രാക്കവിതകൾ

1.

അമ്മമ്മ

കാട് വെട്ടാൻ പോയപ്പോൾ

രാത്രിയായി.

ഇതുവരെ തിരിച്ചുവന്നതേയില്ല.

സ്വപ്നത്തിൽ

കാട്ടിലൊരു തീവെട്ടം കാണാമെനിക്കിപ്പോൾ.

അമ്മമ്മ നേരം തെറ്റാതെ

വിളക്ക് വെക്കാൻ

ഇപ്പോളും

മറക്കാറില്ല.

2

രാത്രിയാവുമ്പോൾ

നീ പായവിരിക്കാറുള്ള

മുറിയിൽ

ഒരിക്കൽ

മണ്ണെണ്ണ ഒഴിച്ച് മരിച്ച

ചേച്ചിയുടെ പാട്ടാണ്

ഇപ്പോളും ഇരുട്ട്

മൂളിക്കൊണ്ടിരിക്കുന്നത്.

3

കുഞ്ഞായിരുന്നപ്പോൾ

രാത്രിയിൽ എന്നും

കഥകൾ കേൾക്കാൻ

മണ്ണായ മുത്തശ്ശിയുടെ

മടിയിലേക്ക്

ആരും കാണാതെ പോകുമായിരുന്നു.

ഒരിക്കൽ അവൻ

വായിലൂടെ ചോര വാർന്ന്

മരിച്ചുകിടക്കുമ്പോൾ

പറഞ്ഞില്ല

ആരും,

മുത്തശ്ശി കൊടുത്ത

വെറ്റിലമുറുക്കാണെന്ന്.

4

കനകാംബര പൂക്കളിറുത്ത്

മാല കെട്ടിയതുപോലെ

ഒരിക്കൽ രാത്രിയെയിറുത്ത്

മുടിയിൽ ചൂടിയത് ഓർക്കുന്നുണ്ടോ നീ?

5

വിശന്നപ്പോൾ വാരിത്തരാൻ

വീടിന്റെ വാതിൽക്കലിൽ

ഒരു പാത്രം നിറയെ

ആരോ

ഇരുട്ട് കുഴച്ചുവെച്ചിരുന്നു.

നീ വിളക്കണയ്ക്കാൻ മറന്നുപോയ

രതിയിൽ

അവളത് തട്ടിക്കളഞ്ഞു.

6

ഇരുട്ട് കല്ലിച്ച

വഴിയിൽ

നീ രാകിയെടുത്ത

ഒരു രാത്രിയുണ്ട്.

അരിവാളേന്തി

ഒരാകാശത്തെയും മടിക്കുത്തിൽ

കെട്ടിവെച്ച്‌

അവൾ ജനാലകളടച്ചു.

7

രാത്രിയിൽ

ഭൂതം കെട്ടി വരുന്ന

ഒരു അപ്പാപ്പനുണ്ടായിരുന്നു.

അയാളെനിക്ക്

നിലാവിന്റെ ചെനച്ച കായകൾ

തരുമായിരുന്നു.

ഞാനത് ആരും കാണാതെ

വീടിന്റെയതിരിൽ

സൂക്ഷിച്ചുവെക്കും.

എന്നിട്ടും കണ്ടുപിടിച്ചു

ഞാനെണീക്കുന്നതിനു മുമ്പേ

അവരത്.

8

ഒടുവിലത്തെ

കാമുകന് വിരലുകളില്ലായിരുന്നു.

എന്നിട്ടും ആ രാത്രിയിൽ

അവനെന്നെ തൊട്ടു.

9

തേയില നുള്ളുന്നപോലെ

രാത്രിയെ നുള്ളി നുള്ളി

കൊട്ടയിലാക്കി പോകുന്നു

അവൾ.

രാവിലെ ചായ കുടിക്കുമ്പോൾ

ചുണ്ടിൽനിന്നും

തുടച്ചുകളയുന്നു

അവനാ രാത്രി.

10

കുന്നിന്മുകളിലായിരുന്നു

വീട്.

രാത്രിയോട് ചേർന്ന്

അവൾ വിളക്ക് വെക്കും.

ഞാനപ്പോൾ

കാട്ടിലൂടെ നടന്നുവരും.

നിലാവങ്ങനെയാണ്

ഉണ്ടായതെന്ന് എത്ര

തൊടലിലൂടെയാണ് പറഞ്ഞു

തരേണ്ടത്?

11

അവൾ

ജനാല തുറന്ന്

പുറത്തേക്ക് നോക്കുമ്പോളൊക്കെ

ഒരു പക്ഷിയെ കാണും.

അവളതിനെ രാത്രിയെന്ന്

വിളിച്ചു.

12

മീൻ പിടിക്കാൻ

അയാളുടെ കൂടെ

പല രാത്രികളിലും

പുഴയിലേക്ക്

പോകുമായിരുന്നു.

വഞ്ചിയിൽ അയാളും ഞാനും

തുഴകളാവും.

ആഴമെത്താറാവുമ്പോൾ

ഇരുട്ടത്തിരുന്ന്

നിലാവ് കൂവും.

അപ്പോൾ

മീൻകൊളുന്തുപോലെ

ഞാൻ

അയാളുടെ കരയിലിരുന്ന്

പുഴയിലേക്ക് കാലിറക്കിവെക്കും.

ആഴമുള്ള എന്തും

എനിക്കയാളാണ്.

13

രാത്രിയിൽ മരിച്ചുപോയ

ഒരു കുഞ്ഞിന്റെ ഏകാന്തതപോലെ

ഞാനുറങ്ങാൻ കിടന്നു.

സത്യമായിട്ടും

എനിക്ക് രാത്രികളില്ല.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.