കുട്ടികൾ ഒളിയിടങ്ങളിലാണ്...
ഒരുപാടു നാളുകളായി ഒളിച്ചിരിക്കുന്നതിനാലാവും
എല്ലാവർക്കും ഒരേ മുഖഛായയാണ്...
പുൽത്തകിടികളിൽ പരിചയപ്പെട്ട
പൂമ്പാറ്റകളുടെ ചിറകുകൾ,
അവരെയിപ്പോൾ തിരിച്ചറിയുന്നേയില്ല!
പക്ഷികൾക്കും മഴവില്ലുകൾക്കുമായി
അവർ ആകാശത്തേക്ക് കൈകളുയർത്തുന്നു
വാഗ്ദാനങ്ങളരുതേ വാഗ്ദാനങ്ങളരുതേയെന്ന്
നിശ്ശബ്ദമായി ഭൂമി ആകാശത്തോടു യാചിക്കുന്നു...
കണ്ടെത്തുവാൻ നിയുക്തനായ കൂട്ടുകാരനെ
പ്രതി കുട്ടികൾ അക്ഷമരാകുന്നു
വെടിയൊച്ചകൾക്കിടയിൽ
അവന്റെ മുഴക്കമുള്ള സാറ്റുവിളികൾക്കായി
അവർ കാതോർക്കുന്നു
ഓരോ നിമിഷവും അവരിലൊരാൾ കണ്ടെടുക്കപ്പെടും
ഒരു നിഴൽ ഉടലിൽനിന്ന് ഛേദിക്കപ്പെടും
മരണത്തിന്റെ തണുപ്പറിഞ്ഞ്
മുടിയിഴകളുപേക്ഷിക്കുന്ന പേനുകളെപ്പോലെ,
കാത്തിരുന്നു കാത്തിരുന്നൊടുവിൽ
ഭയം അവരുടെ മനസ്സുകളിൽ
നിന്ന് ഇഴഞ്ഞിറങ്ങുന്നു...
നിർവികാരതയുടെ വെളുത്ത സ്തരം അവരുടെ
കൃഷ്ണമണികളിലേക്ക് വളർന്നു മൂടുന്നു...
കുട്ടികൾ ഓരോരുത്തരായി
ഒളിയിടങ്ങളുപേക്ഷിച്ച്
സാറ്റുമരത്തിനു നേർക്കു പായുന്നു
ഒന്ന്, രണ്ട്, മൂന്ന്...
അനേകം പിഞ്ചു കരങ്ങൾ
മരണത്തിന്റെ വികൃതമുഖത്ത്
സാറ്റടിക്കുന്നു
ബങ്കറുകളിലെ ചെളിവെള്ളത്തിൽ
പകയുടെ നീലരക്തം തെറിപ്പിച്ച്,
ഒരു പകൽ എങ്ങോട്ടേക്കോ പാഞ്ഞുപോകുന്നു...
വളർത്തുമൃഗങ്ങളെയും, പണ്ടെന്നോ
മരണപ്പെട്ടുപോയ സ്വന്തം ശരീരങ്ങളെയും
ത്രാസിലേറ്റി,
വെടിക്കോപ്പുകൾക്കായി വിലപേശുന്ന
അമ്മമാരുടെ ആഴങ്ങളിലേക്ക്,
പിറവിയുടെ ദുരന്തസ്മൃതികളെ
പിളർത്തിക്കൊണ്ട്
ഒരു നിലവിളി തുളഞ്ഞു കയറുന്നു!
തീൻമേശകളിലെ വീഞ്ഞു കോപ്പകളിൽ
ചോര കയ്ക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.