അംബേദ്കറയ്യങ്കാളിയാദികളെ
രഥചക്രങ്ങളാക്കിയും
* ചേരികളെ ചവിട്ടുപടിയാക്കി
ക്കയറിയ ‘കുലം കുത്തി’കളുടെ
തിരുവാഴ്ത്തു
മൊഴിയിൽ രമിച്ചും
‘ഗുരുദേവ ദേവ’
സ്തുതി ഗീതമുരുവിട്ടും
വിധി വരദാനമെ-
ന്നഹമ്മതിയേറ്റും ചെങ്കോലുമായ്
ഇനിയാരെതിർക്കുവാനെന്ന ഭാവത്തിൽ
രണ്ടാമൂഴത്തിലെത്തുന്ന
ജാതിഭൂതത്തോട്
നാലു സെന്റ് എസ്.റ്റി കോളനീന്ന്
‘നാട് നീങ്ങും’ മുമ്പ് മൂപ്പന്
താഴ്മയോടെ ഇനി
ഈ പ്രാർഥനയേ ഉള്ളൂ:
‘ആര്യ ബ്രാഹ്മണ മായാ സൃഷ്ടി
ഞാൻ’ എന്ന് പൂണൂലിട്ടയാൾ
ഹുങ്ക് വീർപ്പിച്ചു ജൃംഭിച്ചാടുന്ന
അതേ ഉൾപ്പുളകത്തോടെ
ആദി ദ്രാവിഡ ചെറുമൻ ഞാൻ എന്ന്
ഒരിക്കലെങ്കിലുമെനിക്കും
പടംവിരിക്കാതെയെങ്കിലുമൊന്ന്
തലയുയർത്തുവാൻ
ഉൾക്കരുത്തേകുമാറാകണം!
ജന്മനാൽ മുദ്രിതം
ജാതിഭേദ,മാകയാൽ
തലമാറ്റിവെക്കുവാനാവാത്ത പോലെയാം
ജാതിയുമെങ്കിൽ
നമ്പൂതിരി, ഭട്ടതിരി, വാര്യർ, നായരെന്നൊക്കെ
വാലിട്ട് പേരെഴുതുന്ന
അതേ ജാത്യാഭിമാനത്തോടെ
ചെറുമൻ
എന്നെഴുതാനും
ഇന്നുള്ള ചളിപ്പ് നീക്കുമാറാകണം!
**മാറു മറച്ചു കീഴ്ജാതി പെണ്ണെന്ന
കൊടും പാതകത്തിന്
മുലക്കച്ച കീറിപ്പറിച്ചെറിഞ്ഞ്
ശിക്ഷിക്കാനധികാര ദണ്ഡുമായ്
മാർക്കറ്റ് റെയ്ഡ് ചെയ്യുന്ന
ജാതിമാടമ്പി വർഗം
ആണ്ടുപോയ ഫ്യൂഡൽ
ചരിത്രച്ചതുപ്പിൽനിന്ന്
പാഴിരുൾ പായൽ ചേറണിഞ്ഞ്
ഉയിർത്തെണീക്കുന്ന
ഉന്നതകുലജാത
ബാധകേറിയ ജാതി ഭൂതമേ,
പാണനും പണിയനും ദലിതനും
വേദവും വേതനവും
വേണ്ടതില്ലെന്നത്
വിധിഹിതമെന്ന ഭാഷ്യത്തിൽ
തർക്കത്തിനിനിയില്ലയെങ്കിലും
മനയ്ക്കലെക്കെട്ടിലെ
തമ്പ് രാക്കൾടെ
മാലാഖക്കുട്ട്യേൾ
ആംഗല മീഡിയ ടൈ വാല് കെട്ടി
അകിൽ, ചന്ദന ഗന്ധത്തി–
ലാഢ്യ പ്രഭുത്വം വീശും
പരിമളച്ചിറക് വിരിച്ച് പാറുമ്പോൾ
നാലു സെന്റ് കോളനീലെ
ഇറയത്തെപ്പൊടി മണ്ണിൽ
നായ്ച്ചൂര് തേച്ച് കളിക്കുന്ന
കരുമാടിക്കൂട്ടത്തിന്റെ
കരിങ്കണ്ണ് തട്ടാതിരിക്കാനെങ്കിലും
ജാതിമതിലിനും മീതെ
സ്ഥിതി സമത്വത്തിന്റെ
പരസ്യമതിൽ മറ്റൊന്ന്
പണിതു വെച്ചേക്കണം!
അമ്പിളിമാമനിലെ
ശിവശക്തി പോയിന്റിൽനിന്ന്
ആ മതിൽക്കെട്ടിലേ-
ക്കലങ്കാരമായ്
അനുഗ്രഹ ദീപ്തി
ഡിജിറ്റലായ് ചൊരിയുവാൻ മാർഗമുണ്ടാക്കണം.
ആ പരസ്യത്തിന്റെ
ദിവ്യ ധർമപ്പൊലിമയിലാവിധം
ആരെതിർത്താലുമീ നാടിന്റെ
വെന്നിക്കൊടി പറപ്പിക്കണം.
==========
* ദലിത് പാന്തർമാർ ചേരികളിൽ, അടിച്ചമർത്തപ്പെട്ടവർക്ക് ശക്തി പകരുമായിരുന്നു. എന്നാൽ ഒടുവിൽ ചില ദലിത് പാന്തർമാർ ചേരി പ്രഭുക്കളായി മാറി. (ജെ.വി. പവാറിന്റെ ‘ദലിത് പാന്തറുകൾ’ എന്ന കൃതി)
** 1858 ഡിസംബറിൽ തിരുവിതാംകൂർ ഗവൺമെന്റ് ഉദ്യോഗസ്ഥനായ ഒരു സവർണ അധികാരി പാറശ്ശാലക്കടുത്തുള്ള കളിയിക്കവിള മാർക്കറ്റിൽ വന്ന്, താൻ മേൽവസ്ത്രം ധരിക്കുന്ന നാടാർ സ്ത്രീകളെ ശിക്ഷിക്കാനുള്ള അധികാര പത്രവുമായിട്ടാണ് എത്തിയിരിക്കുന്നത് എന്നു പറഞ്ഞ് മാർക്കറ്റിലുണ്ടായിരുന്ന നാടാർ സ്ത്രീകളുടെ മേൽവസ്ത്രം ബലമായി വലിച്ചൂരിക്കളഞ്ഞു. അതോടെ അദ്ദേഹത്തിന്റെ സഹായികളായി കൂടെയുണ്ടായിരുന്ന സവർണർ ഉത്സാഹത്തോടെ നാടാർ സ്ത്രീകളുടെ കുപ്പായവും മുലക്കച്ചയും കീറിപ്പറിച്ചു. മാറു മറയ്ക്കാനുള്ള ധിക്കാരം കാണിച്ചതിന് പല സ്ത്രീകളെയും അടിച്ച് പരിക്കേൽപിച്ചു. (അഡ്വ. ഇ. രാജൻ എഴുതിയ ‘കേരളത്തിലെ മാറു മറയ്ക്കൽ കലാപം’ എന്ന കൃതി - പുറം: 145)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.