അമ്മൂമ്മയുടെ ചെല്ലപ്പാത്രം തുറക്കുമ്പോൾ
കറുത്ത ഭൂതം പുറത്തിറങ്ങി നിൽക്കും
കൂടെയിരുന്ന് നൂറും കൂട്ടി മുറുക്കും
ചെല്ലപ്പാത്രം തുറക്കാൻ വൈകിയതിന്
കണ്ണിറുക്കിക്കാട്ടും
ഇടക്കൊക്കെ
അമ്മൂമ്മ ഊരുചുറ്റാൻ വിടുന്ന ഭൂതം
കുന്നിറങ്ങി കാടുകയറി
കടലോളം ചെന്ന് തിരിച്ചുപോരും.
ചുറ്റും കൂടിയ ഞങ്ങളപ്പോൾ
അലാവുദ്ദീനെക്കുറിച്ചും
അത്ഭുതവിളക്കിനെക്കുറിച്ചും
മുക്കുവനെക്കുറിച്ചും
ചോദിച്ചുകൊണ്ടിരിക്കും
ഭൂതമപ്പോൾ
കഥകളുടെ കെട്ടഴിച്ചുനിരത്തും
ഓരോ കഥക്കൊടുവിലും
ഭൂതം സങ്കടപ്പെടും,
ഉണ്ണിയെക്കുറിച്ചോർത്തു തേങ്ങും.
അമ്മൂമ്മയപ്പോൾ നങ്ങേലിയെക്കുറിച്ചു കലഹിക്കും,
ഒടുവിൽ
ച്ചെല്ലപ്പാത്രത്തിലേക്ക്
തിരികെ കയറാൻ പറയും
മടിച്ചുനിൽക്കുന്ന ഭൂതത്തെ
കുടത്തിലടച്ചു കടലിലെറിയുമെന്ന് വിരട്ടും.
ഞങ്ങളെ പിരിയുമ്പോൾ
കണ്ണു നിറച്ച,
തലതാഴ്ത്തി ചെല്ലപാത്രത്തിൽ കയറി
ഒരു മൂലക്കിരിക്കും
കരുണയില്ലാതെ
അമ്മൂമ്മ ചെല്ലപ്പാത്രം മുറുക്കിയടച്ച്
ഉത്തരത്തിൽ കയറ്റിവെക്കും.
ക്രമത്തിൽ വരഞ്ഞ
ഹൃദയവൃക്ഷത്തിൽനിന്ന്
ഒലിച്ചിറങ്ങുന്നുണ്ടോർമകൾ
ഒരു കുഞ്ഞു ചിരട്ടയിലേക്ക്.
ഒട്ടുപാൽ മണക്കുന്നയമ്മ
എത്ര എണ്ണതേച്ചിട്ടും
ഹൃദയത്തോട് പറ്റിച്ചേർന്ന് കിടക്കുന്നുണ്ടങ്ങനെ.
വെയിലുകൊണ്ടുണങ്ങിയുണങ്ങി
ലക്ഷണമൊത്തൊരു
റബർ ഷീറ്റായിട്ടുണ്ട്
അച്ഛനിപ്പോൾ.
അമ്മയുടെ അടുക്കളയിൽ വെന്ത
ഓർമയുടെ നാക്കിലയിൽ വിളമ്പിയ
അന്നത്തിനും, അപ്പത്തിനും
ഇപ്പോഴും
പച്ചറബർ പാലിന്റെ
രുചിയും മണവുമാണ്.
ഓർമകളിൽനിന്ന്
എത്ര കടഞ്ഞിട്ടും
ചന്ദനഗന്ധം കിട്ടാത്തതെ ചൊല്ലി
കൂട്ടുകാരിയോട് കലഹിച്ച ഞാൻ
റബർപാലിന്റെ രൂക്ഷബന്ധമുള്ള ബാല്യത്തിലേക്ക്
തിരിച്ചോടുന്നുണ്ടിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.