ത് സിരിക്ക്ത് ക്ളെക,
ക്ളെവ്ട്ട്കാക്ക് കൊത്ത്ക
സീനെ ഉടുത്ത്, തെലെക്കെ തുണ്ടെക് ട്ടി,
സോറ്ഞ്ചാറെ തൂക്കുബോസിക്കെപോട്ട് അതെ
ക് യ്യിക്കെ പ്ട്ത്ത്, വറ് സിയ നടന്ത് പോക് ത്!
ഒറ് മഎ്റ താറ്ക്കെ തൂക്കുബോസികളെ നേത്തിവെത്ത്ത്ത്, ക്ളെവ്ട്ട്കാക്ക് കൊത്ത്ക മണ്ണ്ക്കെ ബഗ്ഗിന് ത്!
12.
താത്തഎ് ഏങ്കോ പോകാക്ക് റഡിയായി ബസ് സ്റ്റോപ്പ്തി നിന്ത് റ്ന്തഎ്, നാന് മ് ഏങ്കോ പോകാക്ക് ബസ് സ്റ്റോപ്പ്ക്കെപോനെ,
ബസ് വന്ത്ത്, ബസ്ക്കെ എ്റ്നേമ്, ബസ്ക്കെ പള്ളികൂട പ്ള്ളെക ഉന്തി തള്ളി എ്റിനാറ്. എ്റിന പ്ള്ളെകള്ത്തി ഒറ് ഐതനെ പാത്ത് താത്ത്എ് ക് ട്ടഎ് ‘‘നീ സ്ണ്ടന് ത്ത് മകഎ്താനെ, ഏങ്കെ പോക, പഠിക്കാക്ക? അത്ക്ക്, അവഎ്’’ അതെ ഞാൻ ചിണ്ടന്റെ മകനാണ്, ഞാൻ സ്കൂളിലേക്ക് പോകുന്നു ' ഇതെ ക് ട്ടത് മ്, താത്ത്എ് ന് ക്ക്
ഭയങ്കര വഎ്സവന്ത്ത്. ‘‘ഡേ...നീ ആദിവഎ്സിതാനെ, ആദിവഎ്സി ഭാസെതി പേസിന നീ എന കൊറെന്ത് പോയിറ് വിയ?’’ താത്തഎ് പേച്ചെ കൊഞ്ച ന് റ്ത്തിത്ത്, എന്നെ പാത്ത് സൊന്നഎ് ‘‘പാഎ്റ്പ്പാ...ആദിവഎ്സിക എല്ലാവറ്മ്
മ് ലളത്ത്ക്കററായിത്തറ്, നമ്ത്ത് ഭാസെനെ മറന്ത്, നമ്ത്ത് ഊരെ മറന്ത്, നാടെ മറന്ത് വ്ളിനാട്ക്കെ വേലെക്ക്പോകഎ്റ്, കാല എച്ച എല്ലാ മാറികടക്ക്ത്!
13.
ഒറ്ത്തന് ത്ത് കാട്ക്കെ ക്ളെവ്ട്ട്കാക്ക് പോന നേറ, അതി പാത്ത കാള്ച്ചെക എത്ത് മനസ്തി ആറാത്ത വലി ഉണ്ടാക്കിന് ത്!
അതി, പത്ത് പതിനിഞ്ച് കൂട്ക ഇറ്ന്ത്ത്,
പത്ത് പതിനിഞ്ച് കൂട്കള്ത്തി ഇരുപത് ഇരുപത്തഞ്ച് കുറ് വിക കീ... കീന്ത് ലാറികുണ്ട് ഇറ്ന്ത്ത്,
അത് മട്ട്മല്ല, കൂരെ ദ്ണ്ണെതി ഒറ് നായെ സങ്ക്ലിപോട്ട് ക് ട്ടി വെത്ത്റ്ക്കറ്,
അത് ന്ത എന്നെ പാത്ത് കൊരെ കൊരെന്ത്
കൊരെക്ക്ക് ത്, നാന് അഞ്ചിത്തെ!
അതിഇറ്ന്ത് കൊഞ്ച ദൂറമപോയി ഓസ്ത്തെ ‘‘കാട്തി സൊതന്തിറമ പറന്ത്തിരിക കുറ് വിക മൊത്ത ഈ കൂട്ക്കുള്ള്തെ ഇറ്ക്ക്ത്, എമ്ത്ത് കൂരെതി ഇറ്ക്ക നായി എത്ത് കാലെ സുഎ്ത്തി സുഎ്ത്തി വറ് വ്, ആന, ഈങ്ക് ഇറ്ക്ക നായി തൊണ്ടെ ഡെന്ത്
കൊരെക്ക്ത്!
14.
താത്തഎ് മമ്ട്ടി പ്ടിനെ സെത്തികുണ്ട് ഇറ്ന്തഎ്, നാന് കൂരെ പക്ക നട്ടിവെത്ത്റ്ന്ത വാഎ്മറക്ക് വളമ്പോട്ട്കുണ്ട്ഇറ്ന്തെ, താത്ത്എ് എന്നെ പാത്ത് സൊന്നഎ്
‘‘കാട്തി കുര് വികള്ത്ത് സല്ല്യമുടിയാത് ലപ്പാ...
കാട്തി സിപ്പ്ട്ടിവെക്കൊണൊ,
കുര് വികളെ എത്തനി മുടിക്കിനാല്മ്
സേത്തി സേത്തി കാട്ക്കെമെ വറ്ക് ത്’’!
‘‘സെരി താത്ത്എ് ’’ന്ത് നാന് അറ്സമ്പാല് എ്ട്ക്കാക്ക് ഓടിനെ!
15.
താത്തഎ് വ്ട്ടവ്ടിയാലെമെ കാട്ക്കെ പോനഎ്, കാട്തി റായി കത്റ്ണെ സാമെ കത്റ്ണെ സോള കത്റ്ണെ തിങ്ക്ത് കുര് വിക,
കൊഞ്ച കത്റ്കളെ കൊക്ക്ക്കെ കൊത്തി പറക്ക്ത്!
താത്ത്എ് തണ്ണികുടിക്കിലാന്ത്
കൂരെ വാഎ്സ തൊറക്കക്കുള്ളെ,
ഒറ് സാറെ പാമ്പ് ശ്... ശ്ന്ത് നാക്കെ ന്ട്ട്ക് ത്!
മനസ്തി ഇറ്ക്ക വലികളെ
ഉള്ളെ അടക്കികുണ്ട്, മാട്കളെ പാക്കാക്ക് മാട്ട്പ്പട്ടിക്കെപോനഎ്.
പട്ടിതി നെത്ത് വെത്ത്റ്ന്ത കലപ്പെ
റണ്ട് തുണ്ടായികടക്കതെ പാത്ത്
താത്ത്എ് ന് ത്ത് മനസ്മ് റണ്ടാ മുറ്ന്ത് ത്!
‘‘മണ്ണ്ക്ക് അടിയെ റാങ്കിന നൊക
ഇന്ത്, എത്ത് നെഞ്ച്ക്ക് അടിയെ റാങ്കിപോയിത്ത്ത്!
ഇനി നാന് എച്ച കാടൊട്ട്കത്?
ഇനി നാന് എച്ച കാട്ക്കെ വെതെപോട്കത്?
ഇനി നാന് എച്ച വ്ള്ളാമെ എ്ട്ക്കത്?’’
അച്ച പല ഓസണെകളെ മനസ്ക്കെ സൊമന്ത്കുണ്ട്, കണ്ണ്തിഇറ്ന്ത് സൊട്ട്ക കണ്ണ്തണ്ണിനെ തൊടെത്ത്കുണ്ട് മണ്ണെ ദമ്പിനവണ്ണ
മണ്ണ്ക്കെ കണ്ണെമൂടി കടന്തഎ്, അത്ക്ക് ക് ടെസി താത്ത്എ് എ്കമെ ഇല്ലെ!
വാനത്തി എറിക സൂര്യഎ് മെലെക്ക് അടിയെ മ്റെക് ത്, ജാമ ഒറ് പൊതെപ്പാമാറി ഊരെ പോത്ത്ക് ത്!
അപ്പെ, ലാറി ലാറി തൊണ്ടെതണ്ണി വഎ്ത്തി കടന്ത്റ്ക്ക, പക്കത്തി ഒറ് വളാക്ക് സീമ്ണ്ണെ ഇല്ലാതെ സിന്നത എറിക് ത്. അപ്പെത് കനസ്ക്കെ വന്ത് താത്ത്എ് സൊന്നഎ്: ‘‘നമ്ത്ത് കലപ്പെ നമ്മെവ്ട്ട് പോസ്. ഇത്തനി കാല നമ്ക്ക് സോറ് പോട്ട കലപ്പെ നമ്മെവ്ട്ട് പോസ്. ഇനി എനനാത് നമ്മെവ്ട്ട് പോവ്ന്ത് എന്ക്ക് തെറിയാത്. എന്നെ നെനെത്ത് നീ കവലെപടണ്ട. നിന്ക്ക് തൊണെയാ നാന് ഇറ്ക്കെ. ഈ മണ്ണെമ് നമ്ത്ത് കാടെമ് ഒറ് നാള്മ് മറക്കണ്ട. ഈ ഒലകത്തെ നമ്പണ്ട. നിന്നെ നീ നമ്പി, ഈ കാടെ നമ്പി, മണ്ണ്തി പാട്പട്ട് തിന്ന് .’’ അപ്പെ ബുഗ്ഗ്ന്ത് എ്ന്ത, ആങ്കെ ഈങ്കേ സുത്തി സുത്തി പാത്ത്, ആരെമ് കാണെ, അത് കനസ്ന്ത് തെറ്ന്തത് മെ, താത്ത്എ്ന് ത്ത് പോട്ടാവെ നെഞ്ച്ക്കെ സേത്ത് വെത്ത് ഗോന്ത് എ്ത. കൂരെ വ്ട്ടെതി നായി കൊരെക്ക്ത്.അപ്പെ സൂട്ടെഎ്ട്ത്ത് കാട്ക്കെ പറപ്പട്ട!
മലയാള മൊഴിമാറ്റം
രണ്ട് തുണ്ടായ കലപ്പ
1.
മുളത്തടികൊണ്ടുകെട്ടിയ ചുമര്,
മണ്ണു മെഴുകിയ തറ, അതിൽ
അവിടെയും ഇവിടെയുമായി
ദ്വാരമുണ്ടാക്കി വെച്ചിരിക്കുന്നു എലികൾ.
മണ്ണു മെഴുകിയ അടുപ്പ്
അടുപ്പിൽ കുറച്ചു വിറകുകൾ ആളിക്കത്തുന്നു!
അടുപ്പിലേറ്റിവെച്ച കലത്തിൽ
വെള്ളം തിളയ്ക്കുന്നു, അരിയിലെ
കല്ലും മറ്റും പെറുക്കി കൊണ്ടിരിക്കുന്ന മുത്തശ്ശിയെ നോക്കി മുത്തച്ഛൻ ചോദിച്ചു: ‘‘വെള്ളം തിളച്ച് എത്ര നേരമായി, ഇനിയും നീ എന്തു ചെയ്യുന്നു?’’
‘‘വേഗം വേഗം പണിചെയ്യാൻ ഞാനെന്താ മെഷിനോ? അരിയിലുള്ള കല്ലും മണ്ണുമൊക്കെ പെറുക്കിയെടുക്കണ്ടേ..?’’
മുത്തശ്ശി കുറച്ച് ദേഷ്യത്തിൽ പറഞ്ഞു!
റാഗി പുട്ടും തുവര കറിയും ചൂടോടെ തിന്നിട്ട്, സാരിയും മറ്റും തലയണയുണ്ടാക്കി, പുല്ലുപ്പായ വിരിച്ച് അവർ കിടന്നുറങ്ങി.
2.
കിഴക്ക്, സൂര്യൻ ചൂട്ടുകത്തിക്കുന്നു
പ്ലാവിന്റെ മുകളിൽ ഒരു പൂവൻകോഴി കൊക്കരക്കോ... എന്ന് കൂവുന്നു, മുത്തശ്ശി മുറ്റമടിക്കുന്നു, മുത്തച്ഛൻ ഒരു മുട്ടിയിൽ വെള്ളാരംകല്ലു പൊടിച്ച്, ആ പൊടികൊണ്ട് കത്തിക്ക് മൂർച്ച കൂട്ടുന്നു. ‘‘ഏയ്...നന്നാരി കാപ്പിവെച്ചോ?’’ എന്ന് മുത്തച്ഛൻ ചോദിച്ചു. ‘‘മല മുഴുവനും മഴയില്ലാതെ വരണ്ടുപോയി കിടക്കുന്നു, ഞാൻ എവിടെ പോയി നന്നാരി വേര് തേടുന്നത്? വെറും കാപ്പി കുടിച്ചിട്ട് പോ’’ എന്ന് മുത്തശ്ശി തിരിച്ച് പറഞ്ഞു!
കൈയിൽ കത്തിയെടുത്ത്
തലയിൽ തോർത്തുമുണ്ട് ചുറ്റിക്കെട്ടി
വെറ്റിലയും മുറുക്കി മുത്തച്ഛൻ കാട്ടിലേക്ക് പോയി!
3.
കാട്ടിലേക്കു പോയി നോക്കുമ്പോൾ,
കാടുപിടിച്ച മുള്ള്, കാടിനെ തിന്നുന്നു!
‘‘ഇത്രയും മുള്ളുചെടികളെ ഞാനെങ്ങനെ വെട്ടിത്തീർക്കും?’’എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് കാടുകേറിയ മുള്ളിനെ വെട്ടാൻ തുടങ്ങി!
വെട്ടുന്തോറും മുള്ളുകൾ കാലുകളെ
കൈയുകളെ കുത്തിക്കൊണ്ടിരുന്നു,
കാലിലും കൈയിലും ചോര ഇറ്റുവീണുകൊണ്ടിരുന്നു!
‘‘ഇതു വെട്ടി നീക്കിയിട്ടില്ലെങ്കിൽ
കാട്ടിൽ കൃഷി ചെയ്യാൻ കഴിയില്ല,
ഇതു മുഴുവൻ വെട്ടിത്തീർത്തിട്ടുവേണം വീട്ടിലേക്കു പോകാൻ’’ എന്ന് വേഗം വേഗം വെട്ടി,
ഒരു സ്ഥലത്തുവെച്ച് തീമൂട്ടി കത്തിച്ചിട്ട് മുത്തച്ഛൻ വീട്ടിലേക്കു മടങ്ങി!
4.
കാലിലും കൈയിലുമുള്ള
ചോര കറയോടെ നടന്നുവരുന്ന
ഭർത്താവിനെ കണ്ട്, ‘‘എന്തിനാണ് കാലിലും കൈയിലുമെല്ലാം
ചോര കറയാക്കി വന്നത്. എന്തുപറ്റി?’’
എന്ന് ചോദിച്ചുകൊണ്ട് മുത്തശ്ശി വാവിട്ടു കരഞ്ഞു!
‘‘നീ എന്തിനാണ് ഇങ്ങനെ കരയുന്നത്,
ഇതൊക്കെ ചെറിയ മുറിവാണ്. നീ കരയണ്ട, നീ കരഞ്ഞാൽ എനിക്ക് താങ്ങാനാവില്ല. ഞാൻ കാട്ടിലേക്ക് പോയി നോക്കുമ്പോൾ, കാടു മുഴുവൻ മുള്ളുകൾ നിറഞ്ഞ പൊന്ത.
അതു വെട്ടുമ്പോൾ, അതു എന്നെ മുറിവാക്കി. രണ്ടാളും പരസ്പരം കണ്ണു തുടച്ച് വീട്ടിനുള്ളിലേക്കു പോയി!
5.
ബാഎ്... ബാഎ്... എന്ന് കരയുന്നു പശുക്കൾ, ‘‘എന്തിനാണ് കരയുന്നത്, വിശക്കുന്നുണ്ടോ, കുറച്ചു നേരം കാത്തിരിക്കൂ... എന്ന് കഞ്ഞിവെള്ളം പശുക്കളുടെ മുന്നിൽ വെച്ചിട്ട്, പശുക്കളുടെ വായ മൂക്ക് മേനിയെല്ലാം തലോടിക്കൊണ്ടിരുന്നു മുത്തച്ഛൻ.
‘‘പശുക്കൾ വിശന്ന് കരയുന്നില്ലേ..., പുല്ലുവെട്ടി കൊടുത്താലെന്താ’’ എന്ന മുത്തശ്ശിയുടെ ശബ്ദം കേട്ട് മുത്തച്ഛൻ പുല്ലുവെട്ടാനായി പോയി.
പുല്ലുവെട്ടി, ഒരു കെട്ട് പുല്ല് തലയിൽവെച്ച് വരുന്നത് ദൂരെനിന്ന് കണ്ട പശുക്കൾ വാ... വാ... എന്ന് കൊമ്പനക്കി തല ഇളക്കി വിളിക്കുന്നു. പുല്ല് പശുക്കളുടെ മുന്നിൽ വെച്ചിട്ട് ഭാര്യയോട് മുത്തച്ഛൻ പറഞ്ഞു, ‘‘ഭൂമിദേവിയെ പൂജിച്ചതിനു ശേഷം നിലം ഉഴുവാൻ ആരംഭിക്കാം.’’ ‘‘നീ ഇപ്പോൾത്തന്നെ ഊരു തലവന്മാർക്കും ഊരുജനങ്ങൾക്കും വിവരമറിയിക്കൂ’’ എന്ന് മുത്തശ്ശി പറഞ്ഞു. സൂര്യൻ പടിഞ്ഞാറ് മറയുന്ന നേരം, കുരുവികൾ അവരുടെ കൂട്ടിലേക്ക് പറന്നുപോയി, ഇരുട്ട് ഊരിലേക്ക് വിരുന്നു വരുന്നു!
6.
മെല്ലെ മെല്ലെ നേരം പുലർന്നു,
മുത്തച്ഛൻ കലപ്പ കഴുകി പശുക്കൾ കഴുകി, കലപ്പ തോളത്തുവെച്ച്,
പശുക്കളെ കൂട്ടി കാട്ടിലേക്കു നടന്നുപോയി. മുത്തശ്ശി, പൂജ സാധനങ്ങൾ തലയിൽവെച്ച് മുത്തച്ഛന്റെ പിന്നാലെപ്പോയി.
ഊരു മുഴുവനും കാട്ടിലുണ്ട്.
കിഴക്കു ഭാഗത്ത് തങ്കംപോലെ ജ്വലിക്കുന്ന സൂര്യനെ എല്ലാവരും തൊഴുതിട്ട്, ഭൂമിദേവിയെ പൂജിച്ചിട്ട്
മണ്ണുക്കാരൻ ‘ഏറുകെട്ടി’ ഒരു ഭാഗം
ഉഴുതിട്ട് മുത്തച്ഛന് കൈമാറി.
ഊരുജനങ്ങളെല്ലാം പിരിഞ്ഞുപോയി. മുത്തച്ഛൻ നിലം ഉഴുവാൻ ആരംഭിച്ചു. നുകം മണ്ണിൽ മുട്ടിമുട്ടാതെ ഉഴുന്നതു കണ്ട് മുത്തശ്ശി ചോദിച്ചു: ‘‘എന്തിനാണ് പതിയെ ഉഴുന്നത്?’’ മുത്തച്ഛൻ കുറച്ചു സങ്കടത്തിൽ പറഞ്ഞു: ‘‘മണ്ണിനു നോവില്ലേ..? അതുകൊണ്ടാണ് മെല്ലെ മെല്ലെ ഉഴുന്നത്!’’
7.
കാ...കാ... എന്ന് കാക്കകൾ കരഞ്ഞുകൊണ്ട് ആകാശത്ത് പറക്കുന്നു. ഗിജ്... ഗിജ് എന്ന് ശബ്ദമുണ്ടാക്കുന്നു ‘ശെകിനഎ്’.
‘‘ഈ നശിച്ച ശെകിനഎ് എന്തിനാണ് വെറുതെ കരഞ്ഞുകൊണ്ടിരിക്കുന്നത്?’’ എന്നു പറഞ്ഞ് മുത്തച്ഛൻ കല്ലെടുത്ത് എറിഞ്ഞു, അതു പറന്നുപ്പോയി. കുറച്ചുനേരം കഴിഞ്ഞ്, പറ ശബ്ദവും ‘കൊകാല്’ ശബ്ദവും വരുന്നു. ‘‘ഓ... ആരോ മരിച്ചു’’ എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട്, മുത്തച്ഛൻ മരണസ്ഥലത്തേക്ക് പോയി. പോകുന്നവർ വരുന്നവർ കൈയുകൾ പിടിച്ച് തൊഴുന്നു. കുറച്ചാളുകൾ കരയുന്നു. കുറച്ചാളുകൾ മരണവീട്ടിലേക്ക് വരുന്നവരെ സുഖമന്വേഷിക്കുന്നു. ഒരാൾ മാത്രം പാന്റ് ഷർട്ട് ഷൂസിട്ട് വിഡിയോ എടുക്കുന്നു. മലയിൽനിന്നും കുറച്ച് ചെറുപ്പക്കാർ മുളകൾ തോളത്തുവെച്ച് നടന്നുവരുന്നു, ശവമഞ്ചം ഒരുക്കാൻ. നാലുപേർ ശവം പൊക്കി ശവമഞ്ചത്തിൽ കിടത്തുന്നു.
പറ കൊട്ടുന്നയാൾ പറകൊട്ടി നോക്കിയതിനു ശേഷം, തീയിൽ ചൂടാക്കുന്നു. പറ ചൂടായതിനുശേഷം പറകൊട്ടുന്നയാൾ പറകൊട്ടുന്നു. കൊകാലൂതുന്നയാൾ കൊകാലൂതുന്നു. കുറച്ചാളുകൾ ശവമഞ്ചത്തിനുള്ളിൽ കയറി കരയുന്നു. കുറച്ചാളുകൾ ശവമഞ്ചത്തിനു ചുറ്റും നൃത്തംചെയ്യുന്നു. സന്ധ്യ നേരം, കുറച്ചാളുകൾ ‘പന്തിവിരിച്ച്’ വർത്താനം പറയുന്നു. ആ ചടങ്ങിനുശേഷം, നാലുപേർ ശവം എടുത്ത് തോളത്തുവെച്ച് നടന്നു പോകുന്നു. ‘‘നല്ല മനുഷ്യൻ, വെറുതെ ചത്തുപോയി’’ എന്ന് ഒരു സ്ത്രീ. ‘‘ശരിയാണ്, അവന്റെ വിധി, എന്തുചെയ്യാൻ’’ എന്ന് ഒരു സ്ത്രീ. ഇതൊക്കെ കേട്ടുകൊണ്ടിരുന്ന മുത്തച്ഛൻ: ‘‘ഉള്ളപ്പോൾ ഉള്ളവന്റെ നിലയും വിലയും അറിയില്ല, ചത്തതിനു ശേഷം എന്തൊക്കെ സംസാരിക്കുന്നു, ഉള്ളപ്പോൾ പേരു ചൊല്ലി വിളിക്കുന്നു, ചത്താൽ ശവം എന്നു വിളിക്കുന്നു, എന്തു ലോകം, മനഃസാക്ഷി ഇല്ലാത്ത ലോകം’’ എന്ന് മനസ്സിൽ പിറുപിറുത്തുകൊണ്ട് മുത്തച്ഛൻ നടന്നുപോയി!
====
*കൊകാല് -ഒരുതരം വാദ്യോപകരണം.
*പന്തിവിറിക്കത് -ശവമഞ്ചത്തിൽനിന്നും ശവമെടുക്കുന്നതിന് മുന്നോടിയായി നടത്തുന്ന ചടങ്ങ്.
8.
വിത്തിട്ട കാട്ടിൽ, വിളവുകൾ വിളഞ്ഞിരിക്കുന്നു. കാട്ടിലേക്ക് പോയി നോക്കിയ മുത്തച്ഛന് സന്തോഷവും ഭയവും വന്നു. ‘‘ഇനിയാണ് കാടിനെ ജാഗ്രതയോടെ നോക്കേണ്ടത്, ആദ്യം കാടിനൊരു വേലികെട്ടണം, ഇല്ലെങ്കിൽ, മറ്റുള്ളവരുടെ ആടും മാടും എല്ലാം തിന്നുതീർത്തിട്ടു പോകും, രാവും പകലും ഇല്ലാതെ കാവലിരിക്കണം, ഇല്ലെങ്കിൽ, ഒന്നുപോലും അവശേഷിക്കില്ല’’ എന്ന് പറഞ്ഞ് ഒരു മരച്ചോട്ടിലിരിക്കുമ്പോൾ, പൊടുന്നനെ ആകാശം കരയാൻ തുടങ്ങി, ആ കണ്ണീർ, മുത്തച്ഛന്റെ കണ്ണീർ തുടച്ചു!
9.
നിലാവില്ലാത്ത രാത്രി,
കണ്ണുകെട്ടുന്ന രാത്രി.
മുത്തച്ഛൻ കാവച്ചാള മുറ്റത്ത് തീമൂട്ടിക്കൊണ്ടിരുന്നു. ഞാൻ മുത്തച്ഛന്റെ അടുത്തുപോയി ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ‘‘മുത്തച്ഛാ... നിങ്ങളെപ്പോലെ അക്കാലത്തെ ആളുകൾ എങ്ങനെയാണ് ഇത്ര വയസ്സായിട്ടും ഒരു രോഗവും ഇല്ലാതെ ജീവിക്കുന്നത്?’’, ‘‘അത് നമ്മൾ അന്ന് തിന്ന പുട്ടിന്റെ ബലമാണ്.അന്ന് ഏതു കാടു നോക്കിയാലും റാഗി, ചാമ, ചോളം, കമ്പ്, തുവര എല്ലാം വിളയിച്ചു. അതും നന്നായി വിളഞ്ഞു. അരിയൊക്കെ കണ്ണിൽപോലും കാണാനാവില്ല. ശിവരാത്രി (ബല്ല നോമ്പി) വന്നാൽ ‘പ്ട്ടെ പോയി’ അരിമേടിച്ചോണ്ടു വരും.’’ മുത്തച്ഛൻ വർത്തമാനം നിർത്തിയിട്ട്, തകരചട്ടിയെ ഡങ്ക് ഡങ്ക് എന്ന് ശബ്ദമുണ്ടാക്കിയിട്ട്, കാടിനു ചുറ്റും നോക്കാനായി ചൂട്ടെടുത്ത് പുറപ്പെട്ടു!
10.
വിറകുവെട്ടാൻ ഞാനും മുത്തച്ഛനും കാട്ടിലേക്കു പോയി. ‘‘മരെപ്പാത്തുകളിൽ കൈയിടരുത്, ചിലപ്പോൾ, പാമ്പുകളുണ്ടാവും’’ എന്ന് മുത്തച്ഛൻ പറഞ്ഞു. ‘ലുമഎ്’ മരത്തിൽ ലുമഎ് പഴങ്ങൾ നിറയെ ഉണ്ട്. ഞാൻ നിലത്ത് വീണുകിടന്ന പഴങ്ങൾ പെറുക്കിക്കൊണ്ടിരുന്നു. മുത്തച്ഛൻ വിറകുവെട്ടി. ഞാൻ ഒരു ചെറിയ മുട്ടി തോളിലേറ്റി നടന്നു. മുത്തച്ഛൻ ചുള്ളിക്കമ്പുകൾ പെറുക്കി കെട്ടി, തലയിൽവെച്ച് നടന്നു. കൊടും വെയിലിൽ നടന്ന് ഞങ്ങൾ വീട്ടിലേക്കു പോയി!
11.
കാട്ടിൽ, വിളവുകളെ ചവിട്ടി
വിളവുകളെ നോക്കി ചിരിക്കുന്നു കളകൾ!
കളവെട്ടാൻ ‘കൊത്തുകൾ’ സാരിയുടുത്ത്, തലയിൽ തോർത്തുകെട്ടി, ചോറ് തൂക്കുപാത്രത്തിലാക്കി, അതു കൈയിൽ പിടിച്ച്, വരിയായ് നടന്നു പോകുന്നു. ഒരു മരക്കൊമ്പിൽ തൂക്കുപാത്രങ്ങൾ തൂക്കിയിട്ടിട്ട്, കൊത്തുകൾ കളവെട്ടാനായ് മണ്ണിൽ കുനിഞ്ഞു!
12.
മുത്തച്ഛൻ എങ്ങോ പോകാൻ വേണ്ടി റെഡിയായി ബസ് സ്റ്റോപ്പിൽ നിന്നിരുന്നു. ഞാനും എങ്ങോ പോകാനായി ബസ് സ്റ്റോപ്പിലേക്കു പോയി. ബസ് വന്നു. ഞങ്ങൾ ബസിൽ കയറി. ബസിൽ സ്കൂൾ കുട്ടികൾ ഉന്തി തള്ളി കയറി. കയറിയ കുട്ടികളിൽ ഒരു കുട്ടിയോട് മുത്തച്ഛൻ ചോദിച്ചു: ‘‘നീ ചിണ്ടന്റെ മകനല്ലേ..., എവിടെ പോകുന്നു, സ്കൂളിലേക്കോ...’’ അതിന് അവൻ: ‘‘അതെ ഞാൻ ചിണ്ടന്റെ മകനാണ്. ഞാൻ സ്കൂളിൽ പോകുന്നു.’’ അതു കേട്ടതും മുത്തച്ഛന് ഭയങ്കര ദേഷ്യം വന്നു. മുത്തച്ഛൻ അവനോടു പറഞ്ഞു: ‘‘എടാ... നീ ആദിവാസിയല്ലേ... ആദിവാസി ഭാഷയിൽ സംസാരിച്ചാൽ നീ എന്താ കുറഞ്ഞു പോകുമോ.’’ മുത്തച്ഛൻ സംസാരം കുറച്ചു നിർത്തിയിട്ട് എന്നെ നോക്കി പറഞ്ഞു:
‘‘നോക്കൂ... ആദിവാസികളെല്ലാം ഇന്ന് മലയാളികളായി, നമ്മുടെ ഭാഷ മറന്ന്, നമ്മുടെ ഊര് മറന്ന്, നമ്മുടെ നാട് മറന്ന് പുറത്തു പണിക്കു പോകുന്നു, കാലം എങ്ങനെയൊക്കെ മാറിക്കഴിഞ്ഞു!’’
13.
ഒരാളുടെ കാട്ടിൽ, പണിക്കുപോയ നേരം, അതിൽ കണ്ട കാഴ്ചകൾ, എന്റെ മനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാക്കി. അവിടെ പത്ത് പതിനഞ്ച് കൂടുകൾ ഉണ്ടായിരുന്നു. പത്ത് പതിനഞ്ച് കൂടുകളിലായി ഇരുപത് ഇരുപത്തഞ്ച് കുരുവികൾ കീ... കീ എന്ന് കരഞ്ഞുകൊണ്ടിരുന്നു. അതു മാത്രമല്ല, വീട്ടുവളപ്പിൽ ഒരു പട്ടിയെ ചങ്ങലയിൽ കെട്ടിവെച്ചിരിക്കുന്നു. അതാണെങ്കിൽ എന്നെ നോക്കി നിർത്താതെ കുരക്കുന്നു. ഞാൻ ഭയന്നുപോയി. അവിടെനിന്നും കുറച്ചു ദൂരെ പോയി ആലോചിച്ചു: ‘‘കാട്ടിൽ സ്വതന്ത്രമായി പറന്നുതിരിയുന്ന കുരുവികൾ മൊത്തം ഈ കൂട്ടിനകത്തുണ്ട്. ഞങ്ങളുടെ വീട്ടിലുള്ള പട്ടി, എന്റെ കാലുചുറ്റി ചുറ്റി വരും, എന്നാൽ, ഇവിടത്തെ പട്ടി തൊണ്ടപൊട്ടി കുരക്കുന്നു.’’
14.
മുത്തച്ഛൻ തൂമ്പപിടി ചെത്തിക്കൊണ്ടിരുന്നു, ഞാൻ വീടിനടുത്ത് നട്ടുവെച്ചിരുന്ന വാഴക്ക് വളമിട്ടുകൊണ്ടിരുന്നു. മുത്തച്ഛൻ എന്നെ നോക്കി പറഞ്ഞു: ‘‘കാട്ടിൽ കുരുവികളുടെ ശല്യം സഹിക്കാൻ പറ്റുന്നില്ല. കാട്ടിൽ ‘സിപ്പ്ട്ടി’ വെക്കണം. കുരുവികളെ എത്ര ഓടിച്ചാലും വീണ്ടും വീണ്ടും കാട്ടിലേക്ക് വരുന്നു.’’ ‘‘ശരി’’ എന്നു പറഞ്ഞ്, ഞാൻ അരയാലിന്റെ പാലെടുക്കാൻ ഓടി!
15.
മുത്തച്ഛൻ അതിരാവിലെ തന്നെ കാട്ടിലേക്കുപോയി. കാട്ടിൽ റാഗി കതിര്, ചാമ കതിര്, ചോള കതിര് എന്നീ കതിരുകൾ തിന്നുന്നു കുരുവികൾ. ചില കതിരുകൾ കൊത്തി പറക്കുന്നു!
മുത്തച്ഛൻ വെള്ളം കുടിക്കാനായി വീടിന്റെ വാതിൽ തുറന്നതും ഒരു ‘സാരെ’ പാമ്പ് ശ്...ശ്... എന്ന് നാവു നീട്ടുന്നു!
മനസ്സിലുള്ള വേദനകളെ ഉള്ളിലാക്കിക്കൊണ്ട് പശുക്കളെ കാണാനായി മുത്തച്ഛൻ തൊഴുത്തിലേക്കു പോയി. തൊഴുത്തിൽ ചാരിവെച്ചിരുന്ന കലപ്പ, രണ്ട് തുണ്ടായി കിടക്കുന്നതു കണ്ട് , മുത്തച്ഛന്റെ മനസ്സ് രണ്ടായി മുറിഞ്ഞു!
‘‘മണ്ണിനടിയിൽ ഇറങ്ങിയ നുകം, ഇന്ന്, എന്റെ നെഞ്ചിലാഴ്ന്നിറങ്ങി. ഇനി ഞാൻ എങ്ങനെ കാടുഴുന്നത്?
ഇനി ഞാൻ എങ്ങനെ കാട്ടിൽ വിത്തിടും?
ഇനി ഞാൻ എങ്ങനെ വിളവെടുക്കും?’’
അങ്ങനെ പല ചിന്തകൾ മനസ്സിൽ ചുമന്നുകൊണ്ട്, കണ്ണിൽനിന്നും ഇറ്റുവീഴുന്ന കണ്ണുനീർ തുടച്ചുകൊണ്ട്, മണ്ണിനെ കെട്ടിപ്പിടിച്ച് മുത്തച്ഛൻ മണ്ണിൽ കിടന്നു. അതിനുശേഷം, മുത്തച്ഛൻ എണീറ്റിട്ടേ ഇല്ല!
ആകാശത്ത് എരിയുന്ന സൂര്യൻ
മലക്കു താഴെ മറയുന്നു. ഇരുട്ട്,
ഒരു പുതപ്പുപോൽ ഊരിനെ പുതക്കുന്നു!
മുത്തശ്ശി കരഞ്ഞ് കരഞ്ഞ് തൊണ്ടനീരു വറ്റി കിടക്കുന്നു. അടുത്ത്, ഒരു വിളക്ക് മണ്ണെണ്ണ ഇല്ലാതെ ചെറുതായി കത്തുന്നു.മുത്തശ്ശിയുടെ സ്വപ്നത്തിൽ മുത്തച്ഛൻ വന്ന് പറഞ്ഞു: ‘‘നമ്മുടെ കലപ്പ നമ്മെ വിട്ടുപോയി. ഇത്രനാൾ നമുക്ക് ചോറു തന്ന കലപ്പ നമ്മെ വിട്ടുപോയി. ഇനി നമ്മെവിട്ടു എന്തൊക്കെ പോകുമെന്ന് എനിക്ക് അറിയില്ല. എന്നെ ഓർത്ത് നീ വിഷമിക്കണ്ട, നിനക്ക് തുണയായി ഞാനുണ്ട്. ഈ മണ്ണും ഈ കാടും നീ മറക്കണ്ട.ഈ ലോകത്തെ വിശ്വസിക്കേണ്ട, നിന്നെ നീ വിശ്വസിച്ച്, മണ്ണിൽ അധ്വാനിച്ച് തിന്ന്.’’ മുത്തശ്ശി പെട്ടെന്ന് ഉണർന്ന്, ചുറ്റിലും നോക്കി, ആരെയും കാണുന്നില്ല. അതു സ്വപ്നം എന്നറിഞ്ഞതും, മുത്തച്ഛന്റെ ഫോട്ടോ നെഞ്ചിൽ ചേർത്തുവെച്ച് വിങ്ങി വിങ്ങി കരഞ്ഞു. വീട്ടുമുറ്റത്ത് പട്ടി കുരക്കുന്നു. മുത്തശ്ശി ചൂട്ടെടുത്ത് കാട്ടിലേക്ക് പുറപ്പെട്ടു!
===========
ഏറുകെട്ടുക: കന്നുപൂട്ട്
ശെകിനഎ്: ഒരുതരം പക്ഷി.
പ്ട്ടെ: ഇന്നത്തെ മണ്ണാർക്കാടിനെ പഴമക്കാർ പറഞ്ഞിരുന്ന പേര്.
ലുമഎ് പഴം: ഒരുതരം കാട്ടുപഴം.
കൊത്ത്: ഒരുതരം പണിയായുധം. പ്രധാനമായും സ്ത്രീകൾ
കളവെട്ടാൻ ഉപയോഗിക്കുന്ന പണിയായുധം.
സിപ്പ്ട്ടി: കുരുവികളെ പിടിക്കാനുള്ള ഒരുതരം കെണി.
സാരെ പാമ്പ്: ഒരുതരം പാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.