നിലാവുള്ളപ്പോൾ ഈറ്റയിൽ നിറയെ മധുരമുള്ള നീരുണ്ട് നീരുള്ള നേരത്ത് ഈറ്റവെട്ടിയാലത് ഈച്ച കുത്തിപ്പോകും വാവിന് വേണം വാറ് വെട്ടാൻ ചോട് നോക്കി വെട്ടിയെടുത്താൽ മുട്ട് നോക്കി മുറിച്ചെടുക്കാം മുട്ട് വാറ് നേർപകുതിയാക്കിയാൽ പൊളിയുടെ വീതിയിൽ കീറിയെടുക്കാം പിന്നെ ചിലുക്കാം, പൊളി ചെത്തി കരിമ്പൊളി അരിക് കോതിയെടുക്കാം അത് വെയിലത്തിട്ടുണക്കാം എന്നിട്ട് പൊളിവച്ച് മുറം പാത്തിത്തുടങ്ങാം ആദ്യം വെള്ളപ്പൊളി പാകാം നടുവശം കരിമ്പൊളി പിന്നേം വെള്ളപ്പൊളി മൂന്ന്...
നിലാവുള്ളപ്പോൾ
ഈറ്റയിൽ നിറയെ
മധുരമുള്ള നീരുണ്ട്
നീരുള്ള നേരത്ത് ഈറ്റവെട്ടിയാലത്
ഈച്ച കുത്തിപ്പോകും
വാവിന് വേണം വാറ് വെട്ടാൻ
ചോട് നോക്കി വെട്ടിയെടുത്താൽ
മുട്ട് നോക്കി മുറിച്ചെടുക്കാം
മുട്ട് വാറ് നേർപകുതിയാക്കിയാൽ
പൊളിയുടെ വീതിയിൽ കീറിയെടുക്കാം
പിന്നെ ചിലുക്കാം, പൊളി ചെത്തി
കരിമ്പൊളി അരിക് കോതിയെടുക്കാം
അത് വെയിലത്തിട്ടുണക്കാം
എന്നിട്ട് പൊളിവച്ച് മുറം പാത്തിത്തുടങ്ങാം
ആദ്യം വെള്ളപ്പൊളി പാകാം
നടുവശം കരിമ്പൊളി
പിന്നേം വെള്ളപ്പൊളി
മൂന്ന് വിരക്കിട നീളത്തിലും
രണ്ടര വിരക്കിട വീതിയിലും നെയ്തുനെയ്തെടുക്കാം
തിരിപ്പൊളി ചീകിയത് മൂന്നെണ്ണം വീതിയിൽ
നാല് വശത്തെയും പൊളിയിലൂടെ മൂലതിരിക്കാം
അതിലൂടെവേണം തേര് കെട്ടാൻ.
മുറത്തിന്റെ കോണോട് കോൺ നീളത്തിൽ
മൂന്ന് തവണയളന്ന് മുറിച്ചാൽ
നാല് ചുറ്റും പാകത്തിന് തേര് കിട്ടും
ഓരോ മൂലയെത്തുമ്പോഴും
തേരിന്റെ അകഭാഗം ഇച്ചിരി ചീകിവിടണം
എങ്കിലേ ഒടിയാതെ വളച്ചെടുക്കാനാകൂ
നാരായം വെച്ച് കുത്തിയ കിഴുത്തയിലൂടെ
ഈറപ്പൊളിവെച്ച് തേര് കെട്ടാം
ചാണകവും പശമണ്ണും കൂട്ടിക്കുഴച്ച്
അകത്തും പുറത്തുമിനി
മെഴുകി കൊടുക്കാം
ഒന്നുണങ്ങിക്കഴിഞ്ഞാൽ
എന്നാ ബലമാണന്നോ മുറത്തിന്!
എട്ടണ കിട്ടുമ്പോൾ ജീവിതത്തിനും!
ബാക്കി വന്ന ഉഴിചവർകൊണ്ട്
അടുപ്പത്ത് തീ കൂട്ടാം കട്ടനിടാം
തണുപ്പത്ത് തീ കായാം
നിലാവ് മറയുന്നതും നോക്കിയിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.