രണ്ടു കവിതകൾ

1. പകരം പകരം ​െവക്കാൻ വാക്കില്ലാത്തതുകൊണ്ട് അയാൾ ഒഴിച്ചിട്ട സ്ഥലത്തുനിന്നാണ് മൗനം രക്ഷപ്പെട്ടത്. തോൽക്കാൻ പോകുമ്പോഴും പകരം വരുന്ന കളിക്കാരനിലാണ് പ്രതീക്ഷയത്രയും. പകരം വെക്കാവുന്ന ചോദ്യങ്ങൾകൊണ്ട് പരീക്ഷകളെ മറികടക്കാം. പകരം വഴികളിലൂടെയുള്ള യാത്ര സ്വന്തമെന്നുതോന്നും– അവസാനമില്ലെങ്കിലും. ഓർമകൾക്കു പകരം സ്വപ്നങ്ങൾ കടന്നുവരും. പകരം വെക്കലുകൾ പലപ്പോഴും അങ്ങനെയാണ്. വൈകിപ്പോയവർക്കു പകരം നാം കാത്തുനിൽക്കേണ്ടി വരും. പകരം വീട്ടുമ്പോൾപോലും വേണ്ടത് നാം ആർക്കും തിരിച്ചുകൊടുക്കുന്നില്ല. പകരം വെക്കാനാകില്ലെന്ന് തിരിച്ചറിയുമ്പോഴേക്ക് നമുക്ക് പകരം മറ്റൊരാൾ...

1. പകരം

പകരം ​െവക്കാൻ

വാക്കില്ലാത്തതുകൊണ്ട്

അയാൾ ഒഴിച്ചിട്ട

സ്ഥലത്തുനിന്നാണ്

മൗനം രക്ഷപ്പെട്ടത്.

തോൽക്കാൻ

പോകുമ്പോഴും

പകരം വരുന്ന

കളിക്കാരനിലാണ്

പ്രതീക്ഷയത്രയും.

പകരം വെക്കാവുന്ന

ചോദ്യങ്ങൾകൊണ്ട്

പരീക്ഷകളെ മറികടക്കാം.

പകരം വഴികളിലൂടെയുള്ള

യാത്ര സ്വന്തമെന്നുതോന്നും–

അവസാനമില്ലെങ്കിലും.

ഓർമകൾക്കു പകരം

സ്വപ്നങ്ങൾ കടന്നുവരും.

പകരം വെക്കലുകൾ

പലപ്പോഴും അങ്ങനെയാണ്.

വൈകിപ്പോയവർക്കു

പകരം നാം

കാത്തുനിൽക്കേണ്ടി വരും.

പകരം വീട്ടുമ്പോൾപോലും

വേണ്ടത് നാം ആർക്കും

തിരിച്ചുകൊടുക്കുന്നില്ല.

പകരം വെക്കാനാകില്ലെന്ന്

തിരിച്ചറിയുമ്പോഴേക്ക്

നമുക്ക് പകരം

മറ്റൊരാൾ വന്നിരിക്കും.

2. പഴയതാകുമ്പോൾ...

പഴയതാകുക എന്നാൽ

മുന്നേ കണ്ടറിഞ്ഞെന്ന

വിശേഷണം–

വസ്ത്രം, പുസ്തകം, വഴി,

വീട്, കൂട്ട്... അങ്ങനെ

പഴയതാകുക എന്നാൽ

ഉറപ്പുകൂടുകയെന്നും

ഇടയ്ക്കിടെ–

പഴയ ഫോട്ടോ,

ഒപ്പിട്ട പഴയ കടലാസ്,

അടച്ചിട്ട മുറിപ്പൂട്ട്,

വീഞ്ഞെപ്പോഴും.

പഴകാൻ ​െവച്ചതുമുണ്ട്–

ചായമടിച്ച ചുമര്,

കൂട്ടിത്തുന്നിയ മുറിവ്,

ഉണക്കാനിട്ട നനവ്,

കനലാകാൻ കാത്ത കരി.

പഴയതാകുക എന്നാൽ

പിന്നാലെ വരുന്നവയെ

പുതുക്കുക എന്ന

ഭാരം പേറുന്ന

തോന്നലാണ്.

രോഗം, മരുന്ന്, രുചി,

നോട്ടം, വാക്ക് എന്തിന്

കട്ടിലിലെ വിരിപോലും

വിശേഷാവസരത്തിൽ

പുതിയതാക്കാനുള്ള

പഴയ അവസരമായി

വീശി ഒഴിഞ്ഞുമാറുന്നു.

പഴയ കഥ പറയാതെ നീ,

പഴയ തെറ്റു നീ ചെയ്യായ്ക,

പഴയപോലെ ജീവിക്കായ്ക,

പഴയതുപോലെ

പഴകാതെയെന്ന്

എല്ലാ പഴികളും പഴങ്കഥകളും.

പഴയ പടിയല്ല കാര്യങ്ങൾ,

പഴയതെല്ലാം മറക്കണമെന്ന്

പുതു കമ്പനിച്ചുമരുകൾ,

കമ്പങ്ങളത്രയും

പഴക്കമിളക്കിയടർത്തിയെത്തും

നേരമെത്രയോ

പുതുപുതുക്കങ്ങൾ.

പഴയതെവിടെ ​വെക്കും

പഴയതെവിടെ മൂടും

പഴയതുപലതും

അകത്താരുമറിയാതെ

മൂടാനാകാത്ത നവം നവമാം

അജൈവ ഹേതുക്കൾ.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.