‘‘നോക്ക്
അൽപം മഷിയെഴുതാമായിരുന്നില്ലേ?’’
‘എ’ എന്നൊരുവൾ
‘പ’ എന്ന മറ്റൊരുവളോട് ചോദിച്ചു.
വരണ്ട കണ്ണുകൾക്ക് ജീവൻ കൊടുക്കുമ്പോഴേക്ക്
‘പ’ എന്നവളുടെയുള്ളിൽ
വറ്റിപ്പോയതിലെന്തൊക്കെയോ ഉറവകൊണ്ടു;
ചുളിവുകളിലൂടെ നീർച്ചാലൊഴുകി.
അവളപ്പോൾ ‘മ’ എന്ന മരുമകൾക്ക്
ഏറ്റവുമിഷ്ടമുള്ള
ചപ്പാത്തിയും കോഴിക്കറിയുമുണ്ടാക്കി.
ജോലി കഴിഞ്ഞെത്തിയ ‘മ’ എന്നവൾ
ദീർഘകാലമായി മിണ്ടാത്ത ‘സ’ എന്ന കൂട്ടുകാരിയെ വിളിച്ചു.
പണ്ടൊരിക്കൽ ‘ക’ എന്നവളെ ഒഴിവാക്കി
കള്ളുഷാപ്പിൽ പോയതും
കരിമീൻ തിന്നതും
കടലിൽ കുളിച്ചതും
ഒന്നിച്ചോർത്ത് പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന
‘സ’ എന്നവൾ
ഒറ്റക്കു താമസിക്കുന്ന ‘ബ’ എന്ന
അമ്മായിയെ കാണാൻ പോയി.
ഞരമ്പ് പൊങ്ങിയ കൈത്തലം എടുത്തു മുത്തി;
നരച്ചുപിഞ്ഞി വെടക്കായ മുടി എണ്ണ ചേർത്തു കോതി;
മുറ്റത്തെ മാവിൽനിന്ന് മാങ്ങ പറിച്ച്
ചമ്മന്തിയുണ്ടാക്കിക്കൊടുത്തു.
അന്നേരം ‘ബ’ എന്നവൾ
‘ശ’ എന്ന വേലക്കാരിക്ക് നിറഞ്ഞ മനസ്സാലെ കയ്യിലെ സ്വർണവളയൂരി സമ്മാനിച്ചു.
പണയം വെക്കുകയോ വിൽക്കുകയോ ചെയ്ത്
അടുത്താഴ്ചയോ രണ്ടാഴ്ചകളോ
ജീവിതമുന്താമെന്ന മുന്തിയ ചിന്തയിൽ
‘ശ’ എന്നവൾ അടുത്ത കടയിൽനിന്ന്
മക്കൾക്കും കെട്ടിയോനും
മൂന്നു കപ്പ്കേക്കു വാങ്ങി;
തനിക്കൊരു കോൺ ഐസ്ക്രീമും.
കടയുടെ കോണിലിരുന്ന്
അതാസ്വദിച്ചു നുണയുമ്പോൾ
വഴിയിലെ വിളക്കുകാലുകളൊക്കെ
വലിയ മരങ്ങളാകുന്നതായും
അവയിൽ ഇലകളും പൂക്കളും നിറയുന്നതായും
പേരറിയാത്തതെങ്കിലും മധുരമുള്ള
പഴങ്ങളുണ്ടാകുന്നതായും
ചില്ലകളിൽ ഊഞ്ഞാലുകൾ,
തൊട്ടിലുകൾ തൂക്കപ്പെടുന്നതായും
തണുത്ത കാറ്റു വന്ന്
എല്ലാവരെയും പാടി ഉറക്കുന്നതായും തോന്നി,
ഒരു പാട്ടു മൂളി.
ഇതൊന്നും അറിയാതെയെങ്കിലും
‘എ’ എന്നും ‘പ’ എന്നും ‘മ’ എന്നും ‘സ’ എന്നും
‘ബ’ എന്നും പേരുള്ളവർ
എന്തെന്നറിയാത്ത സന്തോഷത്തിൽ
ഉള്ളം നിറഞ്ഞു ചിരിച്ചു.
ചിരികൾ നിറഞ്ഞു നിറഞ്ഞുണ്ടായ ലോകത്തിലേക്ക്
കുഞ്ഞുങ്ങൾ വരക്കാറുള്ള ചിത്രങ്ങളിൽനിന്ന്
കുഞ്ഞുമലകളും ഒരു പാവം സൂര്യനും
തെങ്ങുകളും നീലവെള്ളമൊഴുകുന്ന പുഴകളും
അരയന്നങ്ങളും തീരങ്ങളിലെ പച്ചപ്പുല്ലും
മേഞ്ഞു നടക്കുന്ന കുടമണി കെട്ടിയ ആട്ടിൻകുട്ടികളും
തുള്ളിക്കളിച്ചു വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.