ഇരുട്ടിൽ
തൂമ്പകൊണ്ടരിഞ്ഞെടുക്കുന്ന
കണിശതക്കൊപ്പമടർന്ന
മണ്ണട...
കുടത്തിലെ നീര്
തളിച്ചുരുക്കുപോൽ
കറുത്തകാൽ രണ്ടും കുഴച്ചൊരുക്കുന്നു
വെളുക്കല്ലേ-
ന്നേങ്ങലടിക്കും മൂങ്ങകൾ
ചിറകിനാലെറ്റി
പിടിക്കുവാൻ നോക്കു
ഉദിപ്പെരുമീന്റെയിളക്കം
കാണാതെ
വിയർത്ത നെറ്റിമേൽ തഴമ്പുകൈത്തലം
കിഴക്കു കണ്ടില്ല വെളിച്ചം
ഞണ്ടുകളിറുക്കുമ്പോലുള്ള
തണുപ്പിൽനിന്നതാ
പരുവം വന്നൊരാ ചെളിഗോളം
തോളിൽ ചുമന്നു
ഹെർക്കുലീസ് നടന്നുപോകുന്നു.
ഉറങ്ങി നമ്മൾ
ഒന്നുണരുമ്പോഴോർമ
ഒരറപ്പിൻ ചെളിക്കടിയിലാവുന്നു
ഇരുട്ടിൻ കാൽപാട് ഇലകൊണ്ടന്നേക്കും
പകലുനല്ലോണമടച്ചു വെക്കുന്നു.
തേകിയ കുളം അവൻ
വേനലിൻ മടുപ്പേറി-
പ്പോകുന്നുണ്ടുയരത്തെ
കിളിക്കുഞ്ഞിനേത്തേടി
ഉരഞ്ഞ നെഞ്ചാങ്കൂട്ടിൽ കുറുകും
കിളിയുടെ
പനിപ്പൂടപോൽ മേഘം
പറന്നേ മറയുന്നു
ഇടങ്കൈ പൊത്തിന്നുള്ളിൽ
വിരിഞ്ഞ പത്തീൽ തൊട്ടു
തടവും മുമ്പേ മാന-
ത്തരുതേന്നൊരു മിന്നൽ
മരണം പൊടുന്നനെ
ഉയിരു ചിക്കിക്കുട-
ഞ്ഞകന്നോരുടൽ
മണ്ണിൽ
മലർന്നു പറക്കുന്നു
ഇടിയേശിയ കഥ-
ച്ചുവട്ടിൽ ഇരിക്കുമ്പോൾ
ഇരുളാവഴി വന്നെൻ
തുടയിൽ കിഴുക്കുമ്പോൾ
അകലും കിളിയെല്ലാം
അവനായിരിക്കുമോ
*അലറും കിളിയെല്ലാം
അവനായിരിക്കുമോ...
======
* അലറുംകിളി: ഇരുട്ടിൽ കുട്ടികളേപ്പോൽ അലർച്ച കേൾപ്പിച്ചു മറയുന്ന
രാവുണ്ണാൻ എന്ന കിളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.